സൽമാൻ നിസാറിന്റെ പോരാട്ടം വിഫലം; പത്തൊൻപതുകാരൻ അഹമ്മദ് ഇമ്രാന്റെ സെഞ്ചറിക്കരുത്തിൽ രണ്ടാം ജയം കുറിച്ച് തൃശൂർ ടൈറ്റൻസ്

5 months ago 5

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ ആദ്യ  സെഞ്ചറി കുറിച്ച് പത്തൊൻപതുകാരൻ അഹമ്മദ് ഇമ്രാൻ പടനയിച്ച മത്സരത്തിൽ, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന്റെ പോരാട്ടവീര്യത്തെ 9 റൺസിന് മറികടന്ന് തൃശൂർ ടൈറ്റൻസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ തൃശൂർ ടൈറ്റൻസ് ഉയർത്തിയ 210 റൺസിന്റെ താരതമ്യേന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസിന്, നിശ്ചിത 20 ഓവറിൽ നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് മാത്രം. സീസണിൽ തൃശൂർ ടൈറ്റൻസിന്റെ തുടർ‌ച്ചയായ രണ്ടാം വിജയമാണിത്; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന്റെ രണ്ടാം തോൽവിയും.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ സൽമാൻ നിസാർ അർധസെഞ്ചറിയുമായി തിളങ്ങിയതോടെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് തിരിച്ചടിച്ചെങ്കിലും, അവരുടെ പോരാട്ടം 9 റൺസ് അകലെ അവസാനിച്ചു. സൽമാൻ നിസാർ 44 പന്തിൽ ആറു സിക്സും അഞ്ച് ഫോറും സഹിതം 77 റൺസെടുത്ത് പുറത്തായി.

കാലിക്കറ്റിനായി എം.അജിനാസും അർധസെഞ്ചറി നേടി. 40 പന്തുകൾ നേരിട്ട അജിനാസ്, നാലു വീതം സിക്സും ഫോറും സഹിതം 58 റൺസെടുത്ത് പുറത്തായി. ഒരു ഘട്ടത്തിൽ മൂന്നിന് 41 റൺസ് എന്ന നിലയിൽ തകർന്ന കാലിക്കറ്റിനെ, നാലാം വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ടുമായി അജിനാസ് – സൽമാൻ സഖ്യമാണ് രക്ഷിച്ചത്. 55 പന്തിലാണ് ഇരുവരും ചേർന്ന് 98 റൺസ് അടിച്ചുകൂട്ടിയത്. കാലിക്കറ്റ് നിരയിൽ ഇവർക്കു പുറമേ രണ്ടക്കത്തിലെത്തിയത് എട്ടു പന്തിൽ മൂന്നു ഫോറുകൾ സഹിതം 14 റൺസെടുത്ത ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ മാത്രം.

തൃശൂർ ടൈറ്റൻസിനായി എം.ഡി. നിധീഷ് നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സിബിൻ ഗിരീഷ് നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. ആനന്ദ് ജോസഫ് നാല് ഓവറിൽ 41 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. നാലു പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസെടുത്ത മനു കൃഷ്ണൻ റണ്ണൗട്ടായി.

∙ പത്തൊൻപതുകാരന്റെ സെഞ്ചറി

നേരത്തെ, പത്തൊൻപതുകാരൻ അഹമ്മദ് ഇമ്രാൻ നേടിയ സെഞ്ചറിക്കരുത്തിലാണ് തൃശൂർ ടൈറ്റൻസ് മികച്ച സ്കോർ കുറിച്ചത്. 54 പന്തിൽ 11 ഫോറും അഞ്ച് സിക്സും സഹിതം അഹമ്മദ് ഇമ്രാൻ സെഞ്ചറിയിലെത്തി. സെഞ്ചറി തികച്ചതിനു പിന്നാലെ ഇമ്രാൻ പുറത്തായി. കാര്യവട്ടം സ്റ്റേഡിയത്തിൽ താരത്തിന്റെ സെഞ്ചറി കരുത്താക്കി കുതിച്ച തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനു മുന്നിൽ ഉയർത്തിയത് 210 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് തൃശൂർ ടൈറ്റൻസ് 209 റൺസെടുത്തത്.

അഹമ്മദ് ഇമ്രാന്റെ സെഞ്ചറിക്കു പുറമേ 26 പന്തിൽ ആറു ഫോറുകൾ സഹിതം 35 റൺസെടുത്ത ഷോൺ റോജർ, 15 പന്തിൽ നാലു ഫോറുകൾ സഹിതം 22 റൺസെടുത്ത അക്ഷയ് മനോഹർ എന്നിവരുടെ ഇന്നിങ്സുകൾ കൂടി ചേർന്നതോടെയാണ് തൃശൂർ ടൈറ്റൻസ് സീസണിലെ ആദ്യ 200+ സ്കോർ കുറിച്ചത്. ഓപ്പണർ ആനന്ദ് കൃഷ്ണൻ 14 പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്തും വിനോദ് കുമാർ രണ്ടു പന്തിൽ രണ്ട് റൺസെടുത്തും പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച് 12 പന്തിൽ രണ്ടു ഫോറും രണ്ടു സിക്സും സഹിതം 24 റൺസുമായി പുറത്താകാതെ നിന്ന അർജുനാണ് തൃശൂരിനെ 200 കടത്തിയത്. സിബിൻ ഗിരീഷ് രണ്ടു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

അഹമ്മദ് ഇമ്രാൻ ഉൾപ്പെട്ട രണ്ട് അർധസെഞ്ചറി കൂട്ടുകെട്ടുകളാണ് മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് കരുത്തായത്. രണ്ടാം വിക്കറ്റിൽ ഷോൺ റോജറിനൊപ്പം അഹമ്മദ് ഇമ്രാൻ കൂട്ടിച്ചേർത്തത് 42 പന്തിൽ 75 റൺസാണ്. മൂന്നാം വിക്കറ്റിൽ അക്ഷയ് മനോഹറിനൊപ്പം 61 റൺസും കൂട്ടിച്ചേർത്താണ് ഇമ്രാൻ ത‍‍ൃശൂരിനെ ശക്തമായ നിലയിലെത്തിച്ചത്. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനായി അഖിൽ സ്കറിയ നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മോനു കൃഷ്ണ നാല് ഓവറിൽ 34 റൺസ് വഴങ്ങിയും അഖിൽ ദേവ് നാല് ഓവറിൽ 47 റൺസ് വഴങ്ങിയും ഓരോ ഒരു വിക്കറ്റ് സ്വന്തമാക്കി.

English Summary:

Thrissur Titans vs Calicut Globstars, KCL 2025, 6th Match - Live Updates

Read Entire Article