Published: October 20, 2025 09:47 AM IST
1 minute Read
-
തിളങ്ങാതെ രോഹിത് ശർമ (8), വിരാട് കോലി (0)
പെർത്ത് ∙ തോൽവിയറിയാതെ തുടർച്ചയായ 8 മത്സരങ്ങൾ, ഈ വർഷം ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ജേതാക്കൾ.. ഉജ്വല വിജയങ്ങളുടെ തിളക്കവുമായെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ കണ്ടപ്പോൾ വീണ്ടും കവാത്തു മറന്നു. 7 മാസത്തെ ഇടവേളയ്ക്കുശേഷം രോഹിത് ശർമയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തിയ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്കു കനത്ത തോൽവിയോടെ തുടക്കം. മഴ വില്ലനായ ഒന്നാം ഏകദിനത്തിൽ 7 വിക്കറ്റ് വിജയം നേടിയ ഓസ്ട്രേലിയ 3 മത്സര പരമ്പരയിൽ 1–0നു മുന്നിലെത്തി.
ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കു നേടാനായത് 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ്. മഴനിയമപ്രകാരം 131 റൺസായി പുനർനിർണയിച്ച വിജയലക്ഷ്യം 29 പന്തുകളും 7 വിക്കറ്റും ബാക്കി നിൽക്കെ ഓസ്ട്രേലിയ മറികടന്നു. സ്കോർ: ഇന്ത്യ– 26 ഓവറിൽ 9ന് 136. ഓസ്ട്രേലിയ– 21.1 ഓവറിൽ 3ന് 131. ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷാണ് പ്ലെയർ ഓഫ് ദ് മാച്ച് (46 നോട്ടൗട്ട്). രണ്ടാം ഏകദിനം വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ.
ടോപ് തകർച്ച
പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽവിയുടെ ആഘാതം കുറച്ചതിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് മഴയോടാണ്. പെർത്തിലെ പച്ച പൊതിഞ്ഞ പിച്ചിന്റെ മർമം തിരിച്ചറിഞ്ഞ് ബോളിങ് തിരഞ്ഞെടുത്തതു മുതൽ മത്സരം ഓസ്ട്രേലിയയുടെ കൈപ്പിടിലായിരുന്നു. സൂപ്പർ താരങ്ങളുടെ തിരിച്ചുവരവ് ആഘോഷിക്കാനൊരുങ്ങി നിന്ന ഇന്ത്യൻ ആരാധകർ ടോപ് ഓർഡർ ബാറ്റിങ്ങിലെ കൂട്ടത്തകർച്ച കണ്ട് നടുങ്ങി. രോഹിത്തും (14 പന്തിൽ 8) കോലിയും (8 പന്തിൽ 0) ആദ്യമേ കൂടാരം കയറിയപ്പോൾ പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (10) വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും (11) പിന്നാലെ പവലിയനിലെത്തി.
ജോഷ് ഹെയ്സൽവുഡിനെതിരെ സ്ട്രെയ്റ്റ് ഡ്രൈവിനു ശ്രമിച്ച രോഹിത് സ്‌ലിപ്പിൽ ക്യാച്ച് നൽകിയപ്പോൾ ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തിൽ ബാറ്റുവയ്ക്കുന്ന പതിവ് പ്രലോഭനത്തിൽ കുരുക്കിയാണ് കോലിയെ മിച്ചൽ സ്റ്റാർക് വീഴ്ത്തിയത്. 4 വിക്കറ്റ് നഷ്ടത്തിൽ 45 എന്ന സ്കോറിൽ ഇന്ത്യ വലിയ തിരിച്ചടി ഭയന്നുനിൽക്കുമ്പോഴാണ് കളി മുടക്കി മഴയെത്തിയത്. മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം മത്സരം പുനഃരാരംഭിച്ചപ്പോൾ ആദ്യം 32 ഓവറായും പിന്നീട് 26 ഓവറായും ചുരുക്കി. മഴയിൽ കുതിർന്ന പിച്ചിൽ കെ.എൽ.രാഹുലും (31 പന്തിൽ 38) അക്ഷർ പട്ടേലും (38 പന്തിൽ 31) നടത്തിയ ചെറുത്തുനിൽപാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഓസീസ് തേരോട്ടം
ഇന്ത്യൻ ബാറ്റർമാർ വിയർത്തു തളർന്ന പിച്ചിൽ അനായാസം ബാറ്റുചെയ്താണ് ക്യാപ്റ്റൻ മിച്ചൽ മാർഷ് (52 പന്തിൽ 46) ഓസീസിനെ അനായാസ വിജയത്തിൽ എത്തിച്ചത്. ജോഷ് ഫിലിപ്പ് (29 പന്തിൽ 37), മാറ്റ് റെൻഷോ (21 നോട്ടൗട്ട്) എന്നിവരും ക്യാപ്റ്റനു പിന്തുണ നൽകി. രണ്ടാം ഓവറിൽ അർഷ്‍ദീപ് സിങ് ട്രാവിസ് ഹെഡിനെ (8) പുറത്താക്കിയതൊഴിച്ചാൽ ഇന്ത്യൻ പേസ് ബോളർമാർക്കു മത്സരത്തിൽ കാര്യമായ വെല്ലുവിളി സൃഷ്ടിക്കാനായില്ല.
English Summary:








English (US) ·