സൽമാൻ ക്ഷണിച്ചിട്ടാണ് വന്നത്, താരത്തെ നേരത്തേ പരിചയമുണ്ടെന്ന് പിടിയിലായ യുവതി: റിപ്പോർട്ട്

8 months ago 8

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് യുവതി അതിക്രമിച്ച് കടക്കാൻ ശ്രമിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഡലെന്ന് അവകാശപ്പെടുന്ന ഇഷാ ഛബ്രിയയാണ് ഇതെന്നാണ് പുതിയ വിവരം. തനിക്ക് സൽമാൻ ഖാനെ അറിയാമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു എന്നും അവർ അവകാശപ്പെട്ടതായി പോലീസുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തിവരികയുമാണ്.

കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് ഇഷാ ഛബ്രിയ സൽമാൻ ഖാന്റെ ​ഗാലക്സി അപ്പാർട്ട്മെന്റിൽ പ്രവേശിച്ചത്. സൽമാൻ ഖാൻ ക്ഷണിച്ചതനുസരിച്ചാണ് താൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. സൽമാന്റെ ഫ്ലാറ്റിന്റെ വാതിലിൽ മുട്ടിയപ്പോൾ താരത്തിന്റെ കുടുംബാം​ഗങ്ങളിൽ ഒരാളാണ് വാതിൽ തുറന്നതെന്നും അവർ മൊഴിനൽകി. സൽമാൻ ഖാൻ തന്നെ ക്ഷണിച്ചുവെന്ന് അവർ ആവർത്തിച്ചെന്നും റിപ്പോർട്ട് പറയുന്നു.

താൻ ഖർ എന്ന സ്ഥലത്താണ് താമസിക്കുന്നതെന്നും ആറുമാസം മുൻപ് ഒരു പാർട്ടിയിൽ വെച്ച് സൽമാൻ ഖാനെ കണ്ടിട്ടുണ്ടെന്നും ഇഷ ഛബ്രിയ വെളിപ്പെടുത്തിയെന്നും വിവരമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സൽമാൻ ഖാന്റെ കുടുംബം നിഷേധിച്ചുവെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച ഛത്തീസ്ഗഢ് സ്വദേശി ജിതേന്ദ്ര കുമാർ ഹർദയാൽ സിംഗ് എന്നയാൾ സൽമാന്റെ വസതിയിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സൽമാനും മാതാപിതാക്കളും താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് ചുറ്റും അപരിചിതനായ ഒരു വ്യക്തിയെ സംശയാസ്പദമായ രീതിയിൽ കണ്ടത് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. അകത്തേക്ക് കടക്കണമെന്ന് ഇയാൾ ആവശ്യവും ഉന്നയിച്ചു. എന്നാൽ, ഇത് അനുവദിക്കാൻ സുരക്ഷാ ജീവനക്കാർ തയ്യാറാകാതെ വന്നതിന്റെ ദേഷ്യത്തിൽ സ്വന്തം മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിച്ചതിന് ശേഷമാണ് ഇയാൾ സ്ഥലത്ത് നിന്ന് പോയത്.

ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച യുവതിയും അതിക്രമിച്ച് കയറാൻ ശ്രമിച്ച് പിടിയിലായത്. സൽമാന്റെ അപ്പാർട്ട്മെന്റിന് പുറത്തെത്തിയ ഇവർ സൽമാനെ കാണാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. ഇതേത്തുടർന്നാണ് സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി പോലീസിന് കൈമാറിയത്.

Content Highlights: Model Claims Salman Khan Invitation Following Galaxy Apartments Trespass: Police Report

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article