Published: September 19, 2026 02:39 PM IST Updated: September 19, 2026 03:38 PM IST
1 minute Read
നഗോയ∙ വൻകരയുടെ കായിക മാമാങ്കത്തിന് തിരിതെളിച്ച് 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം. ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച നടന്ന ഉദ്ഘാടനച്ചടങ്ങോടെയാണ് ഗെയിംസിന് ഔദ്യോഗിക തുടക്കമായത്. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനിയും ചടങ്ങിന് സാക്ഷിയായി.
What you should work next
മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ വനിതാ ഷൂട്ടിങ് താരവും ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തും ചേർന്ന് നയിച്ചു. ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങ് ടൂറിന് സെറിമോണിയൽ കിറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് പവൻ സെഹ്‌റാവത്തിനെ പതാകവാഹകനായി പകരം നിയോഗിച്ചത്. 29 മലയാളി താരങ്ങൾ ഉൾപ്പെടെ ആകെ 499 താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.
ഇത്തവണ ഏഷ്യൻ ഗെയിംസിനെത്തുമ്പോൾ ഇന്ത്യയ്ക്കുമേൽ സെഞ്ചറി മെഡൽനേട്ടത്തിന്റെ ഭാരമുണ്ട്. 2022ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 106 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽനേട്ടമായിരുന്നു കഴിഞ്ഞ വർഷത്തേത്. ആ മെഡൽ നേട്ടത്തെ മറികടക്കുന്ന സ്വപ്നവുമായാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്.
അത്‌ലറ്റിക്സ് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയില്ലെങ്കിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്കു കുറവൊന്നുമില്ല. എം.ശ്രീശങ്കർ, ആൻസി സോജൻ, തജീന്ദർപാൽ സിങ് ടൂർ, ഗുൽവീർ സിങ്, രോഹിത് യാദവ്, തേജസ്വിൻ ശങ്കർ, സർവേഷ് കുഷാരെ, ജ്യോതി യരാജി, പ്രവീൺ ചിത്രവേൽ തുടങ്ങി പ്രതീക്ഷയുള്ള താരങ്ങളേറെ.മനു ഭാക്കറിന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് ടീമിൽനിന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം. മലയാളി ഷൂട്ടർ വിദർശ കെ.വിനോദും മുപ്പതംഗ ടീമിലുണ്ട്. ക്രിക്കറ്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്നു. ബാഡ്മിന്റൻ, ഹോക്കി, കബഡി... അങ്ങനെ ശക്തമായ നിരയാണ് ഇന്ത്യയുടെ ഗെയിംസ് ടീമിലുള്ളത്.
English Summary:






English (US) ·