വഡോദര ∙ ഉജ്വല ഫോമിന്റെ തുടർച്ചയായി വിരാട് കോലിയുടെ (93) തകർപ്പൻ ഇന്നിങ്സ്, ടീമിലേക്കും ഫോമിലേക്കുമുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് ശുഭ്മൻ ഗില്ലും (56) ശ്രേയസ് അയ്യരും (49). വഡോദര സ്റ്റേഡിയത്തിൽ പുതുവർഷത്തിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചു കയറിയപ്പോൾ ആരാധകർക്കും പെരുത്ത് സന്തോഷം. ഒന്നാം ഏകദിനത്തിൽ 4 വിക്കറ്റ് ജയവുമായി ഇന്ത്യ 3 മത്സര പരമ്പരയിൽ 1–0ന് മുന്നിലെത്തി. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം 6 പന്തും 4 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 8ന് 300. ഇന്ത്യ 49 ഓവറിൽ 6ന് 306.
91 പന്തിൽ 93 റൺസുമായി ഇന്ത്യൻ ചേസിനു കടിഞ്ഞാൺ പിടിച്ച കോലിക്ക് അർഹമായ സെഞ്ചറി നഷ്ടമായത് ഇന്ത്യയ്ക്കു നിരാശയായി. തുടർച്ചയായ അഞ്ചാം മത്സരത്തിലും അർധ സെഞ്ചറി പിന്നിട്ട കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട കോലി (28,068), റൺനേട്ടത്തിൽ ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ മറികടന്ന് രണ്ടാമതെത്തി. ഇനി മുന്നിൽ സച്ചിൻ തെൻഡുൽക്കർ (34,357) മാത്രം. പരമ്പരയിലെ രണ്ടാം ഏകദിനം 14ന് രാജ്കോട്ടിൽ.
വിറച്ചു, വീണില്ല3 ഫോറും 2 സിക്സുമായി തുടക്കത്തിൽ തകർത്തടിച്ച രോഹിത് ശർമ (26) 9–ാം ഓവറിൽ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ 118 റൺസ് കൂട്ടുകെട്ടുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും കോലിയും ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. അർധ സെഞ്ചറിക്കു പിന്നാലെ ക്യാപ്റ്റൻ (56) മടങ്ങിയപ്പോൾ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ (49) കോലിക്ക് കൂട്ടായെത്തി. ഇരുവരും ചേർന്നു നേടിയ 77 റൺസിന്റെ ബലത്തിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന സുരക്ഷിത നിലയിലെത്തി. അനായാസ ജയം മോഹിച്ച് കാത്തിരുന്ന ഇന്ത്യൻ ആരാധകരെ ഞെട്ടിച്ച് മധ്യനിരയിൽ കൂട്ടത്തകർച്ചയുണ്ടായത് അതിനു ശേഷമാണ്.
സെഞ്ചറിക്ക് 7 റൺസ് മാത്രം അകലെയായിരുന്ന കോലി, കൈൽ ജയ്മിസന്റെ പന്തിൽ ക്യാച്ച് നൽകി പുറത്തായതായിരുന്നു തുടക്കം. അതേ ഓവറിൽ രവീന്ദ്ര ജഡേജയെയും (4) തന്റെ അടുത്ത ഓവറിൽ ശ്രേയസ് അയ്യരെയും (49) പുറത്താക്കി ജയ്മിസൻ ഇന്ത്യയെ വിറപ്പിച്ചു. 8 റൺസിനിടെ 3 നിർണായക വിക്കറ്റുകൾ നഷ്ടം. എന്നാൽ കെ.എൽ.രാഹുലിന്റെയും (21 പന്തിൽ 29 നോട്ടൗട്ട്), ഹർഷിത് റാണയുടെയും (23 പന്തിൽ 29) പോരാട്ടം ഇന്ത്യയെ വീഴ്ചയിൽനിന്നു കരകയറ്റി. ബോളിങ്ങിനിടെ പരുക്കേറ്റ് മടങ്ങിയ വാഷിങ്ടൻ (7 നോട്ടൗട്ട്) വേദന സഹിച്ചു ബാറ്റിങ്ങിനിറങ്ങി ഇന്ത്യൻ വിജയം പൂർത്തിയാക്കി.
നേരത്തേ, പുരുഷ ക്രിക്കറ്റിലെ ആദ്യ രാജ്യാന്തര മത്സരത്തിനു വേദിയായ വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ, ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡാരിൽ മിച്ചൽ (84), ഡെവൻ കോൺവേ (56), ഹെൻറി നിക്കോൾസ് (62) എന്നിവരുടെ അർധ സെഞ്ചറികളാണ് കിവീസിനു മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ 2 വിക്കറ്റ് വീതം നേടിയപ്പോൾ സ്പിന്നർമാർ നിരാശപ്പെടുത്തി.
പന്തിന് വീണ്ടും പരുക്ക്പരിശീലനത്തിനിടെ ദേഹത്ത് പന്തുകൊണ്ട് പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽനിന്ന് പുറത്ത്. പകരക്കാരനായി ധ്രുവ് ജുറേലിനെ ടീമിൽ ഉൾപ്പെടുത്തി. ഒന്നാം ഏകദിനത്തിന് മുൻപായി നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുമ്പോഴാണ് പന്തിന് പരുക്കേറ്റത്. ദേഹത്ത് ബോൾ കൊണ്ട് പേശിക്ക് പരുക്കേൽക്കുകയായിരുന്നു. താരത്തെ സ്കാനിങ്ങിന് വിധേയനാക്കി.
English Summary:








English (US) ·