
ഹോം എന്ന ചിത്രത്തിന്റെ പോസ്റ്റർ, നടനും സംവിധായകനുമായ ചേരൻ | ഫോട്ടോ: അറേഞ്ച്ഡ്. Instagram
മലയാളസിനിമയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ചേരൻ. റോജിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിനന്ദനം. ഹോം പോലൊരു സിനിമ തമിഴിൽ ഒരിക്കലും എടുക്കാൻ സാധിക്കില്ലെന്ന് ചേരൻ പറഞ്ഞു. മലയാളത്തിലെ മാർക്കറ്റിംഗ് രീതികളും തിയേറ്ററുകാരിൽനിന്നുള്ള സമീപനവും വ്യത്യസ്തമായതിനാലാണ് മലയാളത്തിൽ ധാരാളം നല്ല സിനിമകളുണ്ടാവുന്നതെന്ന് അദ്ദേഹം ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
'ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇൻഡസ്ട്രിയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ദ്രൻസ് എന്ന നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ? നമ്മുടെ ഇൻഡസ്ട്രിയുടെ ബിസിനസ് രീതികളും തിയേറ്ററുകാരുടെ അപ്രോച്ചും മറ്റൊരു തരത്തിലാണ്. മലയാളം ഇൻഡസ്ട്രിയിൽ അത് വ്യത്യസ്തമാണ്. അതാണ് അവിടെ നിരവധി നല്ല സിനിമകൾ വരുന്നതിന് കാരണം,' എന്ന് ചേരന്റെ വാക്കുകൾ.
അതേസമയം ചേരൻ മലയാളത്തിലും അരങ്ങേറുകയാണ്. അനുരാജ് മനോഹർ സംവിധാനംചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലൂടെയാണ് ചേരൻ മലയാളത്തിലെത്തുന്നത്. ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ചേരൻ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും നരിവേട്ടയിലെ താരനിരയിലുണ്ട്. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേയ് 23-ന് ആഗോള റിലീസായി ഒരുങ്ങുന്ന ചിത്രം മറ്റുഭാഷകളിൽ മൊഴിമാറിയെത്തും.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിക്കുന്നത്. ഫാര്‍സ് ഫിലിംസ് ഗള്‍ഫില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ റെസ്റ്റ് ഓഫ് ദ് വേള്‍ഡ് വിതരണം ബര്‍ക്ക്‌ഷെയര്‍ ആണ്. പിആര്‍ഒ ആൻഡ് മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Cheran Praises Malayalam Cinema's Unique Approach: "Home" arsenic a Prime Example





English (US) ·