Published: May 24 , 2025 07:59 PM IST Updated: May 24, 2025 08:21 PM IST
1 minute Read
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് യുവതാരം സർഫറാസ് ഖാനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ചീഫ് സിലക്ടർ അജിത് അഗാർക്കർ രംഗത്ത്. ചില സമയത്ത് ഇത്തരം തീരുമാനങ്ങളും കൈക്കൊള്ളേണ്ടി വരുമെന്ന് അഗാർക്കർ ചൂണ്ടിക്കാട്ടി. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സർഫറാസ് ഖാൻ സെഞ്ചറി നേടിയ കാര്യം മറന്നിട്ടില്ലെന്നും, പൊതുവെ പരിചയസമ്പത്ത് കുറഞ്ഞ ഇന്ത്യൻ നിരയിൽ കരുൺ നായരുടെ സാന്നിധ്യമാണ് കൂടുതൽ പ്രധാനപ്പെട്ടതെന്നും അഗാർക്കർ ചൂണ്ടിക്കാട്ടി.
ഇതുവരെ കളിച്ച ആറു ടെസ്റ്റുകളിൽനിന്ന് 37.10 ശരാശരിയുള്ള താരമായ സർഫറാസ് ടീമിൽ ഇടംപിടിക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. സർഫറാസിനെ പരിഗണിക്കാതിരുന്ന സിലക്ടർമാർ, ദീർഘകാലമായി ടീമിലില്ലാത്ത മലയാളി താരം കരുൺ നായരെ ടീമിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു.
‘‘ചില ഘട്ടങ്ങളിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതായി വരും. ന്യൂസീലൻഡിനെതിരെ ഇന്ത്യയിൽ നടന്ന മൂന്നു ടെസ്റ്റുകളിൽ സർഫറാസ് കളിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ അദ്ദേഹം സെഞ്ചറി നേടിയതും ഞാൻ മറന്നിട്ടില്ല. പക്ഷേ, പിന്നീട് കാര്യമായി റൺസ് കണ്ടെത്താനായില്ല. ഓസ്ട്രേലിയയിലും കളിക്കാൻ അവസരം ലഭിച്ചില്ല. എങ്കിലും ടീം മാനേജ്മെന്റ് ചിലപ്പോൾ ഇത്തരം തീരുമാനങ്ങളും എടുക്കും. ചിലപ്പോൾ ചിലർക്ക് അത് ശരിയായില്ലെന്നു തോന്നാം, ചിലർക്ക് ശരിയായി തോന്നാം. നമ്മുടെ തീരുമാനങ്ങളെല്ലാം ടീമിന്റെ നല്ലതിനായി മാത്രമാണ്’ – അഗാർക്കർ വിശദീകരിച്ചു.
‘‘ഇപ്പോഴത്തെ സാഹചര്യത്തിൽ, കരുൺ നായർ ഏതാനും സീസണുകളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാതിരിക്കാനാകില്ല. കരിയറിന്റെ തുടക്കത്തിൽ ഏതാനും ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കരുൺ ഇതുവരെ കളിച്ചിട്ടുള്ളത്. പിന്നെ കൗണ്ടിയിലും കളിച്ചിരുന്നു. അദ്ദേഹം മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നു എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ’ – അഗാർക്കർ പറഞ്ഞു.
‘‘യശസ്വി ജയ്‌സ്വാളിന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനമാണ് ഇത്. ഗിൽ അവിടെ ഒറ്റ ടെസ്റ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതിനു മുൻപ് അവിടെ ഒരു പരമ്പര പൂർണമായി കളിച്ചിട്ടുള്ളത് കെ.എൽ. രാഹുലും ഋഷഭ് പന്തും മാത്രമാണ്. അതുകൊണ്ട് കരുൺ നായരുടെ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്ന് തോന്നി. ഇത്തരം തീരുമാനങ്ങൾ മറ്റു ചിലരെ സംബന്ധിച്ച് മോശമായി വരാം. പക്ഷേ, തീരുമാനമെടുത്തല്ലേ പറ്റൂ’ – അഗാർക്കർ പറഞ്ഞു.
English Summary:








English (US) ·