ഹൈദരാബാദിൽ മെസ്സിയെ സ്വീകരിച്ച് രേവന്ത് റെഡ്ഡി, ഗാലറി നിറയെ ആരാധകർ, രാഹുൽ ഗാന്ധിക്കു ജഴ്സി സമ്മാനിച്ച് സൂപ്പർ താരം- വിഡിയോ

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: December 13, 2025 11:57 AM IST Updated: December 13, 2025 10:08 PM IST

1 minute Read

messi
ഹൈദരാബാദിൽ താരങ്ങളെ അഭിവാദ്യം ചെയ്യുന്ന ലയണല്‍ മെസ്സി

ഹൈദരാബാദ്∙ കൊല്‍ക്കത്തയിലെ സംഘർഷ സമാനമായ സാഹചര്യത്തിൽ‍നിന്ന് ഹൈദരാബാദിന്റെ കരുതലിലേക്കു പറന്നിറങ്ങി അർജന്റീന സൂപ്പര്‍ താരം ലയണൽ മെസ്സി. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ മെസ്സിയെ സ്വീകരിച്ചു. മെസ്സിക്കൊപ്പം ഇന്റർ മയാമി ക്ലബ്ബിലെ സഹതാരങ്ങളായ ലൂയി സ്വാരെസ്, റോഡ്രിഗോ ഡി പോൾ എന്നിവരും ഹൈദരാബാദിൽ എത്തിയിരുന്നു. 

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ടീമും അപർ‍ണ ഓൾ സ്റ്റാർസ് ടീമും തമ്മിലുള്ള പ്രദർശന മത്സരത്തിൽ മുഖ്യമന്ത്രിയുടെ ടീം 4–0ന് വിജയിച്ചു. പിന്നീട് ഗ്രൗണ്ടിലിറങ്ങിയ മെസ്സി ഗാലറിയിലെ ആരാധകർക്കു പന്തുകള്‍ അടിച്ചുനൽകി. ഹൈദരാബാദിന്റെ സ്നേഹത്തിനു നന്ദിയുണ്ടെന്നു മെസ്സി പ്രതികരിച്ചു. രേവന്ത് റെഡ്ഡി മെസ്സിക്കു ട്രോഫി കൈമാറിയതോടെയാണ് സ്വീകരണ പരിപാടികൾ അവസാനിച്ചത്. രാഹുൽ ഗാന്ധിക്ക് അർജന്റീന ടീമിന്റെ ജഴ്സിയാണ് മെസ്സി സമ്മാനിച്ചത്.

ശനിയാഴ്ച പുലർച്ചയോടെ കൊൽക്കത്തയിൽ വിമാനമിറങ്ങിയ മെസ്സിയെ ആയിരക്കണക്കിന് ആരാധകരാണു സ്വീകരിക്കാനെത്തിയത്. കൊൽക്കത്ത ശ്രീഭൂമി സ്പോർടിങ് ക്ലബ്ബ് നിർമിച്ച മെസ്സിയുടെ പ്രതിമ രാവിലെ നടന്ന ചടങ്ങിൽ സൂപ്പർ താരം അനാവരണം ചെയ്തു. 70 അടിയോളം ഉയരമുള്ള പ്രതിമയാണ് ഹോട്ടൽ മുറിയിൽനിന്ന് മെസ്സി ഉദ്ഘാടനം ചെയ്തത്.

കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സ്വീകരണ പരിപാടികള്‍ ആരാധക പ്രതിഷേധത്തെ തുടർന്ന് വേഗത്തില്‍ അവസാനിപ്പിച്ചിരുന്നു. വലിയ തുക മുടക്കി ടിക്കറ്റെടുത്തിട്ടും മെസ്സിയെ ശരിക്കും ഒന്ന് കാണാൻ സാധിച്ചില്ലെന്നാണ് ആരാധകരുടെ പരാതി. ഗ്രൗണ്ടിലിറങ്ങിയ മെസ്സിക്കു ചുറ്റും ‘വിഐപികളുടെ’ വലിയ സംഘം തന്നെ തടിച്ചുകൂടിയതോടെ ഗാലറിയിലുള്ള ആരാധകർക്കു സൂപ്പർ താരത്തെ കാണാനായില്ല. ഇതോടെ ആരാധകർ പ്രതിഷേധം തുടങ്ങി.

മെസി ഗ്രൗണ്ടിൽനിന്നു മടങ്ങിയതിനു പിന്നാലെ ആരാധകർ കുപ്പികളും കസേരകളും വലിച്ചെറിയുകയായിരുന്നു. ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയും സ്റ്റേ‍ഡിയത്തിലെത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് കയ്യേറിയ ആരാധകർ, താത്കാലിക നിർമിതികൾ ഉൾപ്പടെ തകർത്തിരുന്നു. തുടർന്ന് പരിപാടിയുടെ സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരാധകരിൽനിന്നു വാങ്ങിയ തുക മടക്കി നൽകുമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്.

English Summary:

Lionel Messi successful India, Goat Tour Day One Updates

Read Entire Article