10 September 2025, 02:32 PM IST

ക്രിസ്റ്റ്യാനോ റൊണാൾഡോ
ബുഡാപെസ്റ്റ്: ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍, ഹംഗറിക്കെതിരെ പോര്‍ച്ചുഗലിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു പോര്‍ച്ചുഗല്‍. ആതിഥേയര്‍ സമനില പിടിച്ചതിന് രണ്ട് മിനിറ്റിന് ശേഷം ജോവോ കാന്‍സെലോ നേടിയ അവസാന നിമിഷത്തിലെ വിജയഗോളിലാണ് പോര്‍ച്ചുഗല്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. പെനാല്‍റ്റി ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഗോള്‍ വേട്ട തുടര്‍ന്നു.
ഈ പെനാല്‍റ്റി ഗോളോടെ 40-കാരനായ സൂപ്പര്‍ താരം ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടിയ താരമെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തി. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍നിന്നുള്ള അദ്ദേഹത്തിന്റെ 39-ാം ഗോളായിരുന്നു ഇത്. ഇതോടെ ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിനൊപ്പം യോഗ്യതാ റൗണ്ടിലെ ടോപ് സ്‌കോററായി റൊണാള്‍ഡോ മാറി. തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 223 കളികളില്‍നിന്ന് 141 ആയും റൊണാള്‍ഡോ ഉയര്‍ത്തി.
കളിച്ച രണ്ട് എവേ മത്സരങ്ങളിലും വിജയിച്ചതോടെ ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍ തങ്ങളുടെ ഒന്നാംസ്ഥാനം ഭദ്രമാക്കി. റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളിലൂടെ പിന്നില്‍നിന്ന് മുന്നിലെത്തിയ സന്ദര്‍ശകര്‍, അവസാന നിമിഷം ഗോള്‍ വഴങ്ങിയതോടെ മൂന്ന് പോയിന്റുകള്‍ കൈവിടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, കാന്‍സെലോയുടെ ഗോള്‍ വിയജത്തിലേക്ക് നയിച്ചു. ശനിയാഴ്ച അര്‍മേനിയക്കെതിരെ നേടിയ 5-0ന്റെ വിജയ തുടര്‍ച്ചയാണിത്.
Content Highlights: Portugal Secures Narrow Victory Against Hungary successful World Cup Qualifier








English (US) ·