Published: October 13, 2025 10:24 AM IST
1 minute Read
ഡാലസ്∙ ക്രിക്കറ്റ് മത്സരത്തിൽ ബാറ്റു ചെയ്യുന്നതിനിടെ ഗുരുതരമായി പരുക്കേൽക്കമായിരുന്ന സാഹചര്യത്തിൽനിന്നു കഷ്ടിച്ച് രക്ഷപ്പെട്ട് വെസ്റ്റിൻഡീസ് ഓൾറൗണ്ടർ റഹ്കീം കോൺവാൾ, ഞായറാഴ്ച, യുഎസിലെ ഡാലസിൽ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നടന്ന അറ്റ്ലാന്റ കിങ്സ് സിസിയും ലൊസാഞ്ചൽസ് വേവ്സ് സിസിയും തമ്മിലുള്ള നാഷനൽ ക്രിക്കറ്റ് ടി10 ലീഗ് എലിമിനേറ്റർ മത്സരത്തിനിടെയാണ് സംഭവം. വേവ്സ് ബോളർ റമൻ റയീസ് എറിഞ്ഞ ബൗൺസർ കോൺവാളിന്റെ ഹെൽമറ്റ് ഗ്രില്ലിൽ ഇടിക്കുകയായിരുന്നു.
വേഗമേറിയ പന്ത് ഹെൽമറ്റിന്റെ ബാറുകൾക്കിടയിൽ കുടുങ്ങി. ഇതോടെ ബോളറും വിക്കറ്റ് കീപ്പറും ഉൾപ്പെടെയുള്ളവർ ആശങ്കപ്പെട്ട് കോൺവാളിന്റെ അടുത്തെത്തി. വൈദ്യസഹായത്തിനായി വിക്കറ്റ് കീപ്പർ സിഗ്നൽ നൽകുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഹെൽമറ്റ് ഊരിയ ശേഷം താരം തന്നെ ചിരിച്ചുകൊണ്ട് പന്ത് ഗ്രില്ലിനിടയിൽനിന്ന് എടുത്തു. ഇതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. എന്നാൽ 14 പന്തിൽ നിന്ന് 17 റൺസെടുത്ത താരം റിട്ടയർഡ് ഔട്ടായി.
മത്സരത്തിൽ, കോൺവാളിന്റെ ടീമായ അറ്റ്ലാന്റ കിങ്സ് തോൽക്കുകയും ചെയ്തു. ലൊസാഞ്ചൽസ് വേവ്സ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അറ്റ്ലാന്റയുടെ ഇന്നിങ്സ് 62 റൺസിൽ അവസാനിക്കുകയായിരുന്നു. ലൊസാഞ്ചൽസിന് 34 റൺസ് ജയം. ഇതിനിടെ, ഹെൽമറ്റ് സംഭവത്തിനിടെ നടത്തിയ കമന്ററിയിൽ ചെറിയ വിവാദവുമുണ്ടായി. ഹെൽമറ്റിൽ ബോൾ കുടുങ്ങിയപ്പോൾ, ‘‘അദ്ദേഹം ഓകെ ആണ്, പക്ഷേ ബോൾ ഓകെ ആണോ’ എന്നായിരുന്നു കമന്റേറ്റർമാരിൽ ഒരാളുടെ വാക്കുകൾ. ഇതിനെതിരെ വിമർശനം ഉയർന്നു. കോൺവാളിന്റെ ശരീരപ്രകൃതിയെ പരിഹസിച്ചായിരുന്നു വാക്കുകൾ എന്നാണ് വിമർശനം.
English Summary:








English (US) ·