'ഹൈക്കോടതി ജഡ്ജിക്ക് ഇങ്ങനെ തെറ്റുപറ്റുമോ?' ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

6 months ago 6

Darshan

നടൻ ദർശൻ | ഫോട്ടോ: Facebook

ന്യൂഡൽഹി: രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശനുൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ച രീതിയുടെ പേരിൽ കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതി ജുഡീഷ്യൽ വിവേചനാധികാരം വിവേകപൂർവ്വം പ്രയോഗിച്ചോ എന്ന് ചോദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയെ അതിരൂക്ഷമായി വിമർശിച്ചത്. തുടർന്ന് കേസ് വിധി പറയാനായി മാറ്റി.

33-കാരനായ രേണുകാസ്വാമിയുടെ കൊലപാതകത്തിൽ നടൻ ദർശനും മറ്റുള്ളവർക്കും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി 2024 ഡിസംബർ 13-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കർണാടക സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമർശനം.

എല്ലാ ജാമ്യാപേക്ഷകളിലും ഹൈക്കോടതി ഇതേ രീതിയിലാണോ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതിയുടെ സമീപനമാണ് തങ്ങളെ അലട്ടുന്നത്. അത് ചെയ്ത രീതി നോക്കൂ. ഇതാണോ ഒരു ഹൈക്കോടതി ജഡ്ജിയുടെ ധാരണ? ഇതൊരു സെഷൻസ് ജഡ്ജിയായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ ഒരു ഹൈക്കോടതി ജഡ്ജി ഇങ്ങനെയൊരു തെറ്റ് വരുത്തുകയോ? - കോടതി ചോദിച്ചു. ഇതിനെ വിവേചനാധികാരത്തിന്റെ ദുരുപയോ​ഗമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.

ഇത്രയും ​ഗൗരവമേറിയ ഒരു കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിന് മുൻപ് ഹൈക്കോടതി വിവേകപൂർവം ചിന്തിച്ചോ എന്ന് പരിശോധിക്കുകയാണെന്ന് പറഞ്ഞു. "ഹൈക്കോടതി വരുത്തിയ അതേ തെറ്റ് ഞങ്ങൾ വരുത്തുകയില്ല," ബെഞ്ച് പറഞ്ഞു. "ഇതൊരു കൊലപാതകത്തിന്റെയും ഗൂഢാലോചനയുടെയും കേസ് ആയതിനാൽ ഞങ്ങൾ കുറച്ച് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്." സുപ്രീം കോടതി കൂട്ടിച്ചേർത്തു.

കേസിലെ രണ്ടാം പ്രതിയായ പവിത്ര ​ഗൗഡയുടെ അഭിഭാഷകനേയും സുപ്രീം കോടതി വിമർശിച്ചു. "ഇതെല്ലാം സംഭവിച്ചത് നിങ്ങൾ കാരണമാണ്. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ രണ്ടാം പ്രതിക്ക് താൽപ്പര്യമുണ്ടാകുമായിരുന്നില്ല. രണ്ടാം പ്രതിക്ക് താൽപ്പര്യമില്ലായിരുന്നെങ്കിൽ മറ്റുള്ളവർക്കും താൽപ്പര്യമുണ്ടാകുമായിരുന്നില്ല. അതുകൊണ്ട്, നിങ്ങളാണ് ഈ പ്രശ്നത്തിന്റെ മൂലകാരണം." കോടതി പറഞ്ഞു. എന്നാൽ തനിക്ക് ആക്ഷേപകരമായ സന്ദേശങ്ങൾ ലഭിച്ചുവെന്നും, തട്ടിക്കൊണ്ടുപോകലിലോ കൊലപാതകത്തിലോ ഉൾപ്പെട്ട പ്രതികളുമായി നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകൻ വാദിച്ചു. പ്രോസിക്യൂഷൻ കേസ് വിശ്വാസയോഗ്യമാണോ അല്ലയോ എന്നാണ് തങ്ങൾക്ക് നോക്കേണ്ടതെന്നാണ് ഇതിനോട് ബെഞ്ച് പ്രതികരിച്ചത്.

ക്രൂരകൃത്യം നടന്നയിടത്തിന്റെ കാവൽക്കാരായിരുന്ന കിരണിന്റെയും പുനീതിന്റെയും ദൃക്‌സാക്ഷി മൊഴികൾ ഹൈക്കോടതി എങ്ങനെ തള്ളിക്കളഞ്ഞുവെന്നും കോടതി ചോദിച്ചു. പ്രതികളിൽ ഒരാളിൽ നിന്ന് കണ്ടെടുത്ത തെളിവിന്റെ സ്വഭാവത്തെക്കുറിച്ചും ബെഞ്ച് ചോദ്യമുന്നയിച്ചു. പത്താം പ്രതിയിൽ നിന്ന് നിങ്ങൾ ഒരു മൊബൈൽ ഫോൺ കണ്ടെടുത്തു. ആക്രമണത്തിന്റെ ചിത്രങ്ങൾ എന്തിനാണ് ഒരാൾ എടുക്കുന്നത്? എന്നാണ് ഇക്കാര്യത്തിൽ കോടതി ചോദിച്ചത്.

കോൾ ഡാറ്റാ റെക്കോർഡുകൾ, ലൊക്കേഷൻ പിന്നുകൾ, വസ്ത്രത്തിലെയും വാഹനത്തിലെയും ഡിഎൻഎ, മറ്റ് തെളിവുകൾ എന്നിവ മൊഴികളെ പിന്തുണയ്ക്കുന്നുവെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര പറഞ്ഞു. ചിത്രങ്ങൾ രണ്ടാം പ്രതിക്ക് അയച്ചുകൊടുത്തെന്നും ഒരു ഫോട്ടോയിൽ കൊല്ലപ്പെട്ടയാൾ യാചിക്കുന്നത് കാണാമെന്നും അദ്ദേഹം അറിയിച്ചപ്പോൾ കോടതി നടുക്കം രേഖപ്പെടുത്തി. അവിശ്വസനീയം. ഈ ആളുകൾ അവിടെ ഒരു ആക്രമണം നടക്കുമ്പോൾ പോസ് ചെയ്യുകയാണോ? നടന്മാരെ ആരാധിക്കുന്ന ഈ കൾട്ടിനെക്കുറിച്ച് ഇപ്പോൾ മനസ്സിലായി എന്നാണ് ഈ വെളിപ്പെടുത്തലിനോട് ബെഞ്ച് പ്രതികരിച്ചത്.

വിഷയം പരിശോധിച്ച് വിധി പറയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ബെഞ്ച് വാദം കേൾക്കൽ അവസാനിപ്പിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന ഒരു വിധി പ്രസ്താവിക്കില്ല. പക്ഷേ, ഹൈക്കോടതിയുടെ നടപടിക്രമങ്ങൾ പരിശോധിച്ച് ഒരു തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Content Highlights: Supreme Court Criticizes Karnataka High Court's Bail Grant successful Renukaswamy Murder Case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article