Published: October 24, 2025 10:53 PM IST
1 minute Read
കൊച്ചി∙ സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ (1-0) തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്‌സ് എഫ്സി ഒന്നാംസ്ഥാനത്ത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ അഡ്രിയാൻ സെർദിനേറോയാണ് കണ്ണൂരിനായി നിർണായക ഗോൾ നേടിയത്. കൊച്ചിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. മൂന്ന് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ ഏഴ് പോയന്റുള്ള കണ്ണൂർ ഒന്നാം സ്ഥാനത്തും പോയന്റൊന്നും നേടാതെ കൊച്ചി ആറാം സ്ഥാനത്തും നിൽക്കുന്നു.
മഹാരാജാസ് സ്റ്റേഡിയത്തിലെ മത്സരത്തിൽ ആദ്യ ഗോളവസരം കണ്ടത് പതിനാലാം മിനിറ്റിൽ. കോർണർ കിക്കിൽ നിന്ന് സ്വീകരിച്ച പന്ത് കണ്ണൂരിന്റെ അർജുൻ പോസ്റ്റിന് മുന്നിൽ പ്രതിരോധിക്കാൻ ആരുമില്ലാതെ നിന്ന ക്യാപ്റ്റൻ ലവ് സാംബക്ക് നൽകി, പക്ഷെ, കാമറൂൺ താരത്തിന്റെ ദുർബലമായ ഷോട്ട് കൊച്ചി ഗോളി റഫീഖ് അലി സർദാറിന്റ കൈകളിൽ സുരക്ഷിതമായി. മൂന്ന് മിനിറ്റിനകം വീണ്ടും കണ്ണൂരിന് അവസരം. ഷിജിൻ ഒറ്റയ്ക്ക് മുന്നേറി പോസ്റ്റിലേക്ക് പായിച്ച ഷോട്ട് കൊച്ചി ഗോളി കോർണർ വഴങ്ങി രക്ഷിച്ചു.
മുപ്പത്തിയൊന്നാം മിനിറ്റിൽ കൊച്ചിയുടെ അഭിഷേക് ഹൽദാർ കോർണർ കിക്ക് റിട്ടേൺ സ്വീകരിച്ച് കണ്ണൂർ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചു. എന്നാൽ സന്ദർശക ടീമിന്റെ പരിചയസമ്പന്നനായ ഗോളി ഉബൈദ് പന്ത് അനായാസം കൈപ്പിടിയിലൊതുക്കി. മത്സരം അരമണിക്കൂർ പിന്നിട്ട ശേഷം ഇരുഭാഗത്തേക്കും നിരന്തരം പന്ത് കയറിയിറങ്ങി. ഗോൾ കീപ്പർമാരുടെ മികവും മുന്നേറ്റനിരക്കാരുടെ ലക്ഷ്യബോധമില്ലായ്മയും ആദ്യപകുതിയെ ഗോൾ രഹിതമാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊച്ചി റിൻറെയ്ത്താൻ ഷെയസക്ക് പകരം ശ്രീരാജിനെ മുന്നേറ്റനിരയിലേക്ക് കൊണ്ടുവന്നു. അൻപത്തിയഞ്ചാം മിനിറ്റിൽ ശ്രീരാജിന്റെ ഹെഡർ ഗോൾ ഭീഷണി ഉയർത്തി പുറത്തേക്ക് പോയി. കണ്ണൂർ എബിൻ ദാസ്, ഏസിയർ ഗോമസ്, അഡ്രിയാൻ സെർദിനേറോ എന്നിവരെ കളത്തിലിറക്കി. അറുപത്തിയാറാം മിനിറ്റിൽ കണ്ണൂരിന് വീണ്ടും അവസരം. ഷിജിൻ ഹെഡ്ഡ് ചെയ്ത് നൽകിയ പന്ത് നിക്കോളസ് ഡെൽമോണ്ടേക്ക് ഗോൾ ലൈനിന് തൊട്ടടുത്തായിരുന്നിട്ടും പോസ്റ്റിലെത്തിക്കാൻ കഴിഞ്ഞില്ല.
കളി അവസാനിക്കാനിരിക്കെ 84–ാം മിനിറ്റിൽ ഗോൾ വന്നു. ഇടതുവിങിൽ നിന്ന് വന്ന പന്ത് കൃത്യമായി കൊച്ചി വലയിൽ എത്തിച്ചത് പകരക്കാരനായി വന്ന അഡ്രിയാൻ സെർദിനേറോ. 3978 കാണികൾ മത്സരം കാണാനായി മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തി. നാലാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒക്ടോബർ 28 ന് മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.
English Summary:








English (US) ·