ഹൂത്തികളെ നേരിടാൻ സൗദിയുടെ തന്ത്രമാറ്റം; പതിറ്റാണ്ടുകളുടെ ശത്രുത മറന്ന് ഇസ്രായേലിന്റെ സഹായം തേടി സൗദി

3 days ago 2

യെമനിലെ ഹൂത്തി വിമതരുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ അവരെ നേരിടാൻ സൗദി അറേബ്യ പുതിയ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി ശത്രുപക്ഷമായി കണക്കാക്കിയിരുന്ന ഇസ്രായേലിൽ നിന്ന് രഹസ്യാന്വേഷണ സഹകരണം തേടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന സഖ്യകക്ഷിയായ പാകിസ്ഥാൻ സൈനിക സഹായം നൽകാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് സൗദിയുടെ നീക്കമെന്നാണ് സൂചന.

ചെങ്കടൽ മേഖലയിലും തന്ത്രപ്രധാനമായ ബാബ് എൽ-മന്ദബ് കടലിടുക്കിന് സമീപവും ഹൂത്തികളുടെ ആക്രമണം ശക്തമായത് സൗദിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന കടൽപാതയായ ബാബ് എൽ-മന്ദബിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നത് സൗദിയുടെ സാമ്പത്തിക, സുരക്ഷാ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇസ്രായേലിന്റെ സഹായം തേടിയതായാണ് റിപ്പോർട്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നതായും സൂചനയുണ്ട്. ബാബ് എൽ-മന്ദബ് മേഖലയിലെ ഹൂത്തി നീക്കങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടണമെന്നാണ് സൗദിയുടെ ആവശ്യമെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രായേലുമായി സൗദിക്ക് ഔപചാരിക നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്നതാണ് ശ്രദ്ധേയം. നേരത്തെ യെമനിലെ യുദ്ധത്തിൽ പങ്കെടുക്കാൻ സൈന്യത്തെ അയയ്ക്കണമെന്ന സൗദിയുടെ ആവശ്യം പാകിസ്ഥാൻ നിരസിച്ചിരുന്നു. സൗദിയുടെ പ്രദേശിക സുരക്ഷയ്ക്കായി മാത്രമേ പാകിസ്ഥാൻ സൈന്യത്തെ ഉപയോഗിക്കൂ എന്ന നിലപാടാണ് ഇസ്ലാമാബാദ് സ്വീകരിച്ചത്.

അതേസമയം, ഹൂത്തികൾക്കെതിരെ യുഎസും ബ്രിട്ടനും നേരിട്ടുള്ള സൈനിക ഇടപെടലിന് പരിമിതികൾ ഏർപ്പെടുത്തിയതോടെ സൗദി മറ്റ് രാജ്യങ്ങളുടെ സഹായവും തേടുകയാണ്. ഈജിപ്ത് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുമായും ഗൾഫ് രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്.

Read Entire Article