Published: October 10, 2025 08:03 PM IST Updated: October 10, 2025 08:11 PM IST
1 minute Read
മുംബൈ∙ വിമാനത്താവളത്തിൽ ഒരുമിച്ചെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും മോഡലുമായ മഹിക ശർമയും. ഇവർ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ മുംബൈ വിമാനത്താവളത്തിൽ ഇരുവരും ഒരുമിച്ചെത്തിയത്. ആദ്യമായാണ് പൊതുയിടത്തിൽ ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്. കറുത്ത വസ്ത്രം ധരിച്ച് ഇവർ വരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെ ഡേറ്റിങ് അഭ്യൂഹങ്ങൾ സത്യമാണെന്ന നിഗമനത്തിലാണ് സൈബർലോകം.
ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യ, നിലവിൽ വിശ്രമത്തിലാണ്. ടൂർണമെന്റ് ഫൈനലിന്റെ തൊട്ടുമുൻപാണ് താരത്തിനു പരുക്കേറ്റത്. ഇതോടെ ഫൈനൽ മത്സരം കളിക്കാൻ ഹാർദിക്കിനു സാധിച്ചിരുന്നില്ല. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഹാർദിക്കിനെ ഉൾപ്പെടുത്തിയിട്ടില്ല. ഏഷ്യാ കപ്പിൽ ദുബായില്‍ നടന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം കാണാൻ മഹിക ശർമ എത്തിയിരുന്നു.
മഹികയുടെ ഒരു ചിത്രത്തിൽ ഹാർദിക് പാണ്ഡ്യയുടെ ജഴ്സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി ഉയരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ പലതും ഒരേ സ്ഥലങ്ങളിൽനിന്നുള്ളതായിരുന്നെന്നും ആരാധകർ കണ്ടെത്തി. വിവേക് ഒബ്റോയി നായകനായ പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ മഹിക അഭിനയിച്ചിട്ടുണ്ട്.ഗുജറാത്തിലെ ദീൻദയാൽ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹിക നിരവധി ഫാഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും ഹാർദിക് പാണ്ഡ്യയും കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം. പാണ്ഡ്യയുടെ മകൻ അഗസ്ത്യ നടാഷയ്ക്കൊപ്പമാണു താമസിക്കുന്നത്.
English Summary:








English (US) ·