Published: July 25 , 2025 10:07 AM IST
1 minute Read
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പേസർ യാഷ് ദയാലിനെതിരെ പോക്സോ കേസ്. ജയ്പൂർ പൊലീസാണ് പോക്സോ വകുപ്പുകൾ ചുമത്തി ഇന്ത്യൻ പേസർക്കെതിരെ കേസെടുത്തത്. നേരത്തേ യുപി സ്വദേശിനിയായ മറ്റൊരു യുവതിയുടെ പരാതിയിൽ ദയാലിനെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഈ യുവതി നൽകിയ പരാതി.
ആദ്യത്തെ പരാതിയിൽ യാഷ് ദയാലിനെ കസ്റ്റഡിയിൽ എടുക്കുന്നത് അലഹബാദ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു കഴിഞ്ഞ ഐപിഎൽ സീസണിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. പോക്സോ കേസായതിനാൽ യാഷ് ദയാലിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണു പുറത്തുവരുന്ന വിവരം.
ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാമെന്ന വാഗ്ദാനം നൽകി രണ്ടു വർഷത്തോളം യാഷ് ദയാൽ പീഡിപ്പിച്ചെന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലുള്ളത്. ജയ്പുരിലെ സൻഗാനർ പൊലീസ് സ്റ്റേഷനിലാണു പരാതി നൽകിയത്. രാജസ്ഥാൻ റോയല്‍സിനെതിരെ കളിക്കാൻ ആർസിബി താരങ്ങൾ ജയ്പൂരിലെത്തിയപ്പോൾ, ദയാൽ ഹോട്ടലിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നും പെൺകുട്ടി പൊലീസിനു നൽകിയ പരാതിയിലുണ്ട്.
ബോർഡര്‍ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ റിസർവ് ബെഞ്ചിൽ യാഷ് ദയാലും ഉണ്ടായിരുന്നു. 27 വയസ്സുകാരനായ ദയാൽ കഴിഞ്ഞ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തിലും പങ്കാളിയായി. ഐപിഎലിൽ ആർസിബിയിലും ഗുജറാത്ത് ടൈറ്റൻസിലും കളിച്ചിട്ടുള്ള യാഷ് ദയാൽ 43 മത്സരങ്ങളിൽനിന്ന് 41 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
English Summary:








English (US) ·