
Photo: ANI, x.com/Cricketracker/
ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്ന ഒരു മത്സരം. ഓവലില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല. അവസാന ദിനം നാലു വിക്കറ്റ് ശേഷിക്കേ ജയിക്കാന്‍ 35 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനെ ആറു റണ്‍സകലെ ഇന്ത്യ എറിഞ്ഞിടുമ്പോഴേക്കും കളികണ്ടവരുടെ ഹൃദയമിടിപ്പ് പലമടങ്ങായിരുന്നു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ് അത്രയും ആവേശകരമായിരുന്നു ടെസ്റ്റിന്റെ അഞ്ചാം ദിനം.
നാലാം ദിനം മഴയും വെളിച്ചക്കുറവും കാരണം കളി നേരത്തേ നിര്‍ത്തുമ്പോള്‍ ആറിന് 339 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. കളി നേരത്തേ നിര്‍ത്തിയതില്‍ ഇംഗ്ലണ്ട് ആശ്വസിച്ചിരുന്നിരിക്കണം. കാരണം അടുത്ത ദിവസം പിച്ച് റോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഹെവി റോളര്‍ മത്സരത്തിന്റെ ഗതിമാറ്റുമെന്ന് അവര്‍ കണക്കുകൂട്ടിയിരിക്കണം. നാലാം ദിനത്തിലെ മത്സരത്തിനു ശേഷം ഹര്‍ഷ ഭോഗ്‌ലെയാണ് അഞ്ചാം ദിവസം ഉപയോഗിക്കാന്‍ പോകുന്ന ഹെവി റോളറിന്റെ കാര്യം ആദ്യം പങ്കുവെയ്ക്കുന്നത്. നാളെ കളിപുനരാരംഭിക്കുമ്പോള്‍ ഹെവി റോളറിന്റെ ഉപയോഗം ഗെയിം ചേഞ്ചറാകുമെന്ന് ഭോഗ്‌ലെ പറഞ്ഞിരുന്നു.
.jpg?$p=e871479&w=852&q=0.8)
ഹെവി റോളറിന്റെ ഉപയോഗം
ഐസിസി നിയമം അനുസരിച്ച് ബാറ്റിങ് ടീമിന്റെ ക്യാപ്റ്റന്റെ അഭ്യര്‍ഥന പ്രകാരം ആദ്യ ഇന്നിങ്‌സ് ഒഴികെ ഓരോ ഇന്നിങ്‌സ് ആരംഭിക്കുന്നതിന് മുമ്പും പിച്ച് റോള്‍ ചെയ്യാം. ഇത് ഏഴു മിനിറ്റില്‍ കൂടാന്‍ പാടില്ല. തുടര്‍ന്നുള്ള ഓരോ ദിവസത്തെ കളി ആരംഭിക്കുന്നതിന് മുമ്പും പിച്ച് റോള്‍ ചെയ്യാം.
ഏത് ദിവസമായാലും ആ ദിവസത്തെ കളിയാരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് റോളിങ് ആരംഭിക്കാന്‍ പാടില്ല. എന്നിരുന്നാലും ബാറ്റിങ് ടീമിന്റെ ക്യാപ്റ്റന് ഈ റോളിങ് കളിയാരംഭിക്കുന്നതിന് 10 മിനിറ്റില്‍ കുറയാത്ത സമയത്തേക്ക് വൈകിപ്പിക്കാം. അതായത് കളി ആരംഭിക്കുന്നതിന് 10 മിനിറ്റ് മുമ്പെങ്കിലും ക്യാപ്റ്റന്‍ പിച്ച് റോള്‍ ചെയ്യാനുള്ള സമ്മതം നല്‍കണം. ഇതിലെ പ്രധാനപ്പെട്ട കാര്യം റോളര്‍ ഏതെന്ന് (ഹെവി അല്ലെങ്കില്‍ ലൈറ്റ്) തീരുമാനിക്കുന്നത് ബാറ്റിങ് ടീമിന്റെ ക്യാപ്റ്റനാണ്.
ഹെവി റോളര്‍ ഉപയോഗിച്ച് പിച്ച് റോള്‍ ചെയ്യുമ്പോള്‍ പിച്ച് കൂടുതല്‍ ഫ്‌ളാറ്റാകും. ഇത് ബാറ്റിങ് സാഹചര്യം മെച്ചപ്പെടുത്തും. അധികനേരം പിച്ച് ആ ഫ്‌ളാറ്റ് സ്വഭാത്തില്‍ തുടരില്ലെങ്കിലും ബൗളിങ് ടീമിന്റെ താളംതെറ്റിക്കാന്‍ ഇങ്ങനെ ഫ്‌ളാറ്റായ പിച്ചിലെ ആക്രമണ ബാറ്റിങ് സമീപനം കൊണ്ട് സാധിക്കും.
നാലാം ദിവസത്തെ മത്സരത്തിനു മുമ്പ് ഇംഗ്ലണ്ട് നായകന്‍ ഒലി പോപ്പ് പിച്ച് ഹെവി റോളര്‍ കൊണ്ട് റോള്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. നാലാം ദിനത്തിലെ തുടക്കത്തില്‍ അതിന്റെ ഫലവും വ്യക്തമായിരുന്നു. ബെന്‍ ഡക്കറ്റും പോപ്പും അനായാസം സ്‌കോര്‍ ചെയ്തു. ഇരുവരും പുറത്തായ ശേഷം ഹാരി ബ്രൂക്കും ജോ റൂട്ടും സെഞ്ചുറി നേടുകയും ചെയ്തു.
അഞ്ചാം ദിനം ജയിക്കാന്‍ നാലു വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് 35 റണ്‍സായിരുന്നു. ജാമി സ്മിത്തും തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്ന ജാമി ഓവര്‍ട്ടണുമായിരുന്നു ക്രീസില്‍. ഇവിടെയാണ് ഇംഗ്ലണ്ടിന് ഹെവി റോളറിന്റെ ഉപയോഗം കൊണ്ടുള്ള നേട്ടമുണ്ടായിരുന്നത്. തുടക്കത്തില്‍ പിച്ച് ബാറ്റിങ്ങിന് അനുകൂലമായാല്‍ അതിവേഗം റണ്‍സ് അടിച്ചെടുക്കാമെന്ന് ഇംഗ്ലണ്ട് കണക്കുകൂട്ടി. ഇത് ശരിവെക്കുന്നതായിരുന്നു അഞ്ചാം ദിനത്തിലെ ആദ്യ പന്തുമുതല്‍ തന്നെ ആക്രമിച്ചു കളിച്ച ഓവര്‍ട്ടണിന്റെ ശൈലി. അതിവേഗം റണ്‍സടിക്കാനുള്ള വ്യഗ്രതയിലായിരുന്നു ഇംഗ്ലണ്ട് എന്നത് നമ്മള്‍ കണ്ടതാണ്.
അതിനാല്‍ തന്നെ അഞ്ചാം ദിനത്തിലെ മത്സരത്തിനു മുമ്പ് പോപ്പ് ഹെവി റോളര്‍ തന്നെയാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തം. ഇതുവരെയുള്ള റോളിങ് കളിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് നാലാം ദിനത്തിലെ മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജോ റൂട്ട് പറഞ്ഞിരുന്നു. ഹെവി ഒന്ന് ഉപയോഗിച്ചാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അഞ്ചാം ദിനം തുടക്കത്തില്‍ കാര്യങ്ങള്‍ ഇംഗ്ലണ്ട് വിചാരിച്ചതു പോലെ നടന്നെങ്കിലും മുഹമ്മദ് സിറാജ് തന്റെ എല്ലാ മികവും പുറത്തെടുത്ത് പന്തെറിഞ്ഞതോടെ ഇന്ത്യ മത്സരം സ്വന്തമാക്കുകയായിരുന്നു. അതിവേഗം റണ്‍സടിക്കാനുള്ള ശ്രമങ്ങളാണ് സ്മിത്തിന്റെയും ഓവര്‍ട്ടണിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. ഇതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.
Content Highlights: Witness India`s thrilling 6-run triumph implicit England successful the Oval Test








English (US) ·