ഹർമന്‍പ്രീതിന്റെ ഏഴാം സെഞ്ചറി, ഇംഗ്ലണ്ടിനെതിരായ ഉയർന്ന മൂന്നാമത്തെ ടീം സ്കോർ; ത്രില്ലർ ജയിച്ച് ഇന്ത്യ, പരമ്പര സ്വന്തം

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 23 , 2025 01:03 AM IST Updated: July 23, 2025 10:08 AM IST

1 minute Read

harmanpreet
സെഞ്ചറി നേടി ഹർമൻപ്രീത് കൗറിന്റെ ആഹ്ലാദം. (Photo: X/BCCIWomen)

ഡർഹം (ഇംഗ്ലണ്ട്) ∙ ഏഴാം ഏകദിന സെഞ്ചറിയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (84 പന്തിൽ 102) നിറഞ്ഞാടിയപ്പോൾ ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 13 റൺസ് ജയം, പരമ്പര. ഒന്നാം ഏകദിനം ഇന്ത്യയും രണ്ടാം മത്സരം ഇംഗ്ലണ്ടുമാണ് വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അടിച്ചെടുത്ത കൂറ്റൻ സ്കോറിനു മുന്നിൽ ഇംഗ്ലിഷ് ബാറ്റര്‍മാർ പതറുകയായിരുന്നു. ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ 305 റൺസെടുക്കാനേ സാധിച്ചുള്ളു. 

പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 318 റൺസ്. ജമീമ റോഡ്രിഗസ് (50), സ്മൃതി മന്ഥന (45), ഹർലീൻ ഡിയോൾ (45) റിച്ച ഘോഷ് (38 നോട്ടൗട്ട്) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിങ്സിനു കരുത്തായി. ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരായ ഉയർന്ന മൂന്നാമത്തെ ടീം സ്കോറാണിത്.

പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് പ്രതിക റാവലും (26) സ്മൃതി മന്ഥനയും (45) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 64 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനുശേഷം ഓപ്പണർമാർ വേർപിരിഞ്ഞെങ്കിലും മധ്യനിരയിൽ മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിച്ച് ക്യാപ്റ്റൻ ഹർമൻ ഇന്ത്യയെ മുന്നോട്ടു നയിച്ചു. ജമീമയും ഹർമനും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 110 റൺസായിരുന്നു ഇന്നിങ്സിന്റെ നട്ടെല്ല്. 82 പന്തിൽ സെഞ്ചറി തികച്ച ഹർമൻ ഏകദിനത്തിലെ തന്റെ വേഗമേറിയ സെഞ്ചറിയും നേടി. ഇന്ത്യൻ വനിതകളുടെ ഏകദിന സെ‍ഞ്ചറി നേട്ടങ്ങളിൽ മിതാലി രാജിനൊപ്പം (7) രണ്ടാംസ്ഥാനത്താണ് ഹർമൻ. 11 സെഞ്ചറികളുള്ള സ്മൃതി മന്ഥനയാണ് ഒന്നാമത്.

ഇംഗ്ലിഷ് നിരയിൽ 105 പന്തിൽ 98 റണ്‍സെടുത്ത നതാലി സീവർ ബ്രന്റും 81 പന്തിൽ 68 റൺസെടുത്ത എമ്മ ലൂയിസ് ലാംപും പൊരുതിയെങ്കിലും ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 6 വിക്കറ്റ് വീഴ്ത്തിയ പേസർ ക്രാന്തി ഗൗഡാണ് ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റിങ് നിരയെ തകർത്തത്. സ്പിന്നർ ശ്രീചരണിയും രണ്ടും ദീപ്തി ശര്‍മ ഒരു വിക്കറ്റും നേടി.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BCCIWomen എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Harmanpreet Kaur's Seventh Century Secures India Women's ODI Series Win Against England

Read Entire Article