Published: December 10, 2025 10:27 AM IST
1 minute Read
കട്ടക്ക്∙ വനവാസത്തിനു ശേഷമുള്ള പട്ടാഭിഷേകം അർധ സെഞ്ചറിയുടെ പെരുമ്പറയും വിക്കറ്റ് നേട്ടത്തിന്റെ മേമ്പൊടിയും ചേർത്ത് ആഘോഷിക്കാനായിരുന്നു ഹാർദിക് പാണ്ഡ്യയുടെ തീരുമാനം! പരുക്കു മൂലം രണ്ടരമാസം ഗ്രൗണ്ടിന് പുറത്തുനിന്നതിന്റെ സങ്കടം ഹാർദിക് ആഘോഷപൂർവം തീർത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 101 റൺസിന്റെ ആധികാരിക ജയം. ഇന്ത്യ ഉയർത്തിയ 176 റൺസ് ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 74ൽ അവസാനിച്ചു. രാജ്യാന്തര ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോറാണിത്. സ്കോർ: ഇന്ത്യ 20 ഓവറിൽ 6ന് 175. ദക്ഷിണാഫ്രിക്ക 12.3 ഓവറിൽ 74ന് പുറത്ത്. 28 പന്തിൽ പുറത്താകാതെ 59 റൺസും ഒരു വിക്കറ്റും നേടിയ ഹാർദിക്കാണ് ഇന്ത്യയുടെ വിജയശിൽപി. നാളെ മുല്ലൻപുരിലാണ് 5 മത്സര പരമ്പരയിലെ രണ്ടാം ട്വന്റി20.
പേസിൽ പതറി176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ (0) നഷ്ടമായി. തന്റെ രണ്ടാം ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സിനെയും (14) പുറത്താക്കിയ അർഷ്ദീപ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. വൈകാതെ എയ്ഡൻ മാർക്രം (14), ഡൊനോവൺ ഫെറൈറ (5), ഡേവിഡ് മില്ലർ (1) എന്നിവർ കൂടി വീണതോടെ 5ന് 50 എന്ന നിലയിലായി സന്ദർശകർ. ആറാം വിക്കറ്റിൽ ഒന്നിച്ച ഡിയേവാൾഡ് ബ്രെവിസ് (22)– മാർക്കോ യാൻസൻ (12) സഖ്യത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷ. എന്നാൽ കൂറ്റൻ അടിക്കു ശ്രമിച്ച യാൻസനെ ക്ലീൻ ബോൾഡാക്കിയ വരുൺ ചക്രവർത്തി മത്സരത്തിൽ ഇന്ത്യൻ ആധിപത്യം ഉറപ്പിച്ചു. തൊട്ടടുത്ത ഓവറിൽ ബ്രെവിസ് ബുമ്രയ്ക്കു മുന്നിൽ വീണതോടെ ദക്ഷിണാഫ്രിക്ക തോൽവി ഉറപ്പിച്ചു.
ഹാർദിക് ഷോടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശുഭ്മൻ ഗില്ലിനെ (4) നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയോടെ തുടങ്ങിയ ഗിൽ, രണ്ടാം പന്തിൽ സ്റ്റെപ് ഔട്ട് ചെയ്ത് കളിക്കാനുള്ള ശ്രമത്തിനിടെ ഔട്ടാകുകയായിരുന്നു. മൂന്നാം ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും (12) നഷ്ടമായ ഇന്ത്യ 2ന് 40 എന്ന സ്കോറിലാണ് പവർപ്ലേ അവസാനിപ്പിച്ചത്. പിന്നാലെ അഭിഷേക് ശർമയും (17) വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. നാലാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്ത തിലക് വർമ (26)– അക്ഷർ പട്ടേൽ (23) സഖ്യം ഇന്നിങ്സ് നേരെയാക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും മടക്കിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ സമ്മർദത്തിലാക്കി. 5ന് 104 എന്ന നിലയിൽ പതറിയ ആതിഥേയർ 150 കടക്കില്ലെന്നു തോന്നിച്ച ഘട്ടത്തിലാണ് ഹാർദിക് പാണ്ഡ്യയുടെ വരവ്. 28 പന്തിൽ 4 സിക്സും 6 ഫോറുമടക്കം പുറത്താകാതെ 59 റൺസുമായി തകർത്തടിച്ച ഹാർദിക്, അവസാന 5 ഓവറുകളിൽ ഇന്ത്യയുടെ റൺനിരക്ക് ഉയർത്തി.
ശിവം ദുബെ (11), ജിതേഷ് ശർമ (10 നോട്ടൗട്ട്) എന്നിവരുടെ പിന്തുണ കൂടി ആയതോടെ ഇന്ത്യൻ ടോട്ടൽ 175ൽ എത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്ഗി എൻഗിഡി 31 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
English Summary:








English (US) ·