Published: July 02 , 2025 12:52 PM IST Updated: July 02, 2025 01:02 PM IST
1 minute Read
ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കാനിരിക്കെ, ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിനു സമീപം സുരക്ഷാ ഭീഷണി. ബർമിങ്ങാമിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിനു സമീപം സെന്റിനറി സ്ക്വയറിൽ ദുരൂഹസാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തിയതോടെയാണ് സുരക്ഷാ ഭീഷണി ഉയർന്നത്. ഇതോടെ ഇന്ത്യൻ ടീമംഗങ്ങളോട് താമസിക്കുന്ന ഹോട്ടലിൽനിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകി.
അജ്ഞാത വസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട ബർമിങ്ങാം സിറ്റി സെൻട്രൽ പൊലീസ് സമൂഹമാധ്യമങ്ങളിൽ ജാഗ്രതാ നിർദ്ദേശം പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മത്സരമില്ലാത്ത ദിനങ്ങളിൽ ടീമംഗങ്ങൾ, താമസസ്ഥലത്തിനു സമീപത്തെ സ്ട്രീറ്റുകളിൽ ഉൾപ്പെടെ സന്ദർശനം നടത്താറുണ്ട്. ബ്രോഡ് സ്ട്രീറ്റിൽ ഉൾപ്പെടെ ഇന്ത്യൻ ടീമംഗങ്ങൾ പതിവായി എത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷാ കാരണങ്ങളാൽ പുറത്തിറങ്ങരുതെന്ന് ടീമംഗങ്ങൾക്ക് നിർദ്ദേശം ലഭിച്ചത്.
പ്രദേശത്ത് വിശദമായ പരിശോധന നടത്തിയ പൊലീസ്, ഒരു മണിക്കൂറിനു ശേഷം ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഉൾപ്പെടെ എട്ട് താരങ്ങൾ ഇന്നലെ പരിശീലനത്തിനെത്തി. മറ്റ് 10 പേർക്ക് ഓഫ് അനുവദിച്ചു.
ആദ്യ മത്സരം തോറ്റ് 1–0നു പിന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്കു പ്രതീക്ഷ നിലനിർത്താൻ രണ്ടാം ടെസ്റ്റിൽ ജയം അനിവാര്യം. മറുവശത്ത് ആദ്യ ടെസ്റ്റിലെ പൊരുതി നേടിയ ജയം നൽകുന്ന ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
English Summary:








English (US) ·