Published: November 03, 2025 10:41 PM IST Updated: November 04, 2025 10:02 AM IST
1 minute Read
നവിമുംബൈ∙ ലോകകപ്പ് കിരീടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുത്തമിട്ടതിന്റെ ആവേശത്തിലാണ് രാജ്യം മുഴുവൻ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ ആരംഭിച്ച ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഇതിനിടെ ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവിയെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയർന്നുവന്നു. അതിൽ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി പറഞ്ഞതു ശ്രദ്ധനേടി.
ലോകകപ്പ് കിരീടത്തിനു പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നാണ് ശാന്ത രംഗസ്വാമിയുടെ അഭിപ്രായം. ലോകകപ്പ് വിജയത്തിന് 24 മണിക്കൂർ പോലും തികയും മുൻപ് ഇങ്ങനെയൊരു അഭിപ്രായം അൽപം കടന്നുപോയെന്നു തോന്നുമെങ്കിലും ഇന്ത്യൻ ടീമിന്റെ നല്ലതിനു വേണ്ടിയാണ് താൻ ഇതു പറയുന്നതെന്ന് ശാന്ത രംഗസ്വാമി വ്യക്തമാക്കി.
36 വയസ്സുകാരിയായ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻസിയുടെ ഭാരം ഒഴിയണമെന്നും ബാറ്ററായും മികച്ച ഫീൽഡറായും ടീമിൽ തുടരണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പിടിഐയോടു പറഞ്ഞു. 2029ലാണ് അടുത്ത ഏകദിന ലോകകപ്പ്. ട്വന്റി20 ലോകകപ്പ് അടുത്തവർഷമുണ്ട്. ഇതിനായി ടീമിനെ ഒരുക്കേണ്ടതുണ്ട്. 29 വയസ്സുകാരിയായ സ്മൃതി മന്ഥനയാണ് അടുത്ത ക്യാപ്റ്റനാകാൻ സ്വാഭാവികമായും സാധ്യതയെന്നും ശാന്ത രംഗസ്വാമി പറഞ്ഞു.
‘‘ഒരു ബാറ്ററായും ഫീൽഡറായും ഹർമൻ മികച്ചതാണ്. ക്യാപ്റ്റൻസിയുടെ ഭാരം ഇല്ലാതെ അവർക്ക് കൂടുതൽ സംഭാവന നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഇതുപോലുള്ള ഒരു വിജയത്തിന് ശേഷം ഇങ്ങനെ പറയുന്നത് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിന്റെയും ഹർമന്റെയും ഭാവി കണക്കിലെടുത്ത്, ക്യാപ്റ്റൻസിയുടെ ഭാരം കൂടാതെ ഒരു ബാറ്റർ എന്ന നിലയിൽ അവർക്ക് കൂടുതൽ സംഭാവന നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
ഹർമൻപ്രീതിന് ഇപ്പോഴും മൂന്ന്-നാല് വർഷത്തെ ക്രിക്കറ്റ് കരിയർ ശേഷിക്കുന്നു. ക്യാപ്റ്റൻ സ്ഥാനമില്ലാത്തത് അവർക്കു കൂടുതൽ ഗുണം ചെയ്യും. സ്മൃതിയെ എല്ലാ ഫോർമാറ്റുകളിലും ക്യാപ്റ്റനാക്കണം. വരാനിരിക്കുന്ന ലോകകപ്പുകൾക്കായി ടീമിനെ ഒരുക്കേണ്ടതുണ്ട്.’’– ശാന്ത രംഗസ്വാമി പറഞ്ഞു. ചാംപ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ നീക്കിയതിനെയും ശാന്ത രംഗസ്വാമി ചൂണ്ടിക്കാണിച്ചു.
English Summary:








English (US) ·