ഹാരിസ് റൗഫിന് ഇന്ത്യയുടെ മറുപടി, ‘വിമാനം വീഴ്ത്തി’ ജസ്പ്രീത് ബുമ്രയുടെ ആഘോഷ പ്രകടനം- വിഡിയോ

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 28, 2025 10:28 PM IST

1 minute Read

 X@S,Bhai
ഹാരിസ് റൗഫ് പുറത്തായപ്പോൾ ബുമ്രയുടെ ആഘോഷം. Photo: X@S,Bhai

ദുബായ്∙ ഏഷ്യാകപ്പ് ഫൈനലിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിലും നാടകീയ രംഗങ്ങൾ അവസാനിക്കുന്നില്ല. സൂപ്പർ ഫോറിലെ മത്സരത്തിനിടെ ‘6–0’ എന്ന് ആംഗ്യം കാണിച്ച പാക്കിസ്ഥാൻ താരം ഹാരിസ് റൗഫിന് ഫൈനലിൽ സൂപ്പർ താരം ജസ്പ്രീത് ബുമ്ര മറുപടി നൽകി. ഹാരിസ് റൗഫിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ വിമാനം താഴേക്കു പതിക്കുന്ന പോലെ ആംഗ്യം കാണിച്ചാണ് ബുമ്ര ആഘോഷിച്ചത്.

മത്സരത്തിൽ നാലു പന്തുകൾ നേരിട്ട ഹാരിസ് റൗഫ് ആറു റൺസ് മാത്രമെടുത്താണു പുറത്തായത്. ബുമ്രയെറിഞ്ഞ 18–ാം ഓവറിലെ അഞ്ചാം പന്തിൽ റൗഫിന്റെ വിക്കറ്റ് തെറിച്ചു. തൊട്ടുപിന്നാലെയായിരുന്നു ബുമ്രയുടെ ആഘോഷ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിലെ മോശം പ്രകടനത്തിന്റെ പേരിൽ ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു.

ബൗണ്ടറി ലൈനിനു സമീപം ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു ഹാരിസ് റൗഫിന്റെ വിവാദ ആക്ഷനുകൾ. ‘6–0’ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച ഹാരിസ് റൗഫ്, വിമാനം വീഴ്ത്തുന്നതും അഭിനയിച്ചുകാണിച്ചു. ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിനിടെ ആറ് യുദ്ധ വിമാനങ്ങൾ വീഴ്ത്തിയതായി പാക്കിസ്ഥാൻ സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ തെളിവൊന്നും പുറത്തുവിടാന്‍ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല.

English Summary:

Jasprit Bumra's viral solemnisation against Haris Rauf

Read Entire Article