Published: October 09, 2025 03:55 PM IST
1 minute Read
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് ശരീര ഭാരം 20 കിലോയോളം കുറച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് വേദിയിലാണ് പുതിയ ‘ലുക്കിൽ’ രോഹിത് പ്രത്യക്ഷപ്പെട്ടത്. ഫിറ്റ്നസിന്റെ പേരിൽ ഏറെ പഴികേട്ട രോഹിത് ചാംപ്യൻസ് ട്രോഫിക്കു ശേഷം ഭക്ഷണ നിയന്ത്രണവും പരിശീലനവും നടത്തിയാണു ഭാരം കുറച്ചത്. പുരസ്കാര വേദിയിൽ സ്റ്റൈലിഷ് ലുക്കിലെത്തിയ രോഹിതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് നീക്കി, ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീം ഇറങ്ങുന്നത്. സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഗില്ലിനു കീഴിൽ കളിക്കും. ചാംപ്യൻസ് ട്രോഫി വിജയിച്ച ശേഷമുള്ള അവധി കഴിഞ്ഞാണ് രോഹിത് ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള പരിശീലനം തുടങ്ങി. കൃത്യമായ സമയക്രമം പാലിച്ച് നിയന്ത്രിത അളവിൽ മാത്രം ഭക്ഷണം കഴിച്ചു.
എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങളും ബട്ടര്‍ ചിക്കൻ, ചിക്കൻ ബിരിയാണി എന്നിവ രോഹിത് പൂർണമായും ഒഴിവാക്കിയിരുന്നു. ഇന്ത്യൻ ടീം പരിശീലക സംഘത്തിലുണ്ടായിരുന്ന അഭിഷേക് നായർക്കു കീഴിലായിരുന്നു രോഹിതിന്റെ തയാറെടുപ്പുകൾ. വർക്കൗട്ടിനു പുറമേ, ബ്രോങ്കോ ടെസ്റ്റിനു വേണ്ടിയും തയാറെടുപ്പുകൾ നടത്തി. ഒക്ടോബർ 19നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഈ പരമ്പരയ്ക്കു ശേഷം രോഹിത് രാജ്യാന്തര കരിയർ പൂർണമായും അവസാനിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് രോഹിത് നേരത്തേ വിരമിച്ചിരുന്നു.
English Summary:








English (US) ·