'ഹിറ്റ്ലറെ എതിർത്ത മുത്തച്ഛനെ കോൺസൺട്രേഷൻ ക്യാമ്പിലടച്ചു, കൊടും ക്രൂരതകൾക്ക് അദ്ദേഹം സാക്ഷിയായി'

5 months ago 7

Soni Razdan

സോണി റസ്ദാൻ | ഫോട്ടോ: Instagram

ഡോൾഫ് ഹിറ്റ്‌ലർക്കെതിരെ തൻ്റെ മുത്തച്ഛൻ സ്വീകരിച്ച ധീരമായ നിലപാടിനെക്കുറിച്ച് സംസാരിച്ച് ആലിയാ ഭട്ടിന്റെ അമ്മയും നടിയും സംവിധായികയുമായ സോണി റാസ്ദാൻ. മുത്തച്ഛൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ നിലവിലെ മാനുഷിക പ്രതിസന്ധിയുമായി എങ്ങനെ ചേർന്നുപോകുന്നുവെന്ന് അവർ വ്യക്തമാക്കി. പലസ്തീൻ സംഘർഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ മുത്തച്ഛൻ എങ്ങനെയാണ് ഹിറ്റ്ലർക്കെതിരെ ശബ്ദമുയർത്തിയതെന്ന് വിശദീകരിച്ചത്.

നാസി ജർമ്മനിയിൽ ഹിറ്റ്ലറുടെ ഭരണത്തെ ധൈര്യപൂർവ്വം എതിർത്തുകൊണ്ട് തൻ്റെ മുത്തച്ഛൻ ഒരു രഹസ്യ പത്രം നടത്തിയിരുന്നതായി സോണി വെളിപ്പെടുത്തി. ഒടുവിൽ പിടിക്കപ്പെട്ട അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ഒരു കോൺസൺട്രേഷൻ ക്യാമ്പിലേക്ക് അയയ്ക്കുകയും ചെയ്തു. അവിടെ അദ്ദേഹം കടുത്ത ക്രൂരതകൾക്ക് സാക്ഷിയായി. പിന്നീട് ജർമ്മൻ പൗരത്വം കാരണം മോചിപ്പിക്കപ്പെട്ടെങ്കിലും, അദ്ദേഹത്തെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്തിയെന്നും സോണി വ്യക്തമാക്കി. ജൂത-ഓസ്‌ട്രേലിയൻ നടിയായ മിറിയം മാർഗോലിസിൻ്റെ ഒരു സമീപകാല വീഡിയോ ആണ് സോണിക്ക് ഈ പോസ്റ്റിടാൻ പ്രചോദനമായത്.

"ഹിറ്റ്‌ലർ വിജയിച്ചത് ജൂതന്മാരെ തന്നെപ്പോലെയാക്കിയതുകൊണ്ടാണ്" എന്ന് മിറിയം ആ വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് സോണി റാസ്ദാൻ തന്റെ മുത്തച്ഛൻ നാസി ജർമനിയിൽ അനുഭവിച്ച കഷ്ടതകളെക്കുറിച്ച് ഓർമക്കുറിപ്പ് എഴുതിയത്. “അടുത്തിടെ ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും ദുഃഖകരമായ കാര്യമാണിത്... ഭയപ്പെടുത്തുന്ന ഒരു കുറ്റാരോപണം.” അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. തൻ്റെ മുത്തച്ഛൻ ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ ശ്രമിച്ച ആളുകൾ തന്നെ, ഇപ്പോൾ മറ്റുള്ളവരെ പീഡിപ്പിക്കുന്നു എന്ന ചരിത്രത്തിന്റെ വിരോധാഭാസത്തെക്കുറിച്ചും അവർ കുറിച്ചു.

“ഇത് കാണാൻ എൻ്റെ മുത്തച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു. അത് അദ്ദേഹത്തെ തകർക്കുമായിരുന്നു. ഒരു സ്വേച്ഛാധിപതിക്കെതിരെ നിലകൊള്ളാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം രക്ഷിക്കാൻ ശ്രമിച്ച ആളുകൾ തന്നെ അടിച്ചമർത്തുന്നവരായി മാറിയിരിക്കുന്നു.” സോണി കുറിച്ചു.

ഒരുകാലത്ത് പല ജർമ്മൻകാരും ഹിറ്റ്ലറെ എതിർത്തതുപോലെ, ഇന്ന് പല ജൂത വിഭാ​ഗക്കാരും പലസ്തീനിലെ അക്രമങ്ങളെ എതിർക്കുന്നുണ്ടെന്ന് സോണി പറഞ്ഞു. തൻ്റെ മുത്തച്ഛൻ കാണിച്ച ധൈര്യം ചുരുക്കം ചിലർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അവർ ഊന്നിപ്പറഞ്ഞു. കുടുംബത്തിൻ്റെ ഭൂതകാലം പലസ്തീനിലെ സംഘർഷവുമായി തനിക്ക് വ്യക്തിപരമായ ബന്ധം നൽകുന്നുവെന്ന് അവർ പറഞ്ഞു. നീതിക്കും അനുകമ്പയ്ക്കും വേണ്ടി ആഹ്വാനം ചെയ്തുകൊണ്ടാണ് സോണി റാസ്ദാൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

റെൻസിൽ ഡിസിൽവ സംവിധാനം ചെയ്ത് സിദ്ധാർത്ഥ് പി. മൽഹോത്ര നിർമ്മിക്കുന്ന ഒരു നെറ്റ്ഫ്ലിക്സ് മിസ്റ്ററി ത്രില്ലർ പരമ്പരയിലാണ് സോണി ഇനി വേഷമിടുന്നത്. പരിനീതി ചോപ്ര, താഹിർ രാജ് ഭാസിൻ, ജെന്നിഫർ വിംഗറ്റ് എന്നിവരാണ് പ്രധാനതാരങ്ങൾ. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഈ പരമ്പരയുടെ പശ്ചാത്തലം ഷിംലയാണ്. അൻഷുമാൻ ഝാ, രഘുബീർ യാദവ് എന്നിവർ അഭിനയിക്കുന്ന 'ഹരി കാ ഓം' എന്ന ചിത്രത്തിലും സോണി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഈ ചിത്രം ലണ്ടനിൽ നടന്ന യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2025-ൽ പ്രീമിയർ ചെയ്തിരുന്നു. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Content Highlights: Soni Razdan Evokes Family's Nazi Resistance successful Reflection connected Palestine Conflict

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article