.jpg?%24p=011ff06&f=16x10&w=852&q=0.8)
റിനി ആൻ ജോർജ് | Photo: Screen grab/ Mathrubhumi News
കൊച്ചി: യുവനേതാവിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി നടി റിനി ആന്‍ ജോര്‍ജ്. തനിക്ക് മോശം സന്ദേശമയച്ച യുവനേതാവിനെതിരേ അയാള്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തില്‍നിന്നുതന്നെ കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ടെന്ന് നടി പറഞ്ഞു. പാര്‍ട്ടിയിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇയാളില്‍നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രസ്ഥാനത്തിന്റേയും വ്യക്തിയുടേയും പേര് മാധ്യമപ്രവര്‍ത്തകര്‍ പലതവണ ചോദിച്ചപ്പോള്‍ 'ഹൂ കെയേഴ്സ്' എന്ന് നടി ആവര്‍ത്തിച്ചു. ആരോപണം മാങ്കൂട്ടത്തിലിനെതിരെയാണോ എന്ന ചോദ്യത്തിന്, നോ കമന്റ്‌സ് എന്നായിരുന്നു റിനിയുടെ പ്രതികരണം. താന്‍ പരാതി പറഞ്ഞപ്പോള്‍ പല നേതാക്കളുടേയും മറുപടി കേട്ടപ്പോള്‍ വിഗ്രഹങ്ങള്‍ ഉടഞ്ഞുപോയെന്നും നടി പറഞ്ഞു.
'നേതൃത്വത്തിലിരിക്കുന്ന വ്യക്തി ഒരുപാട് പേര്‍ക്ക് ശല്യമാവുന്നു. എന്നിട്ട് ആ വ്യക്തിയെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കുന്നു. വലിയ സംരക്ഷണ സംവിധാനം വ്യക്തിക്കുണ്ട്. പരാതിപ്പെടും എന്ന് പറഞ്ഞപ്പോള്‍ 'പോയ് പറയ്, പോയ് പറയ്' എന്നാണ് പറഞ്ഞത്. ഒരു പ്രസ്ഥാനത്തേയും തേജോവധം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. അതിനുകാരണം ആ പ്രസ്ഥാനത്തോടുള്ള അടുപ്പവും സ്‌നേഹവുമാണ്. ഇത്തരത്തിലുള്ള ആളുകളെ നിലനിര്‍ത്തി മുന്നോട്ടുപ്പോവരുത് എന്നാണ് എനിക്ക് പ്രസ്ഥാനത്തോട് പറയാനുള്ളത്. രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും ധാര്‍മികത വേണം', നടി പറഞ്ഞു.
'ഈ വ്യക്തിക്കെതിരേ പ്രസ്ഥാനത്തിന് അകത്തുനിന്ന് തന്നെ പരാതികള്‍ വരുന്നുണ്ട്. ആ പ്രസ്ഥാനത്തിനകത്തുള്ള നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കുംവരെ ഇയാളില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. എന്നിട്ട് എന്തുകൊണ്ടാണ് സ്വന്തം ഭാര്യയേയും മകളേയും സംരക്ഷിക്കാന്‍ കഴിയാത്തത്. ഇത്തരക്കാരെ റീല്‍സും കാര്യങ്ങളും നോക്കി വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്', റിനി ആരോപിച്ചു.
'പലരുടേയും അടുത്ത് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കൂടെയുണ്ടെന്ന രീതിയിലാണ് പ്രതികരിച്ചത്. വേണ്ടിടത്തെല്ലാം പറഞ്ഞിട്ടുണ്ട്. പറഞ്ഞതിന് ഒരു നീക്കുപോക്കും ഇല്ലാതെ ആ വ്യക്തിയെ പല സ്ഥാനങ്ങളിലും എത്തിച്ചു. പിന്നീടും പല സ്ത്രീകള്‍ക്കും ദുരനുഭവമുണ്ടായി. അതുകൊണ്ട് ഞാന്‍ ഇനിയും മൗനമായി ഇരിക്കുന്നതില്‍ യോജിപ്പ് തോന്നിയില്ല. അതുകൊണ്ട് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. പേര് പറഞ്ഞു മുന്നോട്ടുപോയാലും നീതി കിട്ടില്ല', റിനി വ്യക്തമാക്കി.
എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് അത് തീരുമാനക്കേണ്ടത് ആ പ്രസ്ഥാനമാണെന്നായിരുന്നു നടിയുടെ മറുപടി. 'എന്റെ ജീവിതം അപകടത്തില്‍പ്പെടുത്തിയാണ് ഞാന്‍ സംസാരിക്കുന്നത്. ഇനിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇത്തരം യുവനേതാക്കളെ നിയന്ത്രിക്കാന്‍ തയ്യാറാവണം. പരാതി പറഞ്ഞപ്പോള്‍ പല നേതാക്കളുടേയും മറുപടി കേട്ടപ്പോള്‍ വിഗ്രഹങ്ങള്‍ ഉടഞ്ഞുപോയി', അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Actress Rini Ann George Accuses Young Leader of Misconduct
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·