മാറ്റത്തിന്റെ ചിറകടിയും, ലോകകപ്പ് 2026 ലെ മികച്ച പ്രകടനങ്ങളും

3 hours ago 2

ഫുട‌്ബോൾ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിലൊന്നിനാണ് തിരശീല വീണത്. ഫുട്ബോൾ എന്ന കളിയുടെ വിവിധ തലങ്ങളിൽ പ്രകടമായ നിലവാര മികവാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ന് ലോകത്തുള്ള താരപ്രഭയുള്ള കളിക്കാരിൽ മിക്കവരും കളിക്കാനെത്തിയതും പുതിയ താരോദയങ്ങളുണ്ടായതും തങ്ങളുടെ പ്രതാപമസ്തമിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തിയ പഴയ പടക്കുതിരകളു‌ടെ പ്രകടനങ്ങളും അടക്കം, 48 ടീമുകള്‍ ഏറ്റുമുട്ടിയ ടൂര്‍ണമെന്റ് സമ്മാനിച്ച കാഴ്ചകള്‍ പെട്ടെന്നു വിസ്മൃതിയിലാഴില്ല.

മുൻപ് ഒരു ലോകകപ്പും ‘ഗോള്‍കീപ്പറുടെ ടൂര്‍ണമെന്റ്’ എന്ന വിശേഷണത്തിന് അര്‍ഹമായിട്ടില്ല. അതേസമയം, എക്കാലത്തെയും ഏറ്റവും കനത്ത ആക്രമണ ഫുട്ബോളിനു സാക്ഷ്യം വഹിച്ചതും ഇതേ ടൂര്‍ണമെന്റ് തന്നെയാണ് എന്നത് ഈ ലോകകപ്പിന്റെ ബഹുമുഖത്വത്തിന് അടിവരയിടുന്നു. ഇത്തവണത്തെ ഫ്രാന്‍സിന്റെ ആക്രമണനിര 2002ലെ ബ്രസീലിന്റെ ‘മൂന്ന് ആര്‍’ കളോട് (റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞൊ, റിവാള്‍ഡോ) താരതമ്യം ചെയ്യപ്പെട്ടതും ‘ഏറ്റവും കുറവു ഗോള്‍ വഴങ്ങിയ ലോകകപ്പ് ചാംപ്യന്മാർ’ എന്ന റെക്കോർഡിനു നേരേ പേരെഴുതിച്ചേർക്കാൻ സ്പാനിഷ് പ്രതിരോധത്തിനു സാധിച്ചതുമൊക്കെ ഇത്തവണ കാണാനായി.

ചില കളിക്കാര്‍ക്ക് മറ്റുള്ളവരെക്കാള്‍ മികച്ച കളി പുറത്തെടുക്കാനാകും. എന്നാല്‍, മികച്ച കളിക്കാരുടെ പട്ടിക തയാറാക്കുമ്പോള്‍ ചില പൊസിഷനുകളില്‍ കളിക്കുന്നവരോട്, പ്രത്യേകിച്ചു ഫോര്‍വേഡുകളോട്, പക്ഷപാതം കാണിക്കേണ്ടി വരും. മറ്റുള്ളവരുടെ കളിയും വില മതിക്കപ്പെടുമെങ്കിലും അവര്‍ക്ക് അത്തരം പട്ടികകളില്‍ ഇടം കിട്ടില്ല. ഈ ടൂര്‍ണമെന്റില്‍ ഓരോ പൊസിഷനിലും കളിച്ച മികച്ച കളിക്കാരെ തിരഞ്ഞെടുക്കാനുള്ള ശ്രമമാണിത്. ടീമുകൾ അവരിൽ അർപ്പിച്ച പ്രതീക്ഷയ്ക്കൊത്ത് അവര്‍ക്കു വ്യക്തിഗത പ്രകടനം നടത്താനായോ എന്നതിനെ ആശ്രയിച്ചാണ് ഈ പട്ടിക.

ഭാഗം ഒന്ന്
: വായിക്കാം, ഭാഗം രണ്ട്: വായിക്കാം

ലെഫ്റ്റ് വിങ്ങര്‍

3. യൂലിയന്‍ ക്വിനോണസ്

ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയ യൂലിയന്‍ ക്വിനോണസിന്റേത് ഇന്നു വരെ മെക്‌സിക്കന്‍ ഫോര്‍വേഡുകള്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. അഞ്ചു കളികളിലായി 4 ഗോളുകള്‍ അടിക്കുകയും, ഒരു അസിസ്റ്റ് നല്‍കുകയും ചെയ്ത ക്വിനോണസ്, മെക്‌സിക്കോയ്ക്കു വേണ്ടി ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ചിച്ചാരിറ്റോ, ലൂയി ഹെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം എത്തിയിരിക്കുകയാണ്. തന്റെ ദേഹബലത്തിലൂന്നി ക്വിനോണസ് പുറത്തെടുത്ത കടുത്ത ശൈലി മെക്‌സിക്കോയ്ക്ക് വളരെ കാലമായി അന്യമായ ഒന്നായിരുന്നു. ഈ ലോകകപ്പില്‍ അതിന്റെ പ്രഭാവം അനിഷേധ്യമായിരുന്നു. ദക്ഷിണ കൊറിയയ്‌ക്കെതിരെ നേടിയ 1-0 വിജയത്തിലൊഴികെ, കളിച്ച കളികളിലെല്ലാം ഓരോ ഗോള്‍ നേടിയതും ഓരോ മത്സരത്തിലും മെക്‌സിക്കോയുടെ ആക്രമണത്തിന്റെ കുന്തമുനയായതും ക്വിനോണസ് ആയിരുന്നു. ശരാശരിയിലേറെയുള്ള തന്റെ കായികക്ഷമത ഉപയോഗിച്ച് ബോക്‌സിനുള്ളില്‍ കളിയുടെ നിയന്ത്രണം കൈക്കലാക്കാൻ ക്വിനോണസിന് സാധിക്കുന്നു എന്നതിനു പുറമെ, അദ്ദേഹം ഉതിര്‍ക്കുന്ന അതിശക്തമായ അടിയേറ്റ് നെറ്റ് പറന്നു പോകുന്നതും കാണാം. ഇക്വഡോറിനെതിരെ നടന്ന ആദ്യ റൗണ്ട് ഓഫ് 32 മത്സരത്തില്‍ അടിച്ച ഗോളാണ് ഈ ലോകകപ്പില്‍ അദ്ദേഹം നേടിയവയില്‍ ഏറ്റവും അവിസ്മരണീയം. ഹാഫ് ലൈനിനു സമീപത്തുവച്ച് സ്വീകരിച്ച പന്തുമായി പാഞ്ഞു കയറിയ ക്വിനോണസ് ബോക്‌സിനടുത്തുനിന്ന് അടിച്ച പന്ത് ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്കു മൂളിപ്പറന്നുകയറി. മെക്‌സിക്കോ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടു പുറത്തുപോയത് ആരാധകരുടെ നെഞ്ചു തകർത്തിരിക്കാമെങ്കിലും, ലോകകപ്പിലെ തന്റെ കന്നി പ്രകടനത്തില്‍ ക്വിനോണസിന് സന്തുഷ്ടനാകാം. സമീപ ഭാവിയില്‍ത്തന്നെ യൂറോപ്യന്‍ ക്ലബ്ബുകളിലൊന്ന് വൻ പ്രതിഫലം നൽകി അദ്ദേഹത്തെ റാഞ്ചിയേക്കും.

 AFP

യൂലിയന്‍ ക്വിനോനെസ് ചിത്രം: AFP


2. ഡിസിരെ ഡുവെ/ബ്രാഡ്‌ലി ബാര്‍കോളഈ രണ്ടു ഫ്രഞ്ച് വിങ്ങര്‍മാരെയും ഇത്തരത്തില്‍ ഒരുമിച്ച് അവതരിപ്പിക്കുകയെന്നത് ഒരു തരം കബളിപ്പിക്കലായിരിക്കാം. എന്നാല്‍, കോച്ച് ദിദിയെ ദെഷാം ഇവരെ പ്രയോജനപ്പെടുത്തിയ രീതി നോക്കിയാല്‍, അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. ശേഷിച്ച മൂന്ന് ആക്രമണ പൊസിഷനുകളും എംബപെ, ഡെംബലെ, ഒലിസെ എന്നിവര്‍ക്കായി മാറ്റിവച്ച ശേഷം ഡുവെ, ബാര്‍കോള എന്നിവരില്‍ ഒരാളെ, എതിരാളി ആരെന്നതിന് അനുസരിച്ചു കളത്തിലിറക്കുന്ന രീതിയായിരുന്നു ദെഷാം അനുവര്‍ത്തിച്ചുവന്നത്. തീരുമാനം ശരിയായില്ല എന്നു തോന്നിയാല്‍ ഇവരില്‍ കരയ്ക്കിരിക്കുന്ന ആളെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യും. ലോകകപ്പ് അവസാനിക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് 4 ഗോളുകള്‍ അടിക്കുകയും, 2 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു. (ഇതില്‍ മൂന്നു ഗോളും അടിച്ചത് ബര്‍കോളയാണ്. അദ്ദേഹം ഒരു അസിസ്റ്റും നല്‍കി. ഡുവെ ഒരു ഗോള്‍ നേടി; ഒരു അസിസ്റ്റും.) ഫ്രാന്‍സ് കളിച്ച എട്ടു മത്സരങ്ങളിലും അവര്‍ കളിക്കുകയും ചെയ്തു. ഇരുവരും ഒരേ പൊസിഷനിലാണ് കളിക്കുന്നതെങ്കിലും ഇരുവരുടെയും രീതികൾ വ്യത്യസ്തമായിരുന്നു.

തനിക്കു മുന്നിലുള്ള സാധ്യതകള്‍ എങ്ങനെ മുതലാക്കണം എന്ന കാര്യത്തില്‍ ദെഷാം വിഷമിച്ചു പോയിട്ടുണ്ടാകും. തനിക്ക് ആര്‍ജ്ജിക്കാനാകുന്ന അസാധാരണ വേഗത്തെയും എതിരാളികളുടെ ഗോള്‍ പോസ്റ്റിനരികില്‍, ‘മൂട്ടില്‍ തീ പിടിച്ചതു’ പോലെ നടത്തിയ ഓട്ടങ്ങളെയുമാണ് ബാര്‍കോള ആശ്രയിക്കുന്നത്. അതേസമയം, ഡുവെ ആക്രമണത്തില്‍ കുറെക്കൂടെ ഭാവന ഉപയോഗിക്കുന്നു. കൂടാതെ, മികച്ച ഡ്രിബ്‌ളിങ് കഴിവ് ഉള്ളതിനാല്‍ എതിരാളികള്‍ക്കിടയില്‍നിന്നു കുതറി രക്ഷ്പെട്ട് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. ഉദാഹരണത്തിന്, പാരഗ്വായ്ക്ക് എതിരെയുള്ള മത്സരത്തില്‍ ഫ്രാന്‍സിന് കിട്ടിയ പെനല്‍റ്റി. ഡുവെ പല പാരഗ്വായ് ഡിഫന്‍ഡര്‍മാരെയും വെട്ടിച്ച് ബോക്‌സിനുളളിലേക്ക് പന്തുമായി കയറിയതാണ് ഫൗളില്‍ കലാശിച്ചത്. എന്നാല്‍, സ്വീഡന് എതിരെ ഉത്തമ പോരാളി ബര്‍കോള ആയിരുന്നു. കാരണം സ്വീഡന്റെ പ്രതിരോധ നിരയിലെ ഒഴിഞ്ഞ ഇടങ്ങളിലൂടെ ആക്രമിച്ചു കയറാനുള്ള സാധ്യത അദ്ദേഹം ആസ്വദിച്ചിരുന്നു. ഇരുവരും ചെറുപ്പക്കാരാണ്. കളി കൂടുതല്‍ മെച്ചപ്പെടുത്താനുമുണ്ട്. എന്നാലും ഇപ്പോഴത്തെ സഞ്ചാരപഥത്തില്‍ തന്നെ തുടരുകയാണെങ്കില്‍ അവര്‍ 2030 ലും ‘ചുവപ്പു സോക്‌സ്’ അണിയും.

 AFP

ഡിസിരെ ഡുവെ, ബ്രാഡ്‌ലി ബാർകോള ചിത്രം: AFP

1. വിനീസ്യൂസ് ജൂനിയര്‍ബ്രസീലിന് ആറാം ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചില്ല. എന്നാലും തങ്ങളുടെ താരം വിനീസ്യൂസ് ജൂനിയര്‍ അവസാനം തന്റെ പകിട്ട് പുറത്തെടുത്തു എന്നത് ടീമിന് ആശ്വാസം പകരുന്ന ഒന്നായിരിക്കും. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുൻപ് വിനിയുടെ വിമര്‍ശകര്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിനു വേണ്ട കോപ്പ് വിനീസ്യൂസ് തന്നെയാണ് നല്‍കിയതും. മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ ബ്രസീലിന്റെ ജഴ്‌സിയില്‍ കളിച്ച അദ്ദേഹത്തിന് ഒരു തവണ പോലും മികച്ച പ്രകടനം പുറത്തെടുക്കായില്ല എന്നതാണ് വിമര്‍ശനത്തിന് കാരണം. എന്നാല്‍, ലോകകപ്പ് അത്തരത്തിലൊരു ടൂര്‍ണമെന്റ് ആയിരുന്നില്ല. അഞ്ചു കളികളിലായി വിനീസ്യൂസ് 4 ഗോളുകള്‍ നേടുകയും ഒരു അസിസ്റ്റ് നടത്തുകയും ചെയ്യുക വഴി ബ്രസീലിന്റെ ഏറ്റവും മികച്ച കളിക്കാരാനായി. ഓരോ ഗ്രൂപ്പ് മത്സരത്തിലും ഗോള്‍ അടിക്കുക വഴി അദ്ദേഹം റൊണാള്‍ഡോ നസാരിയോ (2002), റിവാള്‍ഡോ (2002), റൊമാരിയോ (1994), ജയിര്‍സിനോ ((1970) എന്നീ പ്രമുഖര്‍ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ സ്വന്തം പേരും എഴുതിച്ചേര്‍ത്തു.

 AFP

വിനീസ്യൂസ് ജൂനിയർ. ചിത്രം: AFP

ഇപ്പറഞ്ഞ നാലു കളിക്കാരും അതതു ലോകകപ്പ് വിജയിച്ചു. അത് വിനിക്കു സാധിച്ചില്ല. എന്നാല്‍, അതിനുള്ള പഴി പൂർണമായും അദ്ദേഹത്തിന്റെ ചുമലില്‍ വയ്ക്കാനുമാവില്ല. ഈ വര്‍ഷം കളിച്ചവരില്‍ ബ്രസീല്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ശരിക്കും ഉയര്‍ന്ന ഏക കളിക്കാരനും അദ്ദേഹം മാത്രമായിരുന്നു. അഭിരുചി, വിങ്ങിലൂടെ ഓടിക്കയറല്‍, ഭയരഹിതമായി ഡിഫന്‍ഡര്‍മാരെ നേരിടല്‍ തുടങ്ങി എല്ലാ മികവും പുറത്തെടുക്കുകയായിരുന്നു വിനി. ഈ ലോകകപ്പില്‍ അദ്ദേഹത്തിന് ഗോളടിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച നിമിഷം ജപ്പാന് എതിരെയായിരുന്നു. തനിക്ക് കിട്ടിയ പാസ് ഒരു ജാപ്പനീസ് കളിക്കാരന്റെ കാലുകള്‍ക്കിടയിലൂടെ കിക്ക് ചെയ്ത് ഡ്രിബ്ള്‍ ചെയ്ത് ബോക്‌സിലേക്ക് എത്തിച്ചു. അവിടെ മൂന്നു ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് പന്ത് തൊടുത്തു. ദൗര്‍ഭാഗ്യവശാല്‍ കീപ്പര്‍ സിയോണ്‍ സുസുക്കിക്ക് ഒന്നു തടവി വിടാന്‍ സാധിച്ചതോടെ പന്ത് പോസ്റ്റിലിടിച്ചു. ചില രീതിയില്‍ നോക്കിയാല്‍ നഷ്ടപ്പെട്ട ഈ അവസരം യുറഗ്വായ്ക്ക് എതിരെയുള്ള ലോകകപ്പില്‍ (1970) പെലെയ്ക്ക് നഷ്ടപ്പെട്ട അവസരത്തെ ഓര്‍മപ്പെടുത്തുന്നു. ആറാം വിജയത്തിനുള്ള ബ്രസീലിയന്‍ കാത്തിരിപ്പു നീളുന്നതിനിടെ, വിനീസ്യൂസ് കരുതുന്നത് തനിക്ക് ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍ അടുത്ത ടൂര്‍ണമെന്റില്‍ ബ്രസീലിന് വിജയം സമ്മാനിക്കാം എന്നായിരിക്കും.

പ്രത്യേക പരാമര്‍ശം: ആന്റണി ഗോര്‍ഡന്‍ (ഇംഗ്ലണ്ട്), ലെനാഡോ ട്രൊസാര്‍ഡ് (ബല്‍ജിയം), അന്റോണിയോ നുസാ (നോര്‍വേ)

റൈറ്റ് വിങ്ങര്‍

3. ലമീന്‍ യമാല്‍

സ്ഥിതിവിവരക്കണക്കുകള്‍ വച്ചാണു സംസാരിക്കുന്നതെങ്കില്‍, ലമീന്‍ യമാലിന് ഈ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരുടെ ലിസ്റ്റില്‍ പെടാനുള്ള യോഗ്യതയില്ല എന്നു വാദിക്കാം. സ്‌പെയിന്‍ രണ്ടാമത്തെ തവണ ജേതാക്കളായ ഈ ലോകകപ്പില്‍ അദ്ദേഹം ഒരു ഗോള്‍ മാത്രമാണ് നേടിയത്. എന്നാല്‍, കണക്കുകള്‍ക്കിടയിലൂടെ നോക്കിക്കാണേണ്ട കളിക്കാരനല്ല ലമീന്‍ യമാല്‍. മറിച്ച്, ‘എന്തുകൊണ്ട് സ്ഥിതിവിവരക്കണക്കുകള്‍ വച്ചുമാത്രം ഒരു കളിക്കാരനെ അളക്കരുത്’ എന്നതിന് ഉത്തമോദാഹരണമാണ് അദ്ദേഹം. ക്ലബ് ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ ഉണ്ടായ പരുക്കിനെ തുടര്‍ന്ന്, കാബോ വെര്‍ദെയ്ക്ക് എതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ യമാല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കളിയുടെ അവസാനത്തെ 20 മിനിറ്റ് കളിക്കാന്‍ എത്തിയെങ്കിലും പരുക്കിന്റെ പിടിയില്‍നിന്ന് മുക്തനാകാത്തതു പോലെയുള്ള പ്രകടനമായിരുന്നു നടത്തിയത്.

അതേസമയം, കളിയുടെ 10-ാം മനിറ്റില്‍ ഗോളടിച്ച്, തന്റെ കഴിവില്‍ സംശയമുളളവരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു യമാല്‍ സൗദി അറേബ്യയ്ക്ക് എതിരെ പുറത്തെടുത്തത്. അദ്ദേഹം കൂടുതല്‍ ഗോളുകള്‍ നേടിയില്ലെങ്കിലും വിങ്ങില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സ്‌പെയിനിന്റെ ആക്രമണങ്ങള്‍ക്ക് നിര്‍ണായകമായിരുന്നു. ഏതൊരു കളിക്കാരനെയും ഒറ്റയ്ക്കു നേരിടുന്നതില്‍ അദ്ദേഹത്തിന്റെ ശേഷി അറിയാവുന്നതിനാല്‍ എതിരാളികള്‍ക്ക് യമാലിനെ നിലയ്ക്കു നിർത്താന്‍ ഒന്നിലേറെ കളിക്കാരെ നിയോഗിക്കേണ്ടി വന്നു. അങ്ങനെ അദ്ദേഹത്തിന്റെ സ്വന്തം ടീമംഗങ്ങള്‍ക്ക് എതിര്‍ നിരയിലെ പഴുതുകള്‍ നോക്കി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. അതിനൊക്കെ പുറമെ, യമാലിന്റെ കളി കാണുക എന്നതു തന്നെ ആനന്ദലഹരി പകരുന്നതാണ്. അദ്ദേഹത്തിന്റെ ഡ്രിബിളുകള്‍, പാസുകള്‍, സ്വന്തം ശേഷിയിലുള്ള വിശ്വാസം തുടങ്ങിയവയൊക്കെ അതില്‍ പെടും. എല്ലാത്തിനും ഉപരി യമാലിന് ഇപ്പോള്‍ 19 വയസ്സേയുളളു എന്ന കാര്യം വിസ്മരിക്കാതിരിക്കാം. അദ്ദേഹം ഏതെങ്കിലും നിലയില്‍ ഈ ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ലെങ്കിലും, വരുന്ന ലോകകപ്പുകള്‍ അദ്ദേഹത്തിന് അവസരങ്ങള്‍ ഒരുക്കിയേക്കുമെന്ന് പ്രതീക്ഷിക്കാം.

 AFP

ലമീൻ യമാൽ. ചിത്രം: AFP

2. ഉസ്മാന്‍ ഡെംബലെഇപ്പോഴത്തെ ബലോൻ ദ് ഓര്‍ ജേതാവായ ഉസ്മാന്‍ ഡെംബലെ തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തത് താന്‍ പങ്കെടുത്ത മൂന്നാമത്തെ ടൂര്‍ണമെന്റിലാണ്. കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളിലും ഫ്രാന്‍സ് ഫൈനലില്‍ എത്തിയെങ്കിലും ഡെംബലെക്ക് ഗോളടിക്കാനായില്ല. മാത്രമല്ല, അര്‍ജന്റീനയ്‌ക്കെതിരെയുള്ള ഫൈനലില്‍ വളരെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹാഫ് ടൈമില്‍ത്തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടു. എന്നാല്‍, അതൊന്നുമല്ല 2026ല്‍ കണ്ടത്. എട്ടു കളികളിലായി 6 ഗോളുകളും 2 അസിസ്റ്റുകളും. അടിച്ച ആറു ഗോളുകളില്‍ പകുതി നോര്‍വേക്ക് എതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ നേടിയ ഹാട്രിക്ക് ആണ്. ബാക്കി മൂന്നു ഗോളുകളില്‍ ഒന്ന് ഇറാഖിന് എതിരെയും, മറ്റൊന്ന് മൊറോക്കോയ്ക്ക് എതിരെ ക്വാര്‍ട്ടറിലും, മൂന്നാമത്തെ ഗോള്‍ ഇംഗ്ലണ്ടിന് എതിരെ മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തിലുമാണ് വീഴ്ത്തിയത്. കപ്പ് ഉയര്‍ത്തിയ സ്‌പെയിനിനോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും, ഡെംബലെ ക്ലബ് തലത്തില്‍ കളിക്കുന്ന മികവാര്‍ന്ന കളി രാജ്യാന്തര മത്സരങ്ങളിലും അദ്ദേഹത്തിന് പുറത്തെടുക്കാന്‍ സാധിച്ചു.

അസാധാരണ വേഗത ആര്‍ജ്ജിക്കാനുള്ള ശേഷിയാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയെങ്കിലും ഏതു തരം ഷോട്ടാണ് വേണ്ടതെന്നു തിരിച്ചറിയുന്നതും, ഗോളടിക്കാനുളള ശേഷിയുമാണ് അദ്ദേഹം ഇത്തവണ അധികമായി കാണിച്ചത്. മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ ഏതാനും സീസണുകളില്‍ ഡെംബലെയെ ലൂയി എന്റീക് നമ്പര്‍ 9 (സെന്‍ട്രല്‍ സ്‌ട്രൈക്കര്‍, പ്രധാന ഫോര്‍വേഡ്) പൊസിഷനില്‍ കളിപ്പിച്ചു വരികയായിരുന്നു. എന്നു പറഞ്ഞാല്‍, അപകടകരമായ മേഖലകളില്‍ വച്ച് അദ്ദേഹത്തിന്റെയടുത്ത് പന്ത് ലഭിച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ കിലിയന്‍ എംബപെ ടീമിലുളളിടത്തോളം ഡെംബലെ ഒരു 'രണ്ടാമുഴക്കാരന്‍' മാത്രമായിരിക്കും. എന്നാല്‍, ഈ ടൂര്‍ണമെന്റിലെ കളിയില്‍നിന്നു പാഠം ഉള്‍ക്കൊള്ളുകയാണെങ്കില്‍ അദ്ദേഹത്തിനും മുന്‍ നിരയില്‍ സ്ഥാനം നല്‍കാം.

 AFP

ഉസ്മാൻ ഡെംബലെ. ചിത്രം: AFP

1. ലയണല്‍ മെസ്സി39 വയസ്സില്‍ എത്തി നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ, ലോകകപ്പിലെ കളിയെക്കുറിച്ച് ഒരു പാരഗ്രാഫില്‍ എഴുതുന്നതു തന്നെ ശരിയല്ല. താന്‍ മറ്റാര്‍ക്കുമില്ലാത്ത നിലവാരത്തില്‍ കളിക്കുന്ന ആളാണ് എന്നു തെളിയിക്കാന്‍ മെസ്സി ഇനി എന്താണു ചെയ്യേണ്ടത്? എട്ടു മത്സരങ്ങളിലായി 8 ഗോളുകള്‍, നാല് അസിസ്റ്റുകളും. ഇതെല്ലാം 39-ാം വയസ്സിലാണെന്ന് ആവര്‍ത്തിച്ചു പറയേണ്ടിയിരിക്കുന്നു. ഫൈനലിലെ മെസ്സിയുടെ പ്രകടനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ചില കാര്യങ്ങള്‍ മനസ്സിലാകുന്നില്ലെന്നു തോന്നുന്നു- തന്റെ മികച്ച കാലം എന്നേ അവസാനിച്ചു കഴിഞ്ഞ ഒരു കളിക്കാരന്‍, അധികം മികവൊന്നുമില്ലാതിരുന്ന ഒരു ടീമിനെ സ്വന്തം ചുമലില്‍ വഹിച്ച് ഫൈനലില്‍ എത്തിക്കുക മാത്രമല്ല ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡുകള്‍ നേടാന്‍ മത്സരിക്കുകയും ചെയ്തു.

ലയണൽ മെസ്സി (Photo by Jewel SAMAD / AFP)

ലയണൽ മെസ്സി (Photo by Jewel SAMAD / AFP)

മെസ്സിയുടെ ശൈലിയെക്കുറിച്ചും കഴിവുകളെക്കുറിച്ചും ധാരാളം എഴുതപ്പെട്ടു കഴിഞ്ഞതിനാല്‍ അതിനി ഇവിടെപ്പറയുന്നത് അധികപ്പറ്റാകും. പകരം ഈ ടൂര്‍ണമെന്റ് മെസ്സിയുടെ അവസാനത്തെ ലോകകപ്പ് ആകാന്‍ ഇടയുള്ളതിനാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള ലോകകപ്പ് റെക്കോർഡുകള്‍ മാത്രം എഴുതാം.

∙ കഫുവിനു (1994, 1998, 2002) ശേഷം മൂന്നു ലോകകപ്പ് ഫൈനലുകളില്‍ (2014, 2022, 2026) കളിക്കാന്‍ സാധിച്ച ആളാണ് മെസ്സി. മാത്രമല്ല, മൂന്നു ലോകകപ്പുകളിലും തുടക്കം മുതല്‍ കളിക്കളത്തില്‍ ഉണ്ടായിരുന്നു താനും.
∙ ഏറ്റവുമധികം അസിസ്റ്റുകള്‍ (12) നടത്തിയതിനുള്ള റെക്കോർഡ് അദ്ദേഹത്തിനാണ്.
∙ അതിനു പുറമെ ഏറ്റവുമധികം ഗോളുകള്‍ (21) നേടിയിരിക്കുന്നവരുടെ ലിസ്റ്റില്‍ രണ്ടാമതുമാണ്. അങ്ങനെ നോക്കിയാല്‍ ഗോളുകള്‍ക്ക് അദ്ദേഹം നടത്തിയിരിക്കുന്ന സംഭാവന 33 ആണ്. അതും റെക്കോർഡ് ആണ്.
∙ ഏറ്റവുമധികം കളികള്‍ കളിച്ചതിന്റെയും (34) ഏറ്റവുമധികം വിജയം നേടിയതിന്റെയും (23) റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.
∙ രണ്ട് ഗോള്‍ഡന്‍ ബോള്‍ നേടിയ കളിക്കാരനുമാണ് അദ്ദേഹം. (മൂന്നാമത് ഒന്നുകൂടി അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതായിരുന്നു എന്ന് ചിലര്‍ വാദിച്ചേക്കാം.)
∙ ടീനേജിലും 20കളിലും 30കളിലും ലോകകപ്പില്‍ ഗോളടിച്ച ഏക കളിക്കാരനും മെസ്സിയാണ്.
∙ ഒരു ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായമേറിയ താരം (38 വര്‍ഷവും 357 ദിവസവും) എന്ന റെക്കോർഡും അദ്ദേഹത്തിന്റേതാണ്.

ഈ ലിസ്റ്റ് എത്ര വേണമെങ്കിലും നീട്ടാമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. തന്റെ കരിയറില്‍ മുഴുവനും അദ്ദേഹം പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് ഉയര്‍ന്നു. തന്റെ നല്ല പ്രായത്തിനു ശേഷവും അദ്ദേഹം മികച്ച കളി പുറത്തെടുത്തു. 43-ാമത്തെ വയസ്സില്‍ തനിക്ക് ഇനിയൊരു അങ്കത്തിനും കൂടെ ബാല്യമുണ്ടെന്നു പറഞ്ഞ് അദ്ദേഹം അടുത്ത ലോകകപ്പിനും എത്തിയാല്‍ അദ്ഭുതപ്പെടരുത്. ലയണല്‍ മെസ്സിക്കു പകരം ലയണല്‍ മെസ്സി മാത്രം.

പ്രത്യേക പരാമര്‍ശം: ബുക്കായോ സാക്ക (ഇംഗ്ലണ്ട്), ആന്റണി എലംഗ (സ്വീഡന്‍), റിറ്റ്‌സു ഡോഅന്‍ (ജപ്പാന്‍)

ഫോര്‍വേഡ്/സ്‌ട്രൈക്കര്‍

3. ഹാരി കെയ്ന്‍

പ്രാധാന്യമുള്ള കളികളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്ന ആരോപണം തള്ളിക്കളയാനാവില്ലെങ്കിലും ഹാരി കെയ്നിന് ഒരു ഉജ്ജ്വല ടൂര്‍ണമെന്റ് ആയിരുന്നു ഇത്. ആറു മത്സരങ്ങളില്‍നിന്ന് ആറു ഗോളുകളും ഒരു അസിസ്റ്റും നടത്തിയ അദ്ദേഹം തന്റെ ക്ലബ് ആയ ബയണ്‍ മ്യൂണിക്കിനു വേണ്ടി കളിച്ചിരുന്നപ്പോള്‍ ഉള്ള ഗംഭീര ഫോം ലോകകപ്പിലും തുടരുന്നു എന്ന തോന്നലാണ് ഉണ്ടാക്കിയത്. ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവുമധികം ലോകകപ്പ് ഗോളുകള്‍ (14) നേടുന്ന കളിക്കാരനായി അദ്ദേഹം. ഗാരി ലിനേക്കറുടെ (10) റെക്കോർഡ് ആണ് അദ്ദേഹം മറികടന്നത്.

 ODD ANDERSEN / AFP

ഇംഗ്ലണ്ടിനായി ഗോൾ നേടിയ ഹാരി കെയ്നിന്റെ ആഹ്ലാദം. Photo: ODD ANDERSEN / AFP

അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കോംഗോയ്ക്ക് എതിരെയുള്ള റൗണ്ട് ഓഫ് 32 മത്സരത്തിലാണ് കണ്ടത്; കോംഗോ 1-0 ലീഡ് നേടുകയും ഒരു അട്ടിമറി മണക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍. എന്നാല്‍, അതൊന്നും അംഗീകരിക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന് സാധിക്കില്ലായിരുന്നു-10 മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍ അടിച്ചാണ് കെയ്ന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോള്‍ വൈദഗ്ധ്യത്തിന്റെ ഒരു നേര്‍ക്കാഴ്ചയായിരുന്നു. ബോക്‌സിനുള്ളില്‍ മൂന്നു ഡിഫന്‍ഡര്‍മാര്‍ പാഞ്ഞടുക്കവെ ഇടം കണ്ടെത്തി പന്ത് വലയിലേക്ക് ആഞ്ഞടിച്ചു കയറ്റുകയായിരുന്നു. അര്‍ജന്റീനയ്ക്ക് എതിരെയുള്ള സെമിയില്‍ കെയ്ന്‍ മുന്നോട്ടു കയറി വരാതെ കളിച്ചു എന്ന ആരോപണം നേരിട്ടെങ്കിലും, തന്റെ തന്നെ പകുതിയില്‍നിന്ന് കെയ്ന്‍ നല്‍കിയ പന്താണ് ഗോര്‍ഡന് ഗോളടിക്കാന്‍ അവസരമൊരുക്കിയത് എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. എതിരാളിയുടെ ഹാഫില്‍ ഗോളടിക്കാനുള്ള തന്റെ ഊഴം കാത്ത് വെറുതെ നില്‍ക്കുന്നതിനു പകരം, കെയ്ന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് തനിക്ക് എപ്പോഴും പന്ത് തട്ടിത്തട്ടി നടക്കണം എന്ന ആഗ്രഹമാണ്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന് ഇപ്പോള്‍ 33 വയസ്സുണ്ട്. അദ്ദേഹത്തിന് ഇപ്പോഴത്തെ ഫോം അടുത്ത നാലു വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ സാധിച്ചാല്‍ ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യത അവശേഷിച്ചിട്ടുണ്ട് എന്നു പറയാം.

2. എർലിങ് ഹാളണ്ട്തന്റെ ക്ലബിലെ അംഗങ്ങളും എതിരാളികളും ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത് എർലിങ് ഹാളണ്ട് വര്‍ഷങ്ങളോളം പുറത്തിരുന്നു കാണേണ്ടി വന്നു. എന്നാല്‍, 1998 നു ശേഷം ആദ്യമായി നോര്‍വെ ലോകകപ്പിനു യോഗ്യത നേടിയതോടെ 2026ല്‍ അദ്ദേഹം കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. നോര്‍വെ അധികം കസര്‍ത്തുകള്‍ നടത്തുമെന്ന് അധികമാരും പ്രതീക്ഷിച്ചില്ല. എന്നാല്‍, എല്ലാ പ്രവചനങ്ങളും തെറ്റിച്ച് നോര്‍വെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെ എത്തി. അതിന് പ്രധാനമായും നന്ദി പറയേണ്ടത് ഹാളണ്ട് നേടിയ ഗോളുകളോടാണ്. അഞ്ചു മത്സരങ്ങളില്‍ നിന്ന് 7 ഗോളുകള്‍ നേടിയ ഹാളണ്ട് കലര്‍പ്പില്ലാത്ത സ്‌ട്രൈക്കര്‍ എന്ന ആശയത്തിന്റെ ആള്‍രൂപമായിരുന്നു. അത്തരമൊന്ന് ആധൂനിക ഫുട്‌ബോളില്‍ വളരെ വിരളമായി മാത്രമേ കാണാന്‍ സാധിക്കൂ. അദ്ദേഹത്തിന്റെ ലക്ഷ്യം പന്ത് നെറ്റില്‍ കുരുക്കുക എന്നതായിരുന്നു.

എല്ലാവരും പ്രതീക്ഷിച്ചതു പോലെ ഗോളടിയുടെ കാര്യത്തില്‍ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഹാളണ്ട്. അഞ്ചു തവണ ചാംപ്യന്മാരായ ബ്രസീലിന് ടൂര്‍ണമെന്റിനു പുറത്തേക്കുള്ള വഴി കാണിച്ച റൗണ്ട് ഓഫ് 16 മത്സരത്തില്‍ നോര്‍വെയുടെ രണ്ടു ഗോളുകളും ഹാളണ്ടിന്റെ വകയായിരുന്നു. അതില്‍ ആദ്യത്തേത് തന്റെ ചിരവൈരികളിലൊരാളായ ഗബ്രിയല്‍ മഗാന്‍ഹെയ്‌സിനേക്കാള്‍ (Gabriel Magalhaes) ഉയരെ ചാടി ശക്തമായി ഹെഡ് ചെയ്ത് വീഴ്ത്തുകയായിരുന്നു. രണ്ടാമത്തെ ഗോള്‍ ആകട്ടെ ബോക്‌സിനു വെളിയില്‍നിന്ന് ഗംഭീരമായ കൃത്യതയോടെ ഗോള്‍ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് അടിച്ചു കയറ്റുകയും ചെയ്തു.

ഇംഗ്ലണ്ടിന് എതിരെയുള്ള ക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ സൊര്‍ലോത്തിന് പാസ് നൽകാൻ ഹാളണ്ടിനു സാധിച്ചിരുന്നെങ്കില്‍ നോര്‍വെ ഒരുപക്ഷേ സെമിയില്‍ എത്തുമായിരുന്നു. കളിക്കളത്തിലെ കസര്‍ത്തുകള്‍ക്കു പുറമെ, ഹാളണ്ടിന്റെ ജനപ്രിയത വാനോളം ഉയര്‍ന്നു- ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന്റെ ഫോളോവര്‍മാരുടെ എണ്ണം 30 ദശലക്ഷത്തിലേറെ വര്‍ദ്ധിച്ചു. അതിന് നന്ദിപറയേണ്ടത് അദ്ദേഹത്തിന്റെ ഗോളടി വൈദഗ്ധ്യത്തിനും, വൈറല്‍ പോസ്റ്റുകള്‍ ഇടാനുള്ള കഴിവിനുമാണ്. ഹാളണ്ടിന്റെ ലോകകപ്പിലെ അരങ്ങേറ്റം ശുഭസൂചകമാണ്. എന്തായാലും, 2030 ലോകകപ്പില്‍ കൂടുതല്‍ മുന്നേറാമെന്ന പ്രതീക്ഷയിലായിരിക്കും നോര്‍വെ.

എർലിങ് ഹാളണ്ട്. Photo by AL BELLO / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

എർലിങ് ഹാളണ്ട്. Photo by AL BELLO / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

1. കിലിയന്‍ എംബപെക്രിസ്റ്റ്യാനോ റൊണാള്‍ഡോ ‘മി. യുസിഎല്‍’ (യുവേഫ ചാംപ്യന്‍സ് ലീഗ്) ആണെങ്കില്‍, കിലിയന്‍ എംബപെയെ അതിനു തുല്യമായ ലോകകപ്പ് വിശേഷണം കൊണ്ട് കിരീടമണിയിക്കണം. ശരിയാണ്, മൂന്നു ടൂര്‍ണമെന്റുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് ഒരു ലോകകപ്പ് കളിക്കാനായത്. എന്നാല്‍, ലോകകപ്പിലെ അദ്ദേഹത്തിന്റെ മോശം പ്രകടനം നാലാം സ്ഥാനം നേടിയതാണ്. എംബപെ ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തും എന്നത് ഏറെക്കുറെ പ്രതീക്ഷിച്ചതാണ്. അതിനാല്‍ത്തന്നെ അദ്ദേഹം നന്നായി കളിച്ചത് ആരെയും അദ്ഭുതപ്പെടുത്തിയുമില്ല. റയല്‍ മഡ്രിഡിലെ രണ്ട് അശാന്തമായ സീസണുകള്‍ക്ക് ശേഷം ഫ്രഞ്ച് ക്യാപ്റ്റന്‍ നിരാശപ്പെടുത്താനുള്ള സാധ്യത ഉണ്ടായിരുന്നു. ഫ്രാന്‍സ് പരാജയപ്പെട്ടു എങ്കിലും, എട്ടു കളികളില്‍നിന്ന് 10 ഗോളുകളും 4 അസിസ്റ്റുകളുമുള്ള എംബപെ ഒരു തരത്തിലും നിരാശപ്പെടുത്തിയില്ല എന്നതു വ്യക്തമാണ്.

കിലിയന്‍ എംബപെ, ബ്രാഡ്‌ലി ബാർക്കോള (Photo by ANGELA WEISS / AFP)

കിലിയന്‍ എംബപെ, ബ്രാഡ്‌ലി ബാർക്കോള (Photo by ANGELA WEISS / AFP)

മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ അടിച്ച ഇരട്ട ഗോളുകള്‍ക്കു ശേഷം എംബപെ ഔദ്യോഗികമായി ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന കളിക്കാരനായി– 22 കളികളില്‍നിന്ന് 22 ഗോളുകള്‍. ഒരു കളിയില്‍ ഒരു ഗോള്‍ എന്നത് അതിശയിപ്പിക്കുന്ന ഒരു നേട്ടമാണ്. ഇതിന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ മെസ്സിയുടെ കാര്യം പരിശോധിക്കാം. അദ്ദേഹം 34 കളികളില്‍ നിന്നാണ് 21 ഗോളുകള്‍ നേടിയിരിക്കുന്നത്. ഇതാദ്യമായാണ് എംബപെ ലോകകപ്പില്‍ നമ്പര്‍ 9 പൊസിഷനില്‍ കളിക്കുന്നത്-നേരത്തേ ലെഫ്റ്റ് വിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഡ്യൂട്ടി. എന്നു പറഞ്ഞാല്‍, ഇത്തവണ ഗോള്‍ എത്തിച്ചുകൊടുക്കുന്നതിലല്ല, ഗോള്‍ സ്‌കോര്‍ ചെയ്യുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ കളിക്കാരന്‍ എന്ന നിലയില്‍ രണ്ടാമത്തെ തവണ തുടര്‍ച്ചയായി ഗോള്‍ഡന്‍ ബൂട്ടും എംബപെയ്ക്ക് ലഭിച്ചു. തുടർച്ചയായി രണ്ടു വട്ടം ഈ ബഹുമതി കിട്ടിയിട്ടുള്ള ഏക കളിക്കാരനും അദ്ദേഹമാണ്. സ്‌പെയിനിന്റെ പിന്‍നിര ഭേദിക്കാനുളള ‘കോഡ്’ ഇതുവരെ കിട്ടിയിട്ടില്ലായിരിക്കാമെങ്കിലും, 2030ല്‍ മൂന്നാം തവണ ലോകകപ്പിന് എത്തുന്നതിനെക്കുറിച്ചായിരിക്കും അദ്ദേഹം ചിന്തിക്കുന്നത്.

പ്രത്യേക പരാമര്‍ശം: ഇസ്മയിലാ സര്‍ (സെനഗല്‍), മിക്കെല്‍ ഒയര്‍സാബാല്‍ (സ്‌പെയിന്‍), ഇസ്മയെല്‍ സയിബാരി (മൊറോക്കോ)

Read Entire Article