Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 29 Mar 2025, 11:48 pm
IPL 2025 MI vs GT: ഐപിഎല്‍ 2024ല്‍ നിര്‍ഭാഗ്യങ്ങളും ദയനീയ പ്രകടനങ്ങളും കൊണ്ട് ഏറ്റവും പിന്നിലായിപ്പോയ മുംബൈ ഇന്ത്യന്‍സിന് ഇത്തവണയും രക്ഷയില്ല. ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിന് തോറ്റു. ആദ്യ മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
രോഹിത് ശര്‍മ, റയാന്‍ റിക്കില്‍റ്റണ്‍ എന്നിവരെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്ഡാക്കുന്നുഐപിഎല് 2024ല്‍ ഏറ്റവും അവസാനത്ത് ഫിനിഷ് ചെയ്ത എംഐ ഇത്തവണ ഹാര്‍ദികിന് കീഴില്‍ വലിയ പ്രതീക്ഷകളോടെയാണ് എത്തിയത്. രണ്ട് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്. ജിടി എട്ട് വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ എംഐക്ക് ആറ് വിക്കറ്റിന് 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ജിടി ആദ്യ മാച്ചില്‍ പഞ്ചാബ് കിങ്‌സിനോട് നന്നായി കളിച്ചെങ്കിലും 11 റണ്‍സിന്റെ നേരിയ തോല്‍വി വഴങ്ങുകയായിരുന്നു. ഇതിന്റെ ക്ഷീണം എംഐക്കെതിരായ ഇന്നത്തെ മല്‍സരത്തോടെ അവര്‍ തീര്‍ത്തു.
കഴിഞ്ഞ മാച്ചില്‍ എംഐക്ക് വേണ്ടി ഇംപാക്റ്റ് സബ് ആയി ഐപിഎല്‍ അരങ്ങേറ്റം ഉജ്വലമാക്കിയ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഇന്ന് അവസരം നല്‍കിയില്ല.
120 പന്തില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് ആരംഭിച്ച എംഐക്ക് രോഹിത് ശര്‍മ, റയാന്‍ റിക്കില്‍റ്റണ്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇരുവരേയും
മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 48), തിലക് വര്‍മ (36 പന്തില്‍ 39), നമന്‍ ധിര്‍ (11 പന്തില്‍ 18*), മിച്ചല്‍ സാന്റ്‌നര്‍ (9 പന്തില്‍ 18*) എന്നിവര്‍ പൊരുതിയെങ്കിലും മല്‍സരം കൈവിട്ടുപോയി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ജിടിക്ക് വേണ്ടി ഓപണര്‍മാരായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും നല്ല തുടക്കമിട്ടു. ടീം സ്‌കോര്‍ 8.3 ഓവറില്‍ 78 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. ഗില്‍ 27 പന്തില്‍ 38 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ നമന്‍ ധിറിന് ക്യാച്ച് നല്‍കി. നാല് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം ഗില്‍ നന്നായി ബാറ്റ് ചെയ്യവെയാണ് പുറത്തായത്.
മൂന്നാമനായി എത്തിയത് വെടിക്കെട്ട് വീരന്‍ ദോസ് ബട്‌ലറാണ്. 24 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറെ മുജീബ് റഹ്‌മാന്റെ പന്തില്‍ റിക്കെല്‍റ്റണ്‍ പിടികൂടി. ഒമ്പത് റണ്‍സെടുത്ത ഷാരൂഖ് ഖാനെ ഹാര്‍ദിക് പാണ്ഡ്യ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ചു.
നന്നായി ബാറ്റ് വീശിയ സായ് സുദര്‍ശന്‍ പിന്നാലെ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 41 പന്തില്‍ രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും സഹിതം 63 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റൂഥര്‍ഫോര്‍ഡ് 11 പന്തില്‍ 18 റണ്‍സെടുത്തു.
മുംബൈക്ക് വേണ്ടി ഹാര്‍ദിക് രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, ചഹര്‍, മുജീബ്, സത്യനാരായണ രാജു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·