Published: August 16, 2026 12:30 PM IST
1 minute Read
ആംസ്റ്റൽവീൻ (നെതർലൻഡ്സ്)∙ എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പിൽ ടീം ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന പൂൾ ഡി മത്സരത്തിൽ വെയ്ൽസിനെ 3–1നാണ് ഇന്ത്യ വീഴ്ത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (11, 43 മിനിറ്റുകൾ), സഞ്ജയ് (8) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. 3 ഗോളുകളും പെനൽറ്റി കോർണറിൽനിന്നായിരുന്നു. സാം വെൽഷിന്റെ (56) വകയായിരുന്നു വെയ്ൽസിന്റെ ഏക ഗോൾ. നാളെ വൈകിട്ട് 6.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. 19നാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം.
ഇന്ത്യൻ ഷോ
മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ആധിപത്യമാണ് ആംസ്റ്റൽവീനിലെ വാഗനർ സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ മിനിറ്റു മുതൽ ആക്രമണം കടുപ്പിച്ച ഇന്ത്യയ്ക്കായി 8–ാം മിനിറ്റിൽ സഞ്ജയ് അക്കൗണ്ട് തുറന്നു. പെനൽറ്റി കോർണറിൽനിന്നു സഞ്ജയ് തൊടുത്തുവിട്ട ഡ്രാഗ് ഫ്ലിക്, വെയ്ൽസിന്റെ വല തുളച്ചു. ഇന്ത്യ– 1, വെയ്ൽസ്– 0. മിനിറ്റുകൾക്കുള്ളിൽ ഹർമൻപ്രീതിലൂടെ ഇന്ത്യ ലീഡുയർത്തി. 11–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ഇന്ത്യൻ ക്യാപ്റ്റൻ വെയ്ൽസിനെ കൂടുതൽ സമ്മർദത്തിലാക്കി. ഇതോടെ രണ്ടാം ക്വാർട്ടറിൽ പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ വെയ്ൽസ് ഗോൾ വഴങ്ങാതെ നോക്കിയെങ്കിലും തിരിച്ചടിക്കു ശ്രമിച്ചില്ല.
മൂന്നാം ക്വാർട്ടറിൽ പന്തവകാശം ഉറപ്പാക്കിയ ഇന്ത്യ, 43–ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണയും ഗോൾ പിറന്നത് പെനൽറ്റി കോർണറിൽനിന്ന്. ക്ലിനിക്കൽ ഡ്രാഗ് ഫ്ലിക്കിലൂടെ പന്ത് വലയിൽ എത്തിച്ച ഹർമൻപ്രീത്, മത്സരത്തിൽ തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. നാലാം ക്വാർട്ടറിൽ ഇന്ത്യൻ പ്രതിരോധ നിരയിലെ പിഴവു മുതലെടുത്ത വെയ്ൽസ് 56–ാം മിനിറ്റിൽ സാം വെൽഷിലൂടെ ഒരുഗോൾ മടക്കി.
English Summary:
India secures a triumphant commencement astatine the FIH Men's Hockey World Cup, defeating Wales 3-1. Captain Harmanpreet Singh and Sanjay were the extremity scorers for India, with each goals coming from punishment corners.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·