ഇറാൻ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദവും സൈനിക നടപടികളും ഒടുവിൽ ടെഹ്റാനെ ചർച്ചകളിലേക്ക് മടങ്ങാൻ നിർബന്ധിതമാക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ജി20 ധനമന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണെന്നും, തന്ത്രപ്രധാനമായ ഈ ജലപാത ഇറാൻ അടച്ചുപൂട്ടുകയോ നിയന്ത്രിക്കുകയോ ചെയ്തുവെന്ന അവകാശവാദങ്ങൾ ശരിയല്ലെന്നും ബെസെന്റ് പറഞ്ഞു. കടലിടുക്കിൽ ഇറാൻ പുനഃസ്ഥാപിക്കാൻ ശ്രമിച്ച റഡാർ സംവിധാനങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക പരിമിതമായ സൈനിക നടപടികൾ നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
ഇറാന്റെ സാമ്പത്തിക സ്ഥിതി അതീവ ദയനീയമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ഊർജസ്രോതസ്സുകളിൽ ഒന്നിന്റെ ഉടമസ്ഥരായിട്ടും രാജ്യം ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണെന്നും ബെസെന്റ് പറഞ്ഞു. ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ചയും വിദേശനാണ്യ ലഭ്യതയിലെ കുറവും ഭരണകൂടത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനുള്ളിൽ ഭിന്നതകൾ രൂപപ്പെടുകയോ, ജനകീയ പ്രതിഷേധം ശക്തമാകുകയോ, അല്ലെങ്കിൽ അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ തയ്യാറാകുകയോ ചെയ്യുമെന്നാണ് തന്റെ വിലയിരുത്തലെന്ന് ബെസെന്റ് പറഞ്ഞു. നേരത്തെ ഒരു കരാറിനുള്ള ശ്രമം ഇറാൻ തയ്യാറാകാതിരുന്നതിനാലാണ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ഡോളർ ലഭ്യത നിയന്ത്രിക്കാനും ചൈനീസ് റെൻമിൻബിയിൽ ലഭിക്കുന്ന വരുമാനം മറ്റ് കറൻസികളാക്കി മാറ്റുന്ന സാമ്പത്തിക ശൃംഖലകൾ തകർക്കാനുമാണ് അമേരിക്കയുടെ പുതിയ നീക്കമെന്ന് ബെസെന്റ് വ്യക്തമാക്കി. ഇതിനായി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പണമിടപാട് ശൃംഖലകൾ എന്നിവയെ ലക്ഷ്യമിട്ട് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ദേശീയ കറൻസിയുടെ മൂല്യം കഴിഞ്ഞ 16 മാസത്തിനിടെ കുത്തനെ ഇടിഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ സൂചനയാണെന്നും, ഉപരോധങ്ങളുടെ ആഘാതം കൂടുതൽ ശക്തമാകുകയാണെന്നും ബെസെന്റ് അഭിപ്രായപ്പെട്ടു.
2 weeks ago
3





English (US) ·