Published: September 17, 2025 10:26 AM IST
1 minute Read
-
ടൂർണമെന്റ് ബഹിഷ്കരിക്കാൻ പാക്ക് നീക്കമെന്ന് അഭ്യൂഹം
-
ഏഷ്യാകപ്പിലെ ഹസ്തദാന വിവാദം: പാക്കിസ്ഥാന്റെ പരാതി തള്ളി ഐസിസി
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റിനെ ടൂർണമെന്റിൽ നിന്നു മാറ്റിനിർത്തണമെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). മത്സരത്തിന്റെ ടോസിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായി പിസിബി ആരോപിച്ചിരുന്നു. ഇത് സ്പോർട്സ്മാൻഷിപ്പിന് എതിരാണെന്നും മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും ആരോപിച്ചാണ് പിസിബി പരാതി നൽകിയത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടിയ ഐസിസി, പിസിബിയുടെ ആവശ്യം തള്ളി.
ഇതോടെ ഇന്നു നടക്കുന്ന പാക്കിസ്ഥാൻ– യുഎഇ മത്സരത്തിലും പൈക്റോഫ്റ്റായിരിക്കും മാച്ച് റഫറി. സിംബാബ്‍വെയിൽ നിന്നുള്ള അറുപത്തിയൊൻപതുകാരൻ പൈക്റോഫ്റ്റ് ഐസിസി എലീറ്റ് പാനലിലുള്ള മാച്ച് റഫറിയാണ്. പിസിബിയുടെ ആവശ്യം ഐസിസി തള്ളിയതിനു പിന്നാലെ ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങൾ പാക്കിസ്ഥാൻ ബഹിഷ്കരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ബഹിഷ്കരിച്ചാൽ നഷ്ടം കോടികൾഏഷ്യാകപ്പ് ബഹിഷ്കരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം തീരുമാനിച്ചാൽ ഭാരിച്ച സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) വാർഷിക വരുമാനത്തിൽ നിന്ന് 15% തുക പിസിബിക്ക് ലഭിക്കുന്നുണ്ട്. 12–16 ദശലക്ഷം ഡോളറോളം (ഏകദേശം 100– 140 കോടി രൂപ) വരുമിത്. ടൂർണമെന്റ് ബഹിഷ്കരിക്കാൻ തീരുമാനിച്ചാൽ ഈ തുക നഷ്ടപ്പെടും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പിസിബിക്ക് ഈ നഷ്ടം താങ്ങാവുന്നതിലും അപ്പുറമാണ്. ഇതോടെ, പാക്ക് ടീമിന് നിലപാട് മയപ്പെടുത്തേണ്ടിവരുമെന്നാണ് വിവരം.
പിസിബിക്കും പിഴച്ചു?ഹസ്തദാന വിവാദത്തിൽ പിസിബിക്ക് തെറ്റുപറ്റിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനം നടത്തേണ്ടതില്ലെന്ന് പിസിബി മുൻപേ തീരുമാനിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിർദേശം പാക്ക് ടീമിനോ ക്യാപ്റ്റൻ സൽമാൻ ആഗയ്ക്കോ നൽകുന്നതിൽ പിസിബി ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടർ ഉസ്മാൻ വാഹ്‌ലാ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ഇതാണ് വിവാദത്തിലേക്ക് നയിച്ചതെന്നും ഇതിനു പിന്നാലെ ഉസ്മാൻ വാഹ്‌ലായെ സസ്പെൻഡ് ചെയ്തെന്നുമാണ് വിവരം.
English Summary:








English (US) ·