Published: July 21 , 2025 12:03 PM IST
1 minute Read
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ‘മഹാ’പരിശീലകനായിരുന്ന സർ അലക്സ് ഫെർഗൂസൻ ടീമിനെ കൈപ്പിടിയിലൊതുക്കി നിർത്തിയ ശൈലിക്ക് അയൺ ഗ്രിപ്പ് എന്നായിരുന്നു വിളിപ്പേര്. അച്ചടക്കമുള്ള പ്ലറ്റൂൺ ആയി ടീമിനെയൊരുക്കി മൈതാനത്തേക്കു യുദ്ധത്തിന് അയച്ചു വിജയം നേടി മടങ്ങാൻ പഠിപ്പിച്ച ഫെർഗൂസൻ ശൈലി ‘ഓൾഡ് സ്കൂൾ’ ആയെന്നു സമ്മതിക്കാത്ത പരിശീലകരുടെ നിരയിലാണ് അന്റോണിയോ ഹബാസിന്റെ സ്ഥാനം.
2 കിരീടവും ഒരു ലീഗ് ഷീൽഡും സ്വന്തമാക്കി ഐഎസ്എലിലെ ഏറ്റവും സക്സസ്‌ഫുൾ ഹെഡ് കോച്ച് ആയി പേരെടുത്ത ഹബാസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി എത്തുമോ? ഫെർഗൂസനെപ്പോലെ പ്രായമേശാത്ത ‘ബ്രിഗേഡിയറായി’ അറുപത്തിയെട്ടുകാരൻ ഹബാസ് വന്നാൽ അതു ചരിത്രമായേക്കാം.
മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ അടക്കം പരിഗണനയിലുണ്ടെങ്കിലും ഹബാസിന്റെ യോഗ്യത വർധിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പരിശീലന ശൈലിയും ട്രാക്ക് റെക്കോർഡുമാണ്. 2014ൽ ഐഎസ്എലിന്റെ അരങ്ങേറ്റ സീസണിൽ എടികെയുടെ മുഖ്യപരിശീലകനായാണ് സ്പെയിൻകാരനായ ഹബാസ് ആദ്യം ഇന്ത്യയിലേക്കു വന്നത്.
ഫുട്ബോളിന്റെ സൗന്ദര്യവും മാസ്മരികതയുമല്ല, റിസൽറ്റ് ആണു മുഖ്യമെന്നു ഹബാസ് ടീമിനെ പഠിപ്പിച്ചു. പ്രതിരോധ നിരയെ കഠിനഹൃദയരാക്കി, മധ്യനിരയെ തന്ത്രശാലികളാക്കി, മുന്നേറ്റനിരയെ അതിവേഗക്കാരാക്കി ജയിക്കാൻ ശീലിപ്പിച്ചു. കിരീടം നേടിയ ഒന്നാം സീസണു പിന്നാലെ രണ്ടാം സീസണിലും എടികെയെ സെമിയിലെത്തിക്കാൻ ഹബാസിനു കഴിഞ്ഞു. ഇടയ്ക്കു പുണെ സിറ്റിയിലേക്കു മാറിയെങ്കിലും കൊൽക്കത്തയിലേക്കു തിരിച്ചെത്തിയ 2019ൽ വീണ്ടും എടികെയെ കിരീടത്തിലെത്തിച്ചു.
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനു ലീഗ് ഷീൽഡ് നേടിക്കൊടുത്തു. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച കോച്ചും ഹബാസ് തന്നെ. കഴിഞ്ഞ വർഷം ഇന്റർകാശി എഫ്സിയുടെ പരിശീലകനായി സ്ഥാനമേറ്റ ശേഷം ടീമിനെ ഐ ലീഗ് ജേതാക്കളാക്കിയതാണ് ഹബാസിന്റെ ഏറ്റവുമൊടുവിലത്തെ വലിയ നേട്ടം. ദേശീയ ടീമിന്റെ പരിശീലകനാകാൻ തന്നെക്കാൾ യോഗ്യനാരെന്നു ഹബാസ് കിരീടങ്ങളിലൂടെ ചോദിക്കുന്നു.
സ്പെയിനിൽ നിന്നാണു വരവെങ്കിലും ടിക്കി ടാക്ക പോലെ പൊസഷൻ ഫുട്ബോളിന്റെ വക്താവല്ല ഹബാസ്. കുറിയ പാസുകളും പന്ത് കൈവശംവയ്ക്കലും സുന്ദര ഫുട്ബോളും ഹബാസിന്റെ രീതിയുമല്ല. കളിക്കാരനായിരുന്ന സമയത്തു സ്പെയിനിലെ രണ്ടാം ഡിവിഷനിൽ അർഹിച്ചതും ആഗ്രഹിച്ചതും സ്വന്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. പരിശീലകനായി മാറിയപ്പോൾ അത്‍ലറ്റിക്കോ മഡ്രിഡിന്റെ അസിസ്റ്റന്റ് കോച്ചുമാരുടെ നിരയിലായിരുന്നു തുടക്കം.
ബൊളീവിയൻ ദേശീയ ടീമിന്റെ മാനേജരായി പതിയെ ഉയർന്നു. 1997ലെ കോപ്പ ഫൈനലിൽ കഫുവും റോബർട്ടോ കാർലോസും ഡൂംഗയും റൊണാൾഡോയും ഉൾപ്പെട്ട ബ്രസീലിനോട് ഏറ്റുമുട്ടിയ ബൊളീവിയൻ ടീമിന്റെ മാനേജറായിരുന്നു ഹബാസ്. അന്നു ജയിക്കാനാകാതെ പോയതാണ് ഹബാസിനെ പിന്നീടു പതിവായി ജയിക്കുന്നവരുടെ മാനേജരാക്കിയത്!
English Summary:








English (US) ·