Published: April 04 , 2025 02:41 PM IST Updated: April 04, 2025 02:47 PM IST
1 minute Read
കൊൽക്കത്ത∙ ബാറ്റിൽനിന്നു ബാറ്റിലേക്കു പകർന്ന വെടിക്കെട്ടുപോലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിങ്; നനഞ്ഞ പടക്കമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ മറുപടി. ആവേശപ്പോരാട്ടത്തൽ ഈഡൻ ഗാർഡൻസിൽ അനായാസ വിജയവുമായി കൊൽക്കത്ത തിരിച്ചുകയറുമ്പോൾ, കൊൽക്കത്തയുടെ വിജയശിൽപി ഒരു ഇന്ത്യൻ യുവതാരമാണ്. പവർ ഹിറ്റർമാരുടെ കരുത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ ചിറകരിഞ്ഞതു കൊൽക്കത്ത പേസർ വൈഭവ് അറോറയുടെ സ്പെല്ലാണ്.
ഇംപാക്ട് സബ് ആയി ബോളിങ്ങിനെത്തിയ വൈഭവ്, ട്രാവിസ് ഹെഡ് (4), ഇഷൻ കിഷൻ (2) എന്നിവരുടെ നിർണായക വിക്കറ്റുകളുമായി പവർപ്ലേയിൽ ഹൈദരാബാദിനെ നടുക്കി. അവസാന പ്രതീക്ഷയായിരുന്ന ഹെയ്ൻറിച് ക്ലാസനെ 15–ാം ഓവറിൽ പുറത്താക്കിയതും ഇരുപത്തിയേഴുകാരൻ വൈഭവാണ്. 4 ഓവറിൽ 29 റൺസ് വഴങ്ങിയ വൈഭവ് ഒരു മെയ്ഡൻ ഉൾപ്പെടെയാണ് 3 വിക്കറ്റ് വീഴ്ത്തിയത്.
കഴിഞ്ഞ ഐപിഎൽ ഫൈനലിൽ തന്റെ ആദ്യ പന്തിൽ ട്രാവിസ് ഹെഡിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയ വൈഭവ് ഇന്നലെ രണ്ടാം പന്തിൽ ആ നേട്ടം ആവർത്തിച്ചു. ഹരിയാനയിലെ അംബാല സ്വദേശിയായ വൈഭവ് ആഭ്യന്തര ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിന്റെ താരമാണ്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 200 റൺസ് നേടിയ കൊൽക്കത്ത, വെടിക്കെട്ട് ബാറ്റർമാർ നിറഞ്ഞ ഹൈദരാബാദിനെ 120 റൺസിൽ ഓൾഔട്ടാക്കി. നിലവിലെ ചാംപ്യൻമാർക്ക് 80 റൺസ് ജയം. സീസണിൽ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയ ഹൈദരാബാദ് റൺ അടിസ്ഥാനത്തിലുള്ള അവരുടെ വലിയ തോൽവിയെന്ന നാണക്കേടും വഴങ്ങി. 3 നിർണായക വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദിന്റെ വിജയസ്വപ്നങ്ങൾ അട്ടിമറിച്ച വൈഭവ് അറോറ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും നേടി.
English Summary:








English (US) ·