Published: October 07, 2025 07:11 AM IST Updated: October 07, 2025 09:12 AM IST
1 minute Read
-
സീസണിൽ തുടർച്ചയായ 9–ാം മത്സരത്തിലും ഗോൾ നേടി എർലിങ് ഹാളണ്ട്
-
ഈ വർഷം 11 മത്സരങ്ങളിൽനിന്ന് 18 ഗോളുകൾ
ലണ്ടൻ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് ഈ സീസണിലെ തുടക്കം അത്ര മികച്ചതായിരുന്നില്ല. പ്രിമിയർ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ക്ലബ്ബിന് ഇതുവരെ 4 മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ താരതമ്യേന ദുർബലരായ ബ്രെന്റ്ഫഡിനെ പോലും ഒരു ഗോളിന്റെ ബലത്തിലാണ് സിറ്റി മറികടന്നത്. പക്ഷേ, അവരുടെ ഇരുപത്തിയഞ്ചുകാരൻ നോർവേ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് സീസണിൽ ലഭിച്ചത്. ക്ലബ്ബിനും രാജ്യത്തിനുമായി സീസണിൽ കളിച്ച 11 മത്സരങ്ങളിൽ 18 ഗോളുകളാണ് ഹാളണ്ട് ഇതുവരെ നേടിയത്. അവസാന 9 മത്സരങ്ങളിലും ഗോൾ നേടി റെക്കോർഡിട്ട ഹാളണ്ടിന്റെ ബലത്തിലാണ് ബ്രെന്റ്ഫഡ് ഉയർത്തിയ വെല്ലുവിളി സിറ്റി മറികടന്നത്.
സൂപ്പർ സീസൺ
ഓഗസ്റ്റ് 16ന് വൂൾവ്സിനെതിരായ മത്സരത്തിലൂടെയാണ് സിറ്റി സീസൺ തുടങ്ങിയത്. ആ മത്സരത്തിൽ രണ്ടു തവണ ലക്ഷ്യം കണ്ട ഹാളണ്ടിന്റെ ബലത്തിൽ സിറ്റി 4–0ന് ജയം സ്വന്തമാക്കി. പിന്നാലെ ടോട്ടനത്തിനെതിരെ ടീം 2–0ന്റെ തോൽവി വഴങ്ങി. അതിനു ശേഷമാണ് ഹാളണ്ടിന്റെ ഗോളടിമേളം തുടങ്ങിയത്. അതിൽ പ്രധാനം മോൾഡോവയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു. 5 തവണ ലക്ഷ്യം കണ്ട ഹാളണ്ടിന്റെ ബലത്തിൽ നോർവേ 11–1നാണ് മോൾഡോവയെ തോൽപിച്ചത്. പിന്നാലെ പ്രിമിയർ ലീഗിലും ചാംപ്യൻസ് ലീഗിലും ഗോൾവേട്ട തുടർന്ന താരം ഇതുവരെ 11 മത്സരങ്ങളിൽ നിന്നായി അടിച്ചുകൂട്ടിയത് 18 ഗോളുകൾ.
2022–23 സീസണിൽ സിറ്റിയിലെത്തിയ ഹാളണ്ട് ആദ്യ വർഷം 35 മത്സരങ്ങളിൽ നിന്നായി 36 ഗോളുകളാണ് അടിച്ചുകൂട്ടിയത്. പ്രിമിയർ ലീഗ് സീസണിലെ റെക്കോർഡ് ഗോൾ നേട്ടമായിരുന്നു അത്. എന്നാൽ അടുത്ത സീസണിൽ ഗോളുകളുടെ എണ്ണം 27 ആയി കുറഞ്ഞു. കഴിഞ്ഞ സീസണിൽ 22 തവണ മാത്രമാണ് ഹാളണ്ടിന് ലക്ഷ്യം കാണാൻ സാധിച്ചത്. ഇതോടെ നോർവേ താരത്തിന്റെ ‘ഗോളടി ക്ഷമത’ കൈമോശം വന്നുതുടങ്ങിയതായി വിമർശനങ്ങൾ ഉയർന്നു. ഈ സമ്മർദങ്ങൾക്കിടയിലൂടെയാണ് സീസണിൽ ഹാളണ്ടും സിറ്റിയും കളത്തിൽ ഇറങ്ങിയത്. സിറ്റിയുടെ ഫോം പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെങ്കിലും 7 മത്സരങ്ങളിൽ നിന്ന് 9 ഗോളുമായി ഹാളണ്ട് തന്റെ ‘ഗോൾ ഹണ്ട്’ തുടങ്ങിക്കഴിഞ്ഞു.
English Summary:








English (US) ·