ഹോം ഗ്രൗണ്ടിൽ ജയിക്കാത്തവർ, വലിയ മാർജിനിൽ തോൽക്കുന്നവർ, ഗാരന്റിയില്ലാത്ത കളി.. സീസണിലുടനീളം കണ്ണൂർ വോറിയേഴ്സ് പഴിയേറെ കേട്ടു. സ്വന്തം മൈതാനത്തുനിന്ന് നിശ്ശബ്ദരായി മടങ്ങേണ്ടിവരുന്ന ആരാധകരെ കണ്ടു ചിലപ്പോഴെങ്കിലും അപമാനഭാരത്താൽ ടീമിനു തലകുനിക്കേണ്ടിവന്നു.
അപ്പോഴൊക്കെയും ഹെഡ് കോച്ച് മാനുവൽ സാഞ്ചസ് ടീമിനോടു പറഞ്ഞു: ‘കഴിഞ്ഞതു കഴിഞ്ഞു. അതോർത്തു തല കുനിക്കാതെ അടുത്ത കളിയിലേക്കു തല ഉയർത്തി നോക്കൂ.’ കോച്ചിന്റെ വാക്കുകൾ ടീം അക്ഷരംപ്രതി അനുസരിച്ചു. കപ്പുയർത്തി അവർ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്തിയിട്ടും ഫൈനലിൽ ഇടംപിടിക്കാൻ കഴിയാതിരുന്ന കണ്ണൂർ വോറിയേഴ്സ് കോച്ചിനെയും ടീമിനെയും അടിമുടി അഴിച്ചുപണിയുമെന്നു കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വലിയ വിജയങ്ങൾ മാസങ്ങൾ കൊണ്ടു നേടാൻ കഴിയുന്നതല്ലെന്നു ടീമിനും മാനജ്മെന്റിനും ഉറച്ച ബോധ്യമുണ്ടായിരുന്നു. സാഞ്ചസിനെയും ഒരുകൂട്ടം താരങ്ങളെയും അവർ ടീമിൽ നിലനിർത്തി. കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞ് പുതിയ താരങ്ങളെ ടീമിലെടുത്തു. സന്തുലിതമായ ടീമിനെ പടുത്തുയർത്തി. ഫുൾ സ്ക്വാഡിൽ 9 പേർ കണ്ണൂരിൽ നിന്നുള്ളവർ. ടീമിനെ വിജയങ്ങളിലേക്കുയർത്തിയ മുഹമ്മദ് സിനാൻ ഉൾപ്പെടെ കണ്ണൂർ താരങ്ങളെല്ലാം മികവു തെളിയിച്ചു.
എവേ മത്സരങ്ങളിൽ മറ്റു ടീമുകൾ വെള്ളം കുടിച്ചപ്പോൾ കണ്ണൂരിന്റെ അനുഭവം വേറെയായിരുന്നു. എവേ മൈതാനങ്ങളിൽ നടന്ന ആദ്യ നാലു കളികളിൽ രണ്ടു വിജയവും രണ്ടു സമനിലകളുമായി ഉജ്വല പ്രകടനം. പക്ഷേ, സ്വന്തം മൈതാനത്തു മാത്രം കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. 5 കളികളിൽ രണ്ടു തോൽവിയും 3 സമനിലയും. അടിച്ച ഗോളുകളെക്കാൾ വഴങ്ങിയ ഗോളുകൾ മുന്നിട്ടു നിന്നു.
പക്ഷേ, ആത്മവീര്യം മാത്രം കണ്ണൂർ പണയംവച്ചില്ല. അവസാന എവേ മത്സരത്തിൽ കരുത്തരായ തൃശൂരിനെ അവരുടെ മൈതാനത്തു തോൽപിച്ച് സെമിയിൽ കയറി. കഴിഞ്ഞ സീസണിലെ ചാംപ്യൻ ടീം കാലിക്കറ്റ് എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കെയാണ് സെമിയിൽ അവരെ എതിരാളികളായി ലഭിച്ചത്.
ഒട്ടും പതറാതെ കളിച്ചു. സിനാന്റെ ഗോളിൽ 1–0നു കാലിക്കറ്റിനെ കീഴടക്കി ഫൈനലിൽ കയറി. ഫൈനലിൽ തൃശൂരിനെതിരെയും 1–0 വിജയം. കണ്ണൂരിന്റെ നയം പഴയതു തന്നെ: ആത്മവീര്യമാണ് വിജയമന്ത്രം. അതു വിജയം സമ്മാനിച്ചു, കപ്പും.
English Summary:








English (US) ·