Published: December 09, 2025 08:57 AM IST
1 minute Read
-
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ഒരുക്കങ്ങൾക്ക് തുടക്കം
-
ഇന്ത്യ– ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 ഇന്നു വൈകിട്ട് 7 മുതൽ
കട്ടക്ക് ∙ 2 മാസം അകലെ നിൽക്കുന്ന ട്വന്റി20 ലോകകപ്പിൽ ചാംപ്യൻപട്ടം നിലനിർത്താനൊരുങ്ങുന്ന ഇന്ത്യയുടെ ‘സന്നാഹ’ മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഫെബ്രുവരിയിൽ നാട്ടിൽ നടക്കുന്ന ലോകകപ്പിന് മുൻപ് ഇനി 10 ട്വന്റി20 മത്സരങ്ങൾ മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. അതിൽ 5 മത്സരങ്ങൾ ഇന്ന് കട്ടക്കിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ്. ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാര്? ഓപ്പണിങ്ങിൽ അഭിഷേകിനൊപ്പം ഗിൽ തുടരുമോ? പേസ് ബോളിങ്ങിൽ ബുമ്രയ്ക്കൊപ്പം ആരൊക്കെ? തുടങ്ങി ഉത്തരം കണ്ടെത്തേണ്ട ഒട്ടേറെ തലവേദനകൾ ഈ പരമ്പരയോടെ മാറിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് സിലക്ടർമാർ. മത്സരം ഇന്നു വൈകിട്ട് 7 മുതൽ; സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
2024 ട്വന്റി20 ലോകകപ്പിലെ ഫൈനലിസ്റ്റുകൾ നേർക്കുനേർ വരുന്നു എന്ന പ്രത്യേകത ഈ പരമ്പരയ്ക്കുണ്ട്. ലോകകപ്പിനുശേഷം 26 ട്വന്റി20 മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ ടീം തോൽവി വഴങ്ങിയത് 4 മത്സരങ്ങളിൽ മാത്രം. ലോകകപ്പ് നേട്ടത്തിനുശേഷം ഒരു ട്വന്റി20 പരമ്പരയും നഷ്ടപ്പെട്ടിട്ടില്ലെന്നത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ഹാർദിക് വരുമ്പോൾ....
പരുക്കിനുശേഷം, പേസ് ബോളിങ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നതാണ് ഇന്ത്യൻ ടീമിലെ പ്രധാന വാർത്ത. ഏഷ്യാകപ്പ് ടൂർണമെന്റിനിടെ പരുക്കേറ്റു പുറത്തായ ഹാർദിക്, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ പ്രകടനം വഴി ഫോം തെളിയിച്ചാണ് മടങ്ങിയെത്തുന്നത്. ഓപ്പണിങ് സ്പെല്ലിൽ പന്തെറിയുകയും ആറാമനായി ബാറ്റിങ്ങിനെത്തുകയും ചെയ്യുന്ന ഹാർദിക്കിന്റെ സാന്നിധ്യം ഒരു ഓൾറൗണ്ടറെക്കൂടി ഇലവനിൽ ഉൾപ്പെടുത്താൻ ഇന്ത്യയ്ക്ക് ധൈര്യം നൽകും. അതിനാൽ, പേസർ അർഷ്‍ദീപിനു പകരം ഇന്ത്യ ഇന്നു ശിവം ദുബെയ്ക്ക് അവസരം നൽകാനാണ് സാധ്യത.
ഗില്ലും സഞ്ജുവും
ട്വന്റി20 ലോകകപ്പിനുശേഷം രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാമതാണ് സഞ്ജു സാംസൺ. ഓപ്പണറായി 3 സെഞ്ചറി നേടിയ സഞ്ജുവിനെ താഴേക്ക് ഇറക്കിയാണ് ഇന്ത്യ ഓപ്പണിങ്ങിൽ ശുഭ്മൻ ഗില്ലിന് അവസരമൊരുക്കുന്നത്. ഒരു വശത്ത് തുടക്കം മുതൽ തകർത്തടിച്ച് അഭിഷേക് ശർമ ആധിപത്യം കാട്ടുമ്പോൾ ഗില്ലിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നിട്ടില്ല. 33 മത്സരങ്ങളിൽ 29 റൺസ് ശരാശരിയിൽ 837 റൺസാണ് ട്വന്റി20യിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ഇതുവരെയുള്ള നേട്ടം. ഓപ്പണിങ്ങിൽ സ്ഥാനം നിലനിർത്താൻ ദക്ഷിണാഫ്രിക്കൻ പരമ്പര ഗില്ലിന് നിർണായകമാണ്. ഓസ്ട്രേലിയയ്ക്കെതിരായ അവസാന 3 മത്സരങ്ങളിൽ സഞ്ജുവിനു പകരം വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്കാണ് ഇന്ത്യ അവസരം നൽകിയത്. എന്നാൽ മുഷ്താഖ് അലി ക്രിക്കറ്റിലെ 2 അർധ സെഞ്ചറികളുടെ തിളക്കത്തിലെത്തുന്ന സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചേക്കും.
സൂര്യയുടെ ഫോം
ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ വലിയ ആശങ്കകളിലൊന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമാണ്. കഴിഞ്ഞവർഷം ജൂലൈയിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷം 15 ഇന്നിങ്സുകളിൽനിന്ന് 184 റൺസ് മാത്രമാണ് സൂര്യയ്ക്കു നേടാനായത്. കഴിഞ്ഞ 20 മത്സരങ്ങളിൽ ഒരു അർധ സെഞ്ചറി പോലും സൂര്യകുമാറിന്റെ പേരിലില്ല. ലോകകപ്പ് ടീമിൽ സ്ഥാനം നിലനിർത്താൻ അടുത്ത 10 ട്വന്റി20 മത്സരങ്ങൾ സൂര്യകുമാറിനു നിർണായകമാണ്.
English Summary:








English (US) ·