Published: September 19, 2025 06:13 PM IST
1 minute Read
ന്യൂഡൽഹി∙ ഏഷ്യ കപ്പ് ടൂർണമെന്റിലെ മത്സരങ്ങളേക്കാൾ ചൂടേറിയ ചർച്ചാവിഷയം ഇപ്പോൾ ഹസ്തദാന വിവാദമാണ്. ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ ഉയർന്ന ഹസ്തദാനം വിവാദത്തെ ചൊല്ലിയുള്ള വാദങ്ങളും ചർച്ചകളും ഇപ്പോഴും കെട്ടടങ്ങിയിയിട്ടില്ല. ബഹിഷ്കരണ ഭീഷണിയിൽനിന്ന് പാക്കിസ്ഥാൻ പിന്മാറിയെങ്കിലും വിഷയം ചർച്ചയാക്കി നിർത്താൻ തന്നെയാണ് പിസിബിയുടെയും പല പാക്കിസ്ഥാൻ മുൻ താരങ്ങളുടെയും ശ്രമം. പാക്കിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആമിറിന്റെ പോസ്റ്റാണ് സമൂഹമാധ്യമത്തിലെ പുതിയ ചർച്ച.
ഇന്ത്യൻ താരം വിരാട് കോലിയോടൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചായിരുന്നു ആമിറിന്റെ പോസ്റ്റ്. “ഒരു കാര്യം ഉറപ്പാണ്, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനും നല്ല മനുഷ്യനുമാണ് വിരാട്. ബഹുമാനം”– ആമിർ കുറിച്ചു. ഒറ്റനോട്ടത്തിൽ കോലിക്കുള്ള പ്രശംസയാണെന്നു തോന്നുമെങ്കിലും ഹസ്ദാന വിവാദത്തിൽ ഇന്ത്യൻ ടീമിനുള്ള പരോക്ഷ വിമർശനമായാണ് ഇന്ത്യൻ ആരാധകർ ഇതിനെ കണ്ടത്. അതുകൊണ്ടു തന്നെ പോസ്റ്റ് പെട്ടെന്ന് വൈറലാകുകയും ചെയ്തു. ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ 21നു ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേർക്കുനേർ വരുന്നുണ്ട്. അതുകൊണ്ടു തന്നെ കൊണ്ടും കൊടുക്കലുമായി ഇരുപക്ഷത്തെയും ആരാധകർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരായ മത്സരത്തിനു ഗ്രൗണ്ടിലിറങ്ങാൻ വൈകിയ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ടീമിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുൻപു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം നടത്താതിരുന്ന സംഭവത്തിനു കാരണക്കാരൻ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആണന്ന് ആരോപിച്ചായിരുന്നു യുഎഇയ്ക്കെതിരെ പാക്കിസ്ഥാന്റെ ബഹിഷ്കരണ ഭീഷണി.
ഒരു മണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിൽ ജയിച്ച പാക്കിസ്ഥാൻ സൂപ്പർ 4 റൗണ്ടിലെത്തിയെങ്കിലും, മത്സരദിവസം അരങ്ങേറിയ സംഭവങ്ങൾ ഗൗരവമായ ചട്ടലംഘനങ്ങളാണെന്ന് ഐസിസി വിലയിരുത്തുന്നു. ഇതു ചൂണ്ടിക്കാട്ടി ഐസിസി സിഇഒ: സാൻജോങ് ഗുപ്ത പാക്ക് ക്രിക്കറ്റ് ബോർഡിന് (പിസിബി) ഇ–മെയിൽ അയച്ചു.
English Summary:








English (US) ·