'ഹൃദയപൂര്‍വം' ലൊക്കേഷനില്‍ 'തുടരും' സിനിമയുടെ വിജയം ആഘോഷിച്ച് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും ആരാധകരും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി വിജയാഘോഷം നടന്നത്. ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ മോഹന്‍ലാല്‍ പുണെയില്‍ ചിത്രീകരണം നടന്നുവരുന്ന സത്യന്‍ അന്തിക്കാടിന്റെ 'ഹൃദയപൂര്‍വ്വം' സിനിമയില്‍ അഭിനയിച്ചുവരികയായിരുന്നു. മോഹന്‍ലാല്‍ 'തുടരും' കാണുന്നതും പുണെയില്‍വച്ചാണ്.
പുണെയിലെ ചിത്രീകരണം ഏപ്രില്‍ 27-ന് പൂര്‍ത്തിയായി. വെള്ളിയാഴ്ച 'ഹൃദയപൂര്‍വ്വം' ചിത്രീകരണം വീണ്ടും കൊച്ചിയില്‍ ആരംഭിച്ചു. ചെന്നൈയിലെ തന്റെ വിവാഹവാര്‍ഷികാഘോഷത്തിലും, മുംബൈയില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരന്ന പ്രധാനമന്ത്രിയുടെ ചടങ്ങിലും പങ്കെടുത്ത ശേഷമാണ് മോഹന്‍ലാല്‍ കൊച്ചിയില്‍ എത്തിയത്.
'തുടരും' ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തില്‍ വിജയാഘോഷം നടത്താന്‍ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. ഈ വിവരം അവര്‍ മോഹന്‍ലാലിനെ അറിയിക്കുകയും ചെയ്തു. സിനിമയുടെ വിജയത്തിനു ശേഷം മോഹന്‍ലാല്‍ കേരളത്തില്‍ എത്തുന്ന ദിവസംതന്നെ ചടങ്ങ് നടത്താനായിരുന്നു സംഘാടകരുടെ ആഗ്രഹം.
'ഹൃദയപൂര്‍വ്വം' സിനിമയുടെ കൊച്ചി ഷെഡ്യൂള്‍ വെള്ളിയാഴ്ച ട്രാവന്‍കൂര്‍ ഹോട്ടലില്‍ ആയിരുന്നു ആരംഭിച്ചത്. ഇവിടെ പ്രസിഡന്റ് ഷിബിന്‍, സെക്രട്ടറി ജിതിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലളിതമായ ചടങ്ങ് പ്ലാന്‍ ചെയ്തു. 'തുടരും' ചിത്രത്തിന്റെ നിര്‍മാതാവ് എം. രഞ്ജിത്ത് ഇതേ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഫാന്‍സ് ഭാരവാഹികള്‍ രഞ്ജിത്തിനെ കണ്ട് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നുണ്ടെന്ന കാര്യം അറിയിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങില്‍ പറഞ്ഞു.
സംവിധായകനില്ലാതെ എന്താഘോഷം എന്നാണ് രഞ്ജിത്ത് സംഘാടകരോടു ചോദിച്ചത്. രഞ്ജിത്ത് തന്നെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയേയും തിരക്കഥകൃത്ത് കെ.ആര്‍. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഇരുവരും എത്തിച്ചേര്‍ന്നു. ഉച്ചക്ക് രണ്ടു മണിയോടെ ഹോട്ടലില്‍ എല്ലാവരും ഒത്തുചേര്‍ന്നു. ഒപ്പം ഹൃദയപൂര്‍വം ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഉണ്ടായിരുന്നു.
മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി, ചിപ്പി രഞ്ജിത്ത്, എം. രഞ്ജിത്ത്, തിരക്കഥാകൃത്ത് കെ.ആര്‍. സുനില്‍, ആന്റണി പെരുമ്പാവൂര്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ വിജയാഘോഷത്തില്‍ സംസാരിച്ചു. ചിത്രീകരണസമയത്ത് മോഹന്‍ലാല്‍ അനുഭവിക്കേണ്ടി വന്ന പല കഷ്ടപ്പാടുകളേയും കുറിച്ച് നിര്‍മാതാവ് എം. രഞ്ജിത്ത് വിശദീകരിച്ചു.
'കഴിഞ്ഞ പത്തുവര്‍ഷക്കാലമായി രഞ്ജിത്ത് ഈ സബ്ജക്റ്റുമായി എന്നോടൊപ്പമുണ്ടയിരുന്നു. ഇക്കാലമത്രയും ക്ഷമയോടെ കാത്തിരുന്നതിന്റെ അനുഗ്രഹം ദൈവം അറിഞ്ഞു നല്‍കിയിരിക്കുകയാണ് രഞ്ജിത്തിനെ', മോഹന്‍ലാല്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങ് കഴിഞ്ഞ് ഇറങ്ങുന്ന വേളയില്‍ മോഹന്‍ലാല്‍ രഞ്ജിത്തിനോട് ഇനിയും ഇതുപോലൊരു ചടങ്ങ് ഉണ്ടാവുമോ എന്ന് ചോദിച്ചിരുന്നു. 'ഉണ്ട് ചേട്ടാ, വല്യപരിപാടി പുറകേ', എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.
Content Highlights: Mohanlal unexpectedly joined the solemnisation of `Thudarum`s` success
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·