മുംബൈ ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും പേസർ ജസ്പ്രീത് ബുമ്രയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ട്വന്റി20 ലോകകപ്പിന് മുന്നോടിയായി വർക്‌ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ഇരു താരങ്ങളെ ടീമിൽനിന്ന് ഒഴിവാക്കുന്നതെന്നാണ് വിവരം. ഏകദിന പരമ്പരയ്ക്കു പിന്നാലെ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഇരുവരും കളിച്ചേക്കും. ലോകകപ്പിനുള്ള അതേ ടീമാണ് ട്വന്റി20 പരമ്പരയിലും കളിക്കുന്നത്.
ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ജനുവരി നാലിന് അല്ലെങ്കിൽ അഞ്ചിന് പ്രഖ്യാപിക്കുമെന്ന് വിവരം. ജനുവരി 11 (വഡോദര), 14 (രാജ്കോട്ട്), 18 (ഇൻഡോർ) എന്നിങ്ങനെയാണ് ഏകദിന മത്സരങ്ങൾ. നാഗ്പുർ (ജനുവരി 21), റായ്പുർ (ജനുവരി 23), ഗുവാഹത്തി (ജനുവരി 25), വിശാഖപട്ടണം (ജനുവരി 28), തിരുവനന്തപുരം (ജനുവരി 31) എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങൾ. ഫെബ്രുവരി 7നാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്.
ലോകകപ്പിൽ ഹാർദിക്കിന്റെയും ബുമ്രയുടെയും സേവനം അനിവാര്യമാണെന്ന് കണക്കുകൂട്ടലിലാണ് ഇരുവരെയും ഏകദിനത്തിൽനിന്നു മാറ്റി നിർത്തുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റ് മാത്രം കളിക്കുന്ന ഹാർദിക് പാണ്ഡ്യ, ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം മാർച്ചിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഒരു ഏകദിനവും കളിച്ചിട്ടില്ല. 2023 ലോകകപ്പ് ഫൈനലിന് ശേഷം ബുമ്രയും ഒരു ഏകദിനത്തിലും കളിച്ചിട്ടില്ല. ടെസ്റ്റിൽ ഉൾപ്പെടെ കളിക്കുന്നതിനാൽ താരത്തിന്റെ ജോലിഭാരം ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, വിജയ് ഹസാരെ ട്രോഫിയിൽ ബറോഡയ്ക്കു വേണ്ടി ഹാർദിക് പാണ്ഡ്യ കളത്തിലിറങ്ങിയേക്കുമെന്നാണ് വിവരം. ദേശീയ താരങ്ങൾ അഭ്യന്തര മത്സരങ്ങൾ നിർബന്ധമായും കളിച്ചിരിക്കണമെന്ന് ബിസിസിഐ നിർദേശിച്ചിരുന്നു. ജനുവരി 3, 6, 8 തീയതികളിൽ വിജയ് ഹസാരെ ട്രോഫിയിൽ ബറോഡയുടെ അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിൽ പാണ്ഡ്യ കളിച്ചേക്കുമെന്നാണ് വിവരം. വിജയ് ഹസാരെ ട്രോഫിയുടെ ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളിൽ കളിച്ച വിരാട് കോലിയും രോഹിത് ശർമയും മൂന്നാം റൗണ്ട് മത്സരങ്ങൾ കളിക്കുന്നില്ല. ജനുവരി 6നു റെയിൽവേസിനെതിരെ നടക്കുന്ന മത്സരത്തിൽ ഡൽഹിക്കു വേണ്ടി കോലി കളിക്കും.
എന്നാൽ രോഹിത് ഇനി വിജയ് ഹസാരെയിൽ കളിക്കില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. യശസ്വി ജയ്സ്വാൾ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് മുംബൈയ്ക്കു വേണ്ടി രണ്ടു മത്സരങ്ങളിൽ കളിക്കും. ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ശിവം ദുബെ എന്നിവരും മുംബൈ ടീമിനൊപ്പം ഉടൻ ചേരും.
അതേസമയം, വാരിയെല്ലിനേറ്റ പരുക്കിനെത്തുടർന്ന് മത്സരക്കളത്തിൽനിന്നു വിട്ടുനിന്ന ശ്രേയസ് അയ്യർ മുംബൈ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല. ബെംഗളൂരു ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നടത്തുന്ന ശ്രേയസ്, ജനുവരി ആദ്യവാരം 2 മത്സരങ്ങളിൽ മുംബൈ ടീമിൽ കളിക്കുമെന്നാണ് വിവരം. ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപ് ഫോമും ഫിറ്റ്നസും വീണ്ടെടുക്കുകയാണ് ഏകദിനത്തിൽ വൈസ് ക്യാപ്റ്റനായ ശ്രേയസിന്റെ ലക്ഷ്യം.
കിവീസിനെതിരായ ഏകദിന പരമ്പരയിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തിരിച്ചെത്തിയേക്കും. ഗില്ലിന്റെയും ശ്രേയസ്സിന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ഗിൽ തിരിച്ചെത്തിയിരുന്നെങ്കിലും പരുക്കിനെ തുടർന്ന് അവസാന രണ്ടു മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽനിന്നും ഗില്ലിനെ ഒഴിവാക്കിയിരുന്നു. എന്നാൽ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഗിൽ തന്നെ ഇന്ത്യയെ നയിക്കും. രണ്ടാം വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനു പകരം ഇഷാനും കിഷനും ഏകദിന ടീമിലെത്തുമെന്ന് വിവരമുണ്ട്. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് ഏകദിന ടീമിലേക്കും താരം തിരിച്ചെത്തുന്നത്. ഏകദിന ടീമിൽനിന്നു കൂടി പുറത്തായാൽ ടെസ്റ്റിൽ മാത്രമായി ഋഷഭ് പന്ത് ഒതുങ്ങും.
English Summary:








English (US) ·