ഹംപി ഗ്രാൻഡ് മാസ്റ്ററാകുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത ദിവ്യ; ഇന്ന് അതേ ഹംപിയെ കീഴടക്കി കിരീടം

5 months ago 7

2002-ല്‍ തന്റെ 15-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി ചരിത്രമെഴുതിയ ചെസ് താരമാണ് ഇന്ത്യയുടെ കൊനേരു ഹംപി. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയും കൂടിയായിരുന്നു ഹംപി. 2002-ല്‍ ഹംപി ചരിത്രമെഴുതി പിന്നെയും മൂന്ന് വര്‍ഷം കൂടി കഴിഞ്ഞാണ് ദിവ്യ ദേശ്മുഖ് എന്ന ഇന്ത്യയുടെ പുതിയ ചെസ് താരത്തിന്റെ ജനനം. ഇപ്പോഴിതാ തന്റെ 19-ാം വയസില്‍ അതേ ഹംപിയെ കീഴടക്കി ഫിഡെ ലോക വനിതാ ചെസ് ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ദിവ്യ.

ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്കായി വേണ്ട ഒരു മാനദണ്ഡം പോലും ഹംപിക്കെതിരായ ഫൈനലിനു മുമ്പ് സ്വന്തമായി ഇല്ലാതിരുന്ന താരമാണ് ദിവ്യ. എന്നാല്‍ കിരീട നേട്ടത്തോടെ ഹംപി, ദ്രോണവല്ലി ഹരിക, ആര്‍. വൈശാലി എന്നിവര്‍ക്കു ശേഷം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയാണ് ദിവ്യ ജോര്‍ജിയയിലെ ബാത്തുമിയില്‍ നിന്ന് മടങ്ങുന്നത്.

ഹംപിയെ കീഴടക്കിയതിനു പിന്നാലെ തന്റെ ഓരോ നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന അമ്മ നമ്രത ദേശ്മുഖിനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ദിവ്യ. രണ്ടാം റാപ്പിഡ് ഗെയിമില്‍ വിജയം നേടി ഹംപിക്ക് കൈ കൊടുത്ത ശേഷം ദിവ്യ നേരേ ഓടിയത് അമ്മയ്ക്ക് അരികിലേക്കായിരുന്നു. കണ്ണീരടക്കാന്‍ ആ 19-കാരി പാടുപെടുന്നത് കാണാമായിരുന്നു. ഫിഡെയുടെ മൂന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുകയോ 2500 എലോ റേറ്റിങ് നേടുകയോ ചെയ്യാതെയാണ് ദിവ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ഒറ്റയടിക്ക് സ്വന്തമാക്കിയിരിക്കുന്നത്.

2005 ഡിസംബര്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു മറാത്തി കുടുംബത്തിലാണ് ദിവ്യയുടെ ജനനം. അച്ഛന്‍ ജിതേന്ദ്ര ദേശ്മുഖും അമ്മ നമ്രത ദേശ്മുഖും ഡോക്ടര്‍മാരാണ്. അച്ഛന്‍ ജിതേന്ദ്ര ദേശ്മുഖിന് ചെസ് ഒരു ഹോബിയായിരുന്നു. അങ്ങനെയാണ് ചെറുപ്പത്തില്‍ തന്നെ ദിവ്യയും ചെസിലേക്ക് തിരിയുന്നത്.

ചെസ് ഒളിമ്പ്യാഡില്‍ മൂന്ന് തവണ സ്വര്‍ണ മെഡല്‍ ജേതാവായ ദിവ്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പ്, വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ഇവന്റുകളിലും സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2022-ല്‍ ഇന്ത്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ അവര്‍ അതേ വര്‍ഷം തന്നെ ചെസ് ഒളിമ്പ്യാഡില്‍ വെങ്കല മെഡല്‍ നേടി. 2020-ല്‍ ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡ് നേടിയ ഇന്ത്യന്‍ സംഘത്തിലും ദിവ്യ അംഗമായിരുന്നു.

2025 ജൂലായിലെ കണക്കനുസരിച്ച്, ദിവ്യയുടെ ഫിഡെ റേറ്റിങ് 2463 ആണ്. 2024 ഒക്ടോബറില്‍ 2501 എന്ന മികച്ച റേറ്റിങ്ങിലേക്കും ദിവ്യ എത്തിയിരുന്നു. 2023, 2024 വര്‍ഷങ്ങളില്‍ അല്‍മാറ്റിയില്‍ നടന്ന ഏഷ്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ്, ടാറ്റ സ്റ്റീല്‍ ഇന്ത്യ റാപ്പിഡ്, ഷാര്‍ജ ചലഞ്ചേഴ്സ്, ഫിഡെ അണ്ടര്‍ 20 വനിതാ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും ദിവ്യ വിജയിയായിരുന്നു. ലണ്ടനില്‍ നടന്ന 2025-ലെ ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടീം ചാമ്പ്യന്‍ഷിപ്പില്‍, ബ്ലിറ്റ്‌സ് ത്രില്ലറില്‍ ലോക ഒന്നാം നമ്പര്‍ താരം ഹൗ യിഫാനെ പരാജയപ്പെടുത്തി ദിവ്യ ചെസ് ലോകത്തെ ഞെട്ടിച്ചിരുന്നു.

Content Highlights: 19-year-old Divya Deshmukh becomes India`s 4th Woman Grandmaster aft winning the FIDE World Cup

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article