'ഹെല്‍മറ്റില്ലാതെ എന്നെ ബൈക്കില്‍ പിന്തുടരരുത്'; ആരാധകര്‍ക്ക് വിജയ്‌യുടെ ഉപദേശം

8 months ago 9

01 May 2025, 09:41 PM IST

vijay

വിജയ് | ഫയൽ ചിത്രം/ പിടിഐ

തന്റെ മധുര യാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ലെന്ന്‌ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. യാത്ര തികച്ചും തൊഴില്‍പരമാണെന്നും അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മധുരയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്.

സിനിമയിലെ കരിയര്‍ അവസാനിപ്പിച്ചാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് എന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'ജനനായകന്‍' അദ്ദേഹത്തിന്റെ അവസാന ചിത്രം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 'എന്റെ മധുര യാത്രയുമായി ബന്ധപ്പെട്ട് ഒരുപാട്‌ വ്യാജവാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതൊരു രാഷ്ട്രീയസന്ദര്‍ശനമല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ യാത്ര തൊഴിലുമായി ബന്ധപ്പെട്ടാണ്. ജനനായകന്റെ ഷൂട്ടിന് വേണ്ടിയാണ് ഞാന്‍ കൊടൈക്കനാലിലേക്ക് പോകുന്നത്', വിജയ് വ്യക്തമാക്കി.

അതേസമയം, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ തന്നെ പിന്തുടരുന്ന ആരാധകര്‍ക്ക് ഉപദേശം നല്‍കാനും താരം മറന്നില്ല. 'ഹെല്‍മറ്റ് ഇല്ലാതെ ആരാധകര്‍ തന്നെ ബൈക്കുകളില്‍ പിന്തുടരുന്നത് കാണുമ്പോള്‍ ദുഃഖവും ആശങ്കയുമുണ്ട്. ഇത് അശ്രദ്ധമായ പെരുമാറ്റമാണ്. എല്ലാവരുടേയും പ്രഥമപരിഗണന സുരക്ഷയ്ക്കായിരിക്കണം. ഇത്തരം സാഹചര്യം ഒഴിവാക്കണം', വിജയ് ആഹ്വാനം ചെയ്തു.

അതേസമയം, വിജയ്‌യുടെ ആഹ്വാനത്തിന് ശേഷവും നിരവധിപ്പേര്‍ ഹെല്‍മറ്റ് ഇല്ലാതെ താരത്തിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മധുരയിലെത്തിയ താരത്തെ റോഡ് ഷോയോടെയാണ് ആരാധകര്‍ വരവേറ്റത്. 2026-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന വിജയ് നിലവില്‍ എച്ച്. വിനോദിന്റെ 'ജനനായകന്‍' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൂജാ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

Content Highlights: Vijay's fans successful Madurai travel him connected bikes without helmets contempt him asking them not to

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article