ഹൈദരാബാദിൽ നിന്നുള്ള വ്യവസായിയെ സൂക്ഷിക്കുക, കെണിയിൽ ചാടിച്ചേക്കാം: ടീമുകൾക്കും താരങ്ങൾക്കും ബിസിസിഐ മുന്നറിയിപ്പ്

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 16 , 2025 02:49 PM IST

1 minute Read

(ഫയൽ ചിത്രം)
(ഫയൽ ചിത്രം)

മുംബൈ∙ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായി, ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ടീമുകളുമായും താരങ്ങളുമായും ബന്ധപ്പെടുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഒത്തുകളി ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് ഇയാൾ പ്രേരിപ്പിച്ചേക്കാമെന്ന്, ടീം ഉടമകൾക്കും കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും കമന്റേറ്റർമാർക്കും ബിസിസിഐ മുന്നറിയിപ്പു നൽകി. ഐപിഎലുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുമായി സൗഹൃദം നടിച്ച് വലയിലാക്കാൻ വിവിധ കേന്ദ്രങ്ങളിൽനിന്ന് ഊർജിത ശ്രമം ന‍ടക്കുന്നതായാണ് മുന്നറിയിപ്പ്.

വാതുവയ്പ് സംഘങ്ങളുമായി ബന്ധമുള്ള ഹൈദരാബാദിൽ നിന്നുള്ള ഒരു വ്യവസായി, ഐപിഎലുമായി ബന്ധപ്പെട്ട ആളുകളുമായി സൗഹൃദം നടിച്ച് അടുത്തുകൂടാൻ ശ്രമിക്കുന്നതായി ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇയാൾക്ക് വാതുവയ്പുകാരുമായി ബന്ധമുണ്ടെന്ന് നേരത്തേ കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണ്.

ഇയാളുമായി എന്തെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവരും സൗഹൃദം സ്ഥാപിച്ചവരും അക്കാര്യം എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്ന് അഴിമതി വിരുദ്ധ യൂണിറ്റ് നിർദ്ദേശം നൽകി. വാതുവയ്പുകാർ എല്ലാവിധ മാർഗങ്ങളും പയറ്റുന്ന സാഹചര്യത്തിൽ, കനത്ത ജാഗ്രത വേണമെന്നും കളിക്കാർക്ക് ഉൾപ്പെടെ നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയകരമായ കോണുകളിൽനിന്ന് ആരെങ്കിലും സമീപിച്ചാൽ അക്കാര്യം എത്രയും വേഗം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. 

സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലയേറിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് ഇവർ ഐപിഎലിൽ ‘നുഴഞ്ഞുകയറാൻ’ ശ്രമിക്കുന്നതെന്നാണ് സൂചന. കടുത്ത ക്രിക്കറ്റ് ആരാധകനെന്ന ലേബലിലാണ് ഇയാൾ കളിക്കാരുമായും ടീം അധികൃതരുമായും ബന്ധപ്പെടുന്നത്. ടീം ഹോട്ടലുകളിലും മത്സരവേദികളിലും ഇയാളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കളിക്കാരുമായി ചങ്ങാത്തം കൂടി അവരെ വലയിലാക്കാനാണ് ശ്രമമെന്നാണ് സൂചന. ടീം അംഗങ്ങൾക്കു പുറമേ അവരുടെ കുടുംബാംഗങ്ങൾക്കും ഇയാൾ വിലയേറിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്.

English Summary:

Beware of a Hyderabad businessman, BCCI tells IPL squad owners, players, coaches and enactment staff

Read Entire Article