ലക്നൗ∙ ബാറ്റിങ് ദുഷ്കരമായ, പേസർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന ലക്നൗവിലെ പിച്ചിൽ ബിഗ് ഹിറ്റർമാർ വരെ ശ്രദ്ധയോടെ കളിച്ചപ്പോൾ തുടക്കം മുതൽ ആക്രമിച്ചു കളിച്ച് പഞ്ചാബ് റൺ ചേസിന് അടിത്തറ പാകിയത് പ്രഭ്സിമ്രന്റെ ഇന്നിങ്സാണ്. ബോളർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ, ഓവറിന്റെ ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു പഞ്ചാബ് ഓപ്പണറുടെ നയം. 34 പന്തിൽ 3 സിക്സും 9 ഫോറുമടക്കം 202 സ്ട്രൈക്ക് റേറ്റിൽ 69 റൺസ് നേടിയ പ്രഭ്സിമ്രൻ നൽകിയ തുടക്കമാണ് പഞ്ചാബിന്റെ വിജയം അനായാസമാക്കിയത്.
ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മുൻപന്തിയിലുള്ള ഷാർദുൽ ഠാക്കൂർ ബോൾ ചെയ്ത ആദ്യ ഓവറിൽ തുടർച്ചയായി ഫോറും സിക്സും അടിച്ചാണ് പ്രഭ്സിമ്രാൻ സിങ് പഞ്ചാബിന്റെ ചേസിങ്ങിന് തുടക്കമിട്ടത്. അടുത്ത ഓവറിൽ ആവേശ് ഖാനെതിരെ ഫോർ. നാലാം ഓവറിൽ ആവേശ് ഖാനെതിരെ സിക്സ്. പിന്നാലെ ദിഗ്‌വേഷ് രതിക്കെതിരെ ഫോർ. ആറാം ഓവർ എറിയാനെത്തിയ രവി ബിഷ്ണോയിക്കെതിരെ തുടർച്ചയായി ഇരട്ടഫോറും സിക്സും നേടി പ്രഭ്സിമ്രാൻ 45ലേക്ക്.
പവർപ്ലേയ്ക്കു ശേഷമുള്ള ആദ്യ ഓളറിൽ മണിമാരൻ സിദ്ധാർഥിനെതിരെ ഫോറടിച്ച് 49ൽ. അതേ ഓവറിൽ സിംഗിളിലൂടെ അർധസെഞ്ചറി. എട്ടാം ഓവറിൽ രവി ബിഷ്ണോയിക്കെതിരെ ഇരട്ട ഫോറും ഒൻപതാം ഓവറിൽ സിദ്ധാർഥിനെതിരെ ഫോറുമടിച്ചാണ് പ്രഭ്സിമ്രാൻ അർധസെഞ്ചറി നേട്ടം ആഘോഷിച്ചത്.
ഈ വിജയത്തോടെ, ഐപിഎൽ 18–ാം സീസണിലെ ഏറ്റവും സന്തുലിതമായ ടീം ഏതെന്ന ചോദ്യത്തിന് തങ്ങളുടെ രണ്ടാം മത്സരത്തിൽ തന്നെ ശ്രേയസ് അയ്യരും സംഘവും മറുപടിയും നൽകി. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവു പുലർത്തിയാണ് രണ്ടാം മത്സരത്തിലും പഞ്ചാബ് ആധികാരിക ജയം സ്വന്തമാക്കിയത്. കരുത്തരായ ലക്നൗ സൂപ്പർ ജയന്റ്സിനെ അവരുടെ തട്ടകത്തിൽ മറികടന്നത് 8 വിക്കറ്റ് ബാക്കിനിൽക്കെ. അർധ സെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രൻ സിങ് (34 പന്തിൽ 69) തന്നെ പ്ലെയർ ഓഫ് ദ് മാച്ച്.
172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ഓപ്പണർ പ്രിയാംശ് ആര്യയെ (9 പന്തിൽ 8) നഷ്ടമായിതാണ്. ദിഗ്‌വേഷ് രതിക്കായിരുന്നു വിക്കറ്റ്. എന്നാൽ ഒരറ്റത്ത് ആക്രമിച്ചു കളിച്ച പ്രഭ്സിമ്രൻ സിങ്, കൂറ്റനടികളിലൂടെ സ്കോർ ഉയർത്തി. 6 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് നേടിയത് 62 റൺസ്. 9.1 ഓവറിൽ പഞ്ചാബ് സ്കോർ 100 കടന്നു. 10 ഓവർ പിന്നിടുമ്പോൾ 1ന് 110 എന്ന നിലയിലായിരുന്നു പഞ്ചാബ്. അവസാന 10 ഓവറിൽ വേണ്ടത് 62 റൺസ് മാത്രം.
11–ാം ഓവറിൽ ബൗണ്ടറി ലൈനിലെ സൂപ്പർ ക്യാച്ചിലൂടെ പ്രഭ്സിമ്രനെ ലക്നൗ വീഴ്ത്തിയെങ്കിലും വൈകിയിരുന്നു. മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്ത നേഹൽ വധേര (25 പന്തിൽ 43 നോട്ടൗട്ട്)– ശ്രേയസ് അയ്യർ (30 പന്തിൽ 52 നോട്ടൗട്ട്) സഖ്യം പഞ്ചാബിനെ അനായാസം വിജയത്തിലെത്തിച്ചു.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ, പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 39 എന്ന നിലയിലായിരുന്നു. തുടക്കത്തിലേറ്റ തിരിച്ചടിയിൽനിന്ന് ലക്നൗവിനെ കരകയറ്റിയത് നാലാം വിക്കറ്റിൽ ഒന്നിച്ച നിക്കോളാസ് പുരാൻ (30 പന്തിൽ 44) – ആയുഷ് ബദോനി (33 പന്തിൽ 41) സഖ്യമാണ്. നാലാം വിക്കറ്റിൽ ബദോനിക്കൊപ്പം 40 പന്തിൽ 54 റൺസാണ് പുരാൻ കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അബ്ദുൽ സമദാണ് (12 പന്തിൽ 27) ലക്നൗ ടോട്ടൽ 171ൽ എത്തിച്ചത്. പഞ്ചാബിനായി അർഷ്ദീപ് സിങ് 3 വിക്കറ്റ് വീഴ്ത്തി.
English Summary:








English (US) ·