Published: January 10, 2026 09:28 PM IST
1 minute Read
നവി മുംബൈ ∙ വനിതാ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്–റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉദ്ഘാടന മത്സരത്തിനിടെ ബെംഗളൂരു ക്യാപ്റ്റൻ സ്മൃതി മന്ഥനയെ പ്രകോപിപ്പിച്ച് ക്യാമറാമാൻ. മത്സരത്തിന്റെ ഇന്നിങ്സ് ബ്രേക്കിനിടെ സ്മൃതി ബാറ്റിങ് പരിശീലനം നടത്തുമ്പോൾ ക്യാമറാമാൻ തൊട്ടരികിൽ എത്തി ദൃശ്യങ്ങൾ പകർത്തിയതാണ് താരത്ത അസ്വസ്ഥതപ്പെടുത്തിയത്. കൈ കൊണ്ട് ആംഗ്യം കാണിച്ച് ‘എന്താണെന്ന്’ സ്മൃതി ചോദിക്കുന്നതും ഉടൻ തന്നെ ക്യാമറാമാൻ പിന്നോട്ടുപോകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
ത്രില്ലർ പോരിൽ, മൂന്നു വിക്കറ്റിനാണ് നിലവിലെ ചാംപ്യൻമാരായ മുംബൈയെ ബെംഗളൂരു തോൽപ്പിച്ചത്. മുംബൈ താരം നാറ്റ് സിവർ ബ്രെന്റ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു ബെംഗളൂരുവിന് ജയിക്കാൻ ആവശ്യം. സ്ട്രൈക്കിൽ നഡീൻ ഡി ക്ലർക്ക് (44 പന്തിൽ 63 നോട്ടൗട്ട്). ആദ്യ രണ്ടു പന്തുകളിലും റൺ വരാതിരുന്നതോടെ ബെംഗളൂരു പതറി. എന്നാൽ അടുത്ത 4 പന്തുകളിൽ രണ്ട് വീതം സിക്സും ഫോറും നേടിയ നഡീൻ, ബെംഗളൂരുവിന് സമ്മാനിച്ചത് 3 വിക്കറ്റിന്റെ ആവേശ ജയം.
155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് ഒന്നാം വിക്കറ്റിൽ 23 പന്തിൽ 40 റൺസ് കൂട്ടിച്ചേർത്ത ഗ്രേസ് ഹാരിസ് (12 പന്തിൽ 25)– സ്മൃതി മന്ഥന (13 പന്തിൽ 18) സഖ്യം മിന്നും തുടക്കമാണ് നൽകിയത്. എന്നാൽ മധ്യ ഓവറുകളിൽ പിടിമുറുക്കിയ മുംബൈ, ബെംഗളൂരുവിനെ 5ന് 65 എന്ന നിലയിലേക്ക് തള്ളിയിട്ടു. ഇതോടെ മത്സരം കൈവിട്ടെന്നു തോന്നിച്ചെങ്കിലും ആറാം വിക്കറ്റിൽ 51 പന്തിൽ 52 റൺസ് ചേർത്ത നഡീനും അരുന്ധതി റെഡ്ഡിയും (20) ചേർന്ന് ബെംഗളൂരുവിനെ പതിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അരുന്ധതിയെയും പിന്നാലെയെത്തിയ ശ്രേയങ്ക പാട്ടീലിനെയും (1) വീഴ്ത്തിയ മുംബൈ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും പ്രേമ റാവത്തിനെ (4 പന്തിൽ 8 നോട്ടൗട്ട്) കൂട്ടുപിടിച്ച നഡീൻ, മറ്റു പരുക്കുകളില്ലാതെ ബെംഗളൂരുവിനെ ലക്ഷ്യത്തിലെത്തിച്ചു.
English Summary:








English (US) ·