1 6 6 6 6 6 4 6: ചെപ്പോക്കിൽ ഉർവിലിന്റെ താണ്ഡവം, വേഗമേറിയ ഫിഫ്റ്റിക്കു ശേഷം ഉയർത്തിക്കാണിച്ച പേപ്പറിൽ എഴുതിയിരുന്നത് ഇങ്ങനെ– വിഡിയോ

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 10, 2026 07:17 PM IST

1 minute Read

ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 13 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയശേഷം കൈകൂപ്പുകയും പിന്നീട് പേപ്പർ ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന ചെന്നൈ താരം ഉർവിൽ പട്ടേൽ.  (PTI Photo/R Senthilkumar)
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 13 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയശേഷം കൈകൂപ്പുകയും പിന്നീട് പേപ്പർ ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന ചെന്നൈ താരം ഉർവിൽ പട്ടേൽ. (PTI Photo/R Senthilkumar)

ചെന്നൈ ∙ 1 6 6 6 6 6 4 6 1 0: ഇതൊരു മൊബൈൽ നമ്പറല്ല, ചെന്നൈ സൂപ്പർ കിങ് താരം ഉർവിൽ പട്ടേൽ ലക്നൗവിനെതിരെ നേരിട്ട ആദ്യ പത്തു പന്തുകളിൽ നേടിയ സ്കോറാണ്. 10 പന്തിൽ 42 റൺസ്, നേരിട്ട ആദ്യ എട്ടു പന്തികളിൽ ആറും സിക്സ്, ഒരു ഫോർ. വെറും 13 പന്തിൽ അർധസെഞ്ചറി. ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത് ഉർവിൽ പട്ടേൽ എന്ന 27 വയസ്സുകാരൻ ഗുജറാത്ത് താരത്തിന്റെ അഴിഞ്ഞാട്ടമാണ്. വെറും 23 പന്തിൽ 8 സിക്സറുകളുടെയും രണ്ടു ഫോറുകളുടെയും അമ്പടിയോടെ 65 റൺസെടുത്താണ് ഉർവിൽ പട്ടേൽ പുറത്തായത്.

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ചെന്നൈ ഇന്നിങ്സിന്റെ നാലാം ഓവറിൽ സഞ്ജു സാംസൺ പുറത്തായതിനു പിന്നാലെയാണ് ഉർവിൽ പട്ടേൽ ക്രീസിലെത്തിയത്. ഈ സമയം 1ന് 45 എന്ന നിലയിലായിരുന്നു ചെന്നൈ. ആ ഓവറിൽ ഒരു പന്തു മാത്രം നേരിട്ട ഉർവിൽ ഒരു സിംഗിളും നേടി. ആവേശ് ഖാൻ എറിഞ്ഞ അഞ്ചാം ഓവറിലും ദിഗ്‍വേഷ് റാത്തി എറിഞ്ഞ ആറാം ഓവറിലുമായിരുന്നു ഉർവിലിന്റെ താണ്ഡവം. ആവേശിനെതിരെ തുടർച്ചയായ മൂന്നു സിക്സ് നേടിയ ഉർവിൽ, ദിഗ്‌വേഷിനെ മൂന്നു സിക്സറിനും ഒരു ഫോറിനും പറത്തി.

ഐപിഎൽ ഇന്നിങ്സിൽ നേരിട്ട ആദ്യ എട്ടു പന്തിൽ ആറ് സിക്സറുകൾ പറത്തുന്ന ആദ്യ ബാറ്ററാണ് ഉർവിൽ പട്ടേൽ. എട്ട് പന്തിൽ 41* റൺസ് താരം നേടി, ഐപിഎലിൽ ആദ്യ എട്ട് പന്തുകൾക്ക് ശേഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ 33 ആയിരുന്നു. ആദ്യ 10 പന്തിൽ നേടിയ 42 റൺസും റെക്കോർഡാണ്. 2015ൽ ആർസിബി താരം എ.ബി.ഡിവില്ലിയേഴ്സ് നേടിയ 41* റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ.

13 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയ ഉർവിൽ, ഐപിഎലിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചറിയിൽ യശസ്വി ജയ്‌സ്വാളിന്റെ റെക്കോർഡിനൊപ്പമെത്തി. അർധസെഞ്ചറിക്കു ശേഷം ഉർവിലിന്റെ ആഘോഷവും ശ്രദ്ധ പിടിച്ചുപറ്റി. കൈകള്‍ കൂപ്പി പ്രാർഥിച്ച താരം, ജഴ്സിയുടെ പോക്കറ്റിൽ നിന്ന് ഒരു കഷ്ണം പേപ്പർ പുറത്തെടുത്തു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘ഇത് അച്ഛന് വേണ്ടിയുള്ളതാണ്..’– ഇംഗ്ലിഷിൽ എഴുതിയ ഈ വരികൾക്ക് താഴെ താരത്തിന്റെ മാതൃഭാഷയായ ഗുജറാത്തിയിലും ചിലത് എഴുതിയിട്ടുണ്ടായിരുന്നു.

ഉർവിൽ പട്ടേലിന്റെ ഇന്നിങ്സ് കരുത്തിൽ പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ചെന്നൈയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. 2014ൽ പഞ്ചാബിനെതിരായ ക്വാളിഫയറിൽ നേടിയ 100/2 ആണ് ഏറ്റവും ഉയർന്നത്. പത്താം ഓവറിൽ ഷഹബാസ് അഹമ്മദിന്റെ പന്തിൽ ആവേശ് ഖാന് ക്യാച്ച് നൽകിയാണ് ഉർവിൽ പുറത്തായത്. അപ്പോഴേയ്ക്കും ചെന്നൈ സ്കോർ 126ൽ എത്തിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കു വേണ്ടി കളിച്ചു തുടങ്ങിയ ഉർവിൽ പട്ടേൽ ഇപ്പോൾ ഗുജറാത്തിനു വേണ്ടിയാണ് കളിക്കുന്നത്. പുരുഷന്മാരുടെ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയുടെ ഉടമയാണ് ഉർവിൽ പട്ടേൽ. 2024/25ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ത്രിപുരയ്‌ക്കെതിരെ ഗുജറാത്തിന് വേണ്ടി 28 പന്തിലാണ് ഉർവിൽ സെഞ്ചറി നേടിയത്.

English Summary:

Urvil Patel achieved a singular feat successful the IPL 2026 lucifer against Lucknow Super Giants, scoring 65 runs disconnected conscionable 23 balls. This includes a record-breaking 42 runs disconnected his archetypal 10 deliveries, showcasing an explosive batting show that powered Chennai Super Kings' innings.

Read Entire Article