Published: August 30, 2025 02:42 AM IST
1 minute Read
രാജ്ഗീർ (ബിഹാർ) ∙ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഹാട്രിക് പ്രകടനത്തോടെ ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് ഹോക്കിയിൽ വിജയത്തുടക്കം. പൂൾ എയിലെ ആദ്യ മത്സരത്തിൽ ചൈനയെ ഇന്ത്യ 4–3ന് തോൽപിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഹാട്രിക് പെനൽറ്റി കോർണറുകളാണ് ആതിഥേയർക്ക് വിജയവഴി ഒരുക്കി നൽകിയത്. 20, 33, 47 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ. ഇതിനു മുൻപു 18–ാം മിനിറ്റിൽ ജുഗ്‌രാജ് സിങ്ങും ഇന്ത്യയ്ക്കായി ഗോൾ നേടി.
12–ാം മിനിറ്റിൽ ഡു ഷിഹാവോയുടെ ഗോളിൽ ചൈനയാണു സ്കോറിങ് തുടങ്ങിയത്. 35–ാം മിനിറ്റിൽ ചെൻ ബെൻഹായും 42–ാം മിനിറ്റിൽ ഗാവോ ജിയ്ഷെങ്ങും ചൈനയ്ക്കായി ഗോളുകൾ നേടി. 1–0ന് പിന്നിൽനിൽക്കെ, ആദ്യ ക്വാർട്ടറിൽ 2 മിനിറ്റിനിടെ 2 ഗോളുകൾ തിരിച്ചടിച്ച് ഇന്ത്യ 2–1 ലീഡ് നേടിയതായിരുന്ന കളിയിലെ വഴിത്തിരിവ്. പിന്നീടൊരിക്കലും ചൈനയ്ക്കു ലീഡ് നേടാൻ സാധിക്കാത്ത വിധം ഇന്ത്യ തിരിച്ചടി ശക്തമാക്കി.
എന്നാൽ, ലോക റാങ്കിങ്ങിൽ 7–ാം സ്ഥാനക്കാരായ ഇന്ത്യ 23–ാം സ്ഥാനക്കാരായ ചൈനയ്ക്കെതിരെ ഇതിലും മികച്ച പ്രകടനമാണു നടത്തേണ്ടിയിരുന്നതെന്ന് കോച്ച് ക്രെയ്ഗ് ഫുൾട്ടൻ മത്സരശേഷം പറഞ്ഞു. ‘മത്സരം ജയിച്ചുവെന്ന കാര്യം പ്രധാനപ്പെട്ടതു തന്നെ. എന്നാൽ, പ്രതീക്ഷയ്ക്കൊത്തു കളിക്കാൻ ഇന്ത്യൻ ടീമിനു സാധിച്ചില്ല. വരും മത്സരങ്ങളിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു’ – ക്രെയ്ഗ് ഫുൾട്ടൻ പറഞ്ഞു. ഇന്ത്യയുടെ അടുത്ത മത്സരം നാളെ വൈകിട്ടു 3ന് ജപ്പാനെതിരെയാണ്.
English Summary:








English (US) ·