
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി | ഫോട്ടോ: പി.ഡി അമൽ ദേവ്, പി. ജയേഷ് | മാതൃഭൂമി
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സൈസ്‌സംഘം ചോദ്യംചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി.
കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവിടെ പോലീസിനു മുന്നിൽ ഹാജരായ ഷൈൻ, ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്നു പറഞ്ഞതായാണ് എക്സൈസിനു ലഭിച്ച വിവരം. ഇതിന്റെ നിജസ്ഥിതി ചോദിച്ചറിയാനാണ് ഷൈനിനെ ആലപ്പുഴയിലേക്കു വിളിപ്പിച്ചിരിക്കുന്നത്. ഷൈൻ പരാമർശിച്ച നടൻ എക്സൈസ് നിരീക്ഷണത്തിലാണ്. മൊഴിയിൽ സത്യമുണ്ടെന്നു വ്യക്തമായാൽ നടനെയും വിളിപ്പിക്കും. ആലപ്പുഴക്കാരനല്ലാത്ത നടനെയാണ് സംശയിക്കുന്നത്.
ഓമനപ്പുഴയിലെ റിസോർട്ടിൽനിന്ന് കഞ്ചാവുമായി പിടിയിലായ തസ്‌ലിമാ സുൽത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്നു സമ്മതിച്ചിരുന്നു. ഇവരുമായുള്ള ഫോൺവിളികളും ചാറ്റുകളും കണ്ടെത്തുകയും ചെയ്തു. ശ്രീനാഥ് ഭാസിയുമായാണ് തസ്‌ലിമ കൂടുതൽ ബന്ധപ്പെട്ടത്. കഞ്ചാവ് ഇടപാടു സംബന്ധിച്ച് തെളിവു കിട്ടിയില്ലെങ്കിലും ചാറ്റുകൾ സംശയകരമായതിനാലാണ് ചോദ്യംചെയ്യുന്നത്.
ശേഖരിച്ചുവെക്കുന്നതിനായാണ് ആലപ്പുഴയിലേക്ക് മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ എക്സൈസിനോടു പറഞ്ഞത്. എന്നാൽ, വിൽക്കുന്നതിനാണെന്നാണ് എക്സൈസ് കരുതുന്നത്. ആറുകിലോ ഹൈബ്രിഡ് കഞ്ചാവാണ് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്നത്. അതിൽ മൂന്നുകിലോയാണ് ആലപ്പുഴയിൽനിന്നു പിടിച്ചത്. ബാക്കി മൂന്നുകിലോ എവിടെയെന്നതു വ്യക്തമല്ല.
ആലപ്പുഴയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിനുമുൻപ് തസ്‌ലിമയും ഭർത്താവ് അക്ബർ അലിയും സഹായി കെ. ഫിറോസും കൊച്ചിയിൽ താമസിച്ച സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എക്സൈസ് ഇവരുമായി തെളിവെടുത്തു. മൂന്നു ലോഡ്ജുകളിലാണ് ഇവർ താമസിച്ചിരുന്നത്.
Content Highlights: Malayalam actors Shine Tom Chacko and Sreenath Bhasi to beryllium questioned by Excise
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·