Published: August 06 , 2025 03:07 PM IST Updated: August 06, 2025 03:26 PM IST
2 minute Read
കാൽപന്തുകളിയിൽ ഇതിഹാസങ്ങളെ നിർമിക്കുന്നത് കിരീടങ്ങൾ മാത്രമല്ലെന്നതിന്റെ നേർസാക്ഷ്യമായി മാറിയ സൺ ഹ്യൂങ് മിൻ, 10 വർഷം നീണ്ട തന്റെ ടോട്ടനം കരിയറിലൂടെ നേടിയത് ആരാധകരുടെ തകരാത്ത വിശ്വാസമാണ്.ലോയൽറ്റി എന്ന ഇംഗ്ലിഷ് വാക്കിന് സൺ ഹ്യൂങ് മിൻ എന്നാണ് പര്യായം. പടക്കളത്തിൽ ചുറ്റുമുള്ള പോരാളികൾ ഓരോരുത്തരായി യുദ്ധം അവസാനിപ്പിക്കുകയോ ആയുധം ഉപേക്ഷിച്ച് രക്ഷപ്പെടുകയോ ചെയ്തു. ഒരാൾ മാത്രം അവസാനം വരെ പോരാടി ജയിച്ചു. ടോട്ടനം ഹോട്സ്പർ എന്ന ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബിന് വേണ്ടി അവസാനം വരെ പോരാടി ജയിച്ച പോരാളിയായിരുന്നു സൺ ഹ്യൂങ് മിൻ. ടോട്ടനത്തിന്റെ 17 വർഷം നീണ്ട കിരീട വരൾച്ചയ്ക്ക് കഴിഞ്ഞ വർഷത്തെ യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം നേടി അറുതി വരുത്തിയപ്പോൾ ദക്ഷിണ കൊറിയൻ താരത്തിന്റെ കയ്യിൽ ക്ലബ് ക്യാപ്റ്റന്റെ ആം ബാൻഡ് ഉണ്ടായിരുന്നു. 454 മത്സരങ്ങളിൽ നിന്നായി 173 ഗോളുകളാണ് സൺ ടോട്ടനത്തിനായി നേടിയത്. ദക്ഷിണകൊറിയയിലെ സോൾ വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡുമായി നടന്ന സൗഹൃദ മത്സരത്തിന് പിന്നാലെ 10 വർഷം നീണ്ട തന്റെ ടോട്ടനം കരിയർ അവസാനിപ്പിക്കുകയായിരുന്നു സൺ.
2015ൽ 23–ാം വയസ്സിലാണ് ജർമൻ ഫുട്ബോൾ ക്ലബ്ബായ ബയർ ലെവർക്യൂസനിൽനിന്ന് സൺ ടോട്ടനത്തിൽ എത്തുന്നത്. ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ഏഷ്യൻ മുഖമായിരുന്നു സൺ. മുൻപും ഏഷ്യൻ താരങ്ങൾ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കളിച്ചിട്ടുണ്ടെങ്കിലും ഇവർക്കൊന്നും ടീമിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ സമയം ബെഞ്ചിലായിരുന്നു സ്ഥാനം. എന്നാൽ സൺ 10 വർഷവും ടോട്ടനത്തിന്റെ ഫസ്റ്റ് ചോയ്സ് പ്ലെയർ ആയിരുന്നു. പാർക്ക് ജി സുങ്ങിനെപ്പോലുള്ള സണിന്റെ മുൻഗാമികളായ ഏഷ്യൻ താരങ്ങളുടെ വേഗവും വർക്റേറ്റും മാത്രം ശ്രദ്ധിക്കപ്പെട്ടപ്പോൾ സൺ എല്ലാം തികഞ്ഞ താരമായി. വേഗത്തിനൊപ്പം ടെക്നിക്കൽ എബിലിറ്റിയും ക്രിയേറ്റിവിറ്റിയും ടോട്ടനത്തിൽ സണിനെ യൂറോപ്യൻ താരങ്ങളെക്കാൾ മികച്ച ചോയ്സ് ആക്കി.
2019ൽ ബേൺലിക്ക് എതിരെ നേടിയ ഗോൾ കണ്ട് ഫുട്ബോൾ ലോകം സൺ എന്ന ഏഷ്യക്കാരനെ നോക്കി അദ്ഭുതപ്പെട്ടു. 15 സെക്കൻഡിനുള്ളിൽ മൈതാനത്തിന്റെ 90 വാര ദൂരം പന്തുമായി ഡ്രിബിൾ ചെയ്ത് മുന്നേറിയ സൺ, ഗോളി നിക് പോപ്പിനെ കബളിപ്പിച്ച് ഗോൾ നേടുന്നതിനിടയിൽ 7 ബേൺലി താരങ്ങളെയാണ് മറികടന്നത്. 2020ലെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം നേടിയ ആ ഗോൾ ഫുട്ബോൾ ചരിത്രത്തിലെ അപൂർവതയാണ്. 2021–22 സീസണിൽ 23 ഗോളുകളുമായി ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക് ഒപ്പം ഗോൾഡൻ ബൂട്ട് നേടിയ സൺ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരമായി. ടോട്ടനം ഹോട്സ്പർ എന്ന ടീമിന് ഏഷ്യയിൽ ആരാധകരുണ്ടായത് സണിലൂടെയാണ്. ഏകദേശം 1.2 കോടി ടോട്ടനം ആരാധകർ ദക്ഷിണ കൊറിയയിൽ മാത്രം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
കിരീടമില്ലാത്ത ടീമെന്ന കുറ്റപ്പെടുത്തലുകൾക്കിടയിൽ ഹാരി കെയ്ൻ അടക്കമുള്ള സഹതാരങ്ങൾ ഓരോരുത്തരായി ക്ലബ് വിട്ടപ്പോഴും സൺ പോയില്ല. യൂറോപ്പ ലീഗ് വിജയത്തിന് ശേഷം ദൗത്യം പൂർത്തിയാക്കിയ യോദ്ധാവിനെപ്പോലെ സൺ പറഞ്ഞു; ‘10 വർഷം ഞാൻ കാത്തിരുന്നത് ഇതിന് വേണ്ടിയാണ്’. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഫൈനലിൽ അവസാനത്തെ വിസിൽ മുഴങ്ങിയപ്പോൾ മുട്ടുകുത്തി നിന്നു കരഞ്ഞ സൺ ക്ലബ് ഫുട്ബോളിൽ ഒരു കിരീടം മാത്രം നേടി ഇതിഹാസമായി. കാൽപന്തുകളിയിൽ ഇതിഹാസങ്ങളെ നിർമിക്കുന്നത് കിരീടങ്ങൾ മാത്രമല്ലെന്നതിന്റെ നേർസാക്ഷ്യമായി മാറിയ സൺ ഹ്യൂങ് മിൻ, 10 വർഷം നീണ്ട ടോട്ടനം കരിയറിലൂടെ നേടിയത് ആരാധകരുടെ തകരാത്ത വിശ്വാസമാണ്.
English Summary:








English (US) ·