ഹൈബ്രിഡ് കഞ്ചാവുകേസ്: ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ല, ശ്രീനാഥ് ഭാസി സാക്ഷി; കുറ്റപത്രം സമർപ്പിച്ചു

7 months ago 7

Shine Tom Chackoa and Sreenath Bhasi

ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി | ഫോട്ടോ: അമൽ ദേവ് പി.ഡി, നിദാദ് | മാതൃഭൂമി

ആലപ്പുഴ: ഓമനപ്പുഴയിലെ റിസോർട്ടിൽനിന്ന് രണ്ടുകോടി രൂപ വിലവരുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ എക്സൈസ് അന്വേഷണസംഘം ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചു. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ല. മറ്റൊരു നടനായ ശ്രീനാഥ് ഭാസി 21-ാം സാക്ഷിയാണ്.

കഞ്ചാവുമായി പിടിയിലായ തസ്‌ലിമാ സുൽത്താന (ക്രിസ്റ്റീന-41), സഹായി മണ്ണഞ്ചേരി സ്വദേശി ഫിറോസ്, തസ്‍ലിമയുടെ ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43) എന്നിവരാണ് യഥാക്രമം ഒന്നുമുതൽ മൂന്നുവരെ പ്രതികൾ. റിമാൻഡിൽ കഴിയുന്ന ഇവർ മാത്രമാണു പ്രതികൾ.

രണ്ടായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ 55 സാക്ഷികളുണ്ട്. ഇരുനൂറിലധികം പേരുടെ മൊഴികൾ രേഖപ്പെടുത്തി. നടൻ ശ്രീനാഥ് ഭാസിയടക്കം ആറുപേർ കോടതി മുൻപാകെ രഹസ്യമൊഴി നൽകിയതും കുറ്റപത്രത്തിലുണ്ട്. തസ്‌ലിമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളും സാക്ഷിപ്പട്ടികയിലുണ്ട്. പ്രതികൾക്കു ജാമ്യം നൽകരുതെന്നും കസ്റ്റഡിയിലിരിക്കേത്തന്നെ വിചാരണ പൂർത്തിയാക്കണമെന്നുമാണ് എക്സൈസ് ആവശ്യപ്പെട്ടിരിക്കുന്നത്. റിമാൻഡിലായി 60 ദിവസമാകുമ്പോൾ സ്വാഭാവികജാമ്യം ലഭിക്കേണ്ടതാണ്. എന്നാൽ, 58-ാം ദിവസം കുറ്റപത്രം സമർപ്പിക്കാനായി. ഏപ്രിൽ ഒന്നിനാണ് കഞ്ചാവു പിടിച്ചത്.

10 വർഷം വരെ തടവും പുറമേ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ടിവി റിയാലിറ്റിഷോ അഭിനേതാവ് ജിന്റോ, മോഡൽ സൗമ്യ എന്നിവർ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചോദ്യംചെയ്തെങ്കിലും ഇവർക്കാർക്കും കേസിൽ പങ്കില്ലെന്നാണ് എക്സൈസ് കണ്ടെത്തൽ.

തെളിവു ശക്തം

കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ ഇരുനൂറിലധികം രേഖകളുമുണ്ട്. സുൽത്താൻ മലേഷ്യയിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചുവെന്നു സ്ഥാപിക്കുന്നതിന് ഇയാളുടെ വിമാനയാത്രാ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്നത് വ്യാജ സിം കാർഡുകളായിരുന്നു. ഇതിന്റെ യഥാർഥ ഉടമകളെ കണ്ടെത്തി സാക്ഷികളാക്കി.

ആലപ്പുഴയിലേക്കു കഞ്ചാവു കടത്താൻ ഉപയോഗിച്ച കാർ വാടകയ്ക്കെടുത്തതായിരുന്നു. ഇതിനു നൽകിയ രേഖ വ്യാജമായിരുന്നു.

ശ്രീനാഥ് ഭാസി ഉൾപ്പെടെ ചിലരെ കഞ്ചാവു വിൽപ്പനയ്ക്കായി സമീപിച്ചിരുന്നെങ്കിലും വഴങ്ങിയില്ല. ഇവരുമായി ബന്ധപ്പെട്ടതിന്റെ ഫോൺവിളികളും വാട്സാപ്പ് ചാറ്റും തെളിവുകളായി. പ്രതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരവും തെളിവായി.

മക്കളെ മറയാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ലോഡ്ജിലും സുഹൃത്തിന്റെ ഫ്ലാറ്റിലുമാണ് ഒളിപ്പിച്ചത്. അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. വിനോദ്കുമാറിന്റെ മേൽനോട്ടത്തിൽ അസിസ്റ്റൻറ് കമ്മിഷണർ എസ്. അശോക്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.

Content Highlights: Kerala Drug Case: Actor Shine Tom Chacko Cleared, Chargesheet Filed Against Three Others

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article