ഹർമാദം! ഗുജറാത്തിനെതിരെ മുംബൈയ്ക്ക് 7 വിക്കറ്റ് ജയം, ഹർമൻപ്രീതിന് അർധസെഞ്ചറി

1 week ago 2

മനോരമ ലേഖകൻ

Published: January 14, 2026 07:30 AM IST Updated: January 14, 2026 09:30 AM IST

1 minute Read

ഹർമൻപ്രീത് കൗറിന്റെ ബാറ്റിങ്.
ഹർമൻപ്രീത് കൗറിന്റെ ബാറ്റിങ്.

നവി മുംബൈ ∙ പടനയിക്കാൻ ഹർമൻപ്രീത് കൗർ മുന്നിലുണ്ടെങ്കിൽ മുംബൈ ഇന്ത്യൻസിന് എന്ത് പേടിക്കാൻ! 43 പന്തിൽ പുറത്താകാതെ നേടിയ 71 റൺസുമായി ക്യാപ്റ്റൻ ഹർമൻ ഇന്നിങ്സിന്റെ ബാറ്റൺ പിടിച്ചപ്പോൾ, ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 7 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം.

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം 4 പന്തുകൾ ബാക്കിനിൽക്കെ മുംബൈ മറികടന്നു. ഹർമനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഡബ്ലുപിഎലിൽ ഗുജറാത്തിനെതിരെ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡ്, 8–ാം വിജയത്തോടെ മുംബൈ നിലനിർത്തി. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 5ന് 192. മുംബൈ– 19.2 ഓവറിൽ 3ന് 193.

193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഓപ്പണർമാരായ ജി. കമാലിനിയെയും (13) ഹെയ്‌ലി മാത്യൂസിനെയും (22) 5 ഓവറിനുള്ളിൽ നഷ്ടമായി. എന്നാൽ അമൻജോത് കൗറിനെ (26 പന്തിൽ 40) കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ 44 പന്തിൽ 72 റൺസ് നേടിയ ഹർമൻപ്രീത് മുംബൈയ്ക്കു വിജയ പ്രതീക്ഷ നൽകി. 13–ാം ഓവറിൽ അമൻജോതിനെ പുറത്താക്കിയ സോഫി ഡിവൈനിലൂടെ ഗുജറാത്ത് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും നിക്കോള ക്യാരിയുടെയും (23 പന്തിൽ 38) ഹർമൻപ്രീതിന്റെയും വെടിക്കെട്ട് ബാറ്റിങ് മുംബൈയെ വിജയത്തിലെത്തിച്ചു.

നേരത്തേ ഇന്നിങ്സിൽ ഒരു അർധ സെഞ്ചറി പോലുമില്ലാതെയാണ് ഗുജറാത്ത് ജയന്റ്സ് 192 റൺസ് നേടിയത്.

ഓപ്പണർ ബെത് മൂണി (26 പന്തിൽ 33) നൽകിയ മികച്ച തുടക്കം മധ്യ ഓവറുകളിൽ കനിക അഹുജയും (18 പന്തിൽ 35) ക്യാപ്റ്റൻ ആഷ്‍ലി ഗാർഡ്നറും (11 പന്തിൽ 20) ഏറ്റുപിടിച്ചു. ഡെത്ത് ഓവറിൽ ആഞ്ഞടിച്ച ജോർജിയ വെയ്റമിന്റെയും (33 പന്തിൽ 43) ഭാരതി ഫുൽമാലിയുടെയും (15 പന്തിൽ 36) വെടിക്കെട്ടുകൾ കൂടി ചേർന്നതോടെ ഗുജറാത്ത് ടീം സ്കോർ 192 റൺസിലെത്തി. അവസാന 4 ഓവറിൽ 62 റൺസാണ് ഗുജറാത്ത് ബാറ്റർമാർ അടിച്ചെടുത്തത്.

English Summary:

Harmanpreet Kaur's Masterclass: Mumbai Indians Chase Down 193 to Beat Gujarat Giants

Read Entire Article