100–ാം നാൾ തുടങ്ങും ‘ലോകയുദ്ധം’; ഇങ്ങനെ ഇതാദ്യം, വെല്ലുവിളികളേറെ; ബഹിഷ്കരണ ഭീഷണിയുമായി ഇറാൻ; ബൂട്ടഴിക്കുമോ ഇതിഹാസങ്ങൾ?

2 weeks ago 3

ജീവൻ പൊലിയാത്ത ‘ലോകയുദ്ധ’ങ്ങളുടെ ആനന്ദരാപകലുകളിലേക്കുള്ള 100 ദിന കാത്തിരിപ്പിന് ഇന്നു തുടക്കം. യുഎസും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ജൂൺ 11ന് കിക്കോഫ്. മൈതാനത്തു യുദ്ധം കടുത്താൽ വിജയത്തിനു മധുരമേറുമെന്നു പഠിപ്പിച്ച ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മാറും ലൂക്കാ മോഡ്രിച്ചും ഉൾപ്പെടെ ലോക ഫുട്ബോളിലെ കമാൻഡർമാരുടെ വിടവാങ്ങലിനും ഈ ലോകകപ്പ് വേദിയാകുമെന്നു പ്രതീക്ഷിക്കുന്നു. ന്യൂയോർക്കിലെ വിഖ്യാതമായ മെറ്റ്‍ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 19ന് ആണു ഫൈനൽ.

മത്സരങ്ങളുടെ എണ്ണം, ഫോർമാറ്റ്, വേദികളുടെ അകലം, ടീമുകളുടെ പങ്കാളിത്തം എന്നിവ പരിഗണിച്ചാൽ ചരിത്രത്തിലിത്രയും വിശാലമായ ലോകകപ്പ് മുൻപുണ്ടായിട്ടില്ല. 3 രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വവും ഇതാദ്യം. 32ൽ നിന്നു 48 ആയി ടീമുകളുടെ എണ്ണവും 64ൽ നിന്നു 104 ആയി മത്സരങ്ങളുടെ എണ്ണവും വർധിച്ചു. ഗ്ര‍ൂപ്പ് റൗണ്ട് കടന്നാൽ പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 16) എന്ന പതിവിനു പകരം റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് കൂടി ഉൾപ്പെടുത്തി. ‌

നിലവിലെ ചാംപ്യൻമാരായ അർജന്റീനയും കിര‍ീടമോഹികളായ ഫ്രാൻസും ഇംഗ്ലണ്ടും ബ്രസീലുമൊക്കെ രണ്ടും കൽപിച്ച് ഒരുങ്ങുമ്പോഴും ‘ടൂർണമെന്റ് ഫേവറിറ്റ്’ ആയി വിലയിരുത്തപ്പെടുന്നതു സ്പെയിനെയാണ്. 2010ൽ കിര‍ീടം നേടിയ ടീമുമായി സാമ്യമേറെയുണ്ട്, ബലോൻ ദ് ഓർ പുരസ്കാര ജേതാവ് റോഡ്രിയും ലമീൻ യമാലും നിക്കോ വില്യംസുമൊക്കെ ഉൾപ്പെടുന്ന പുതിയ സ്പെയിൻ ടീമിന്. കിരീടം ആരു നേടിയാലും ആരാധകർ മനസ്സു കൊണ്ടതു മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും സമർപ്പിക്കും; നൽകിയതിനെല്ലാം നന്ദി പറയും.

∙ ബൂട്ടഴിക്കുമോ ഇതിഹാസങ്ങൾലയണൽ മെസ്സി: ഖത്തറിൽ അർജന്റീനയെ ചാംപ്യൻമാരാക്കിയതോടെ ജീവിതാഭിലാഷം സഫലമാക്കിയ മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. 38 വയസ്സാണിപ്പോൾ.

നെയ്മാർ: 34 വയസ്സുകാരൻ ബ്രസീലിയൻ സൂപ്പർതാരം നെയ്മാറിനു കരിയർ സാധ്യതകൾ ബാക്കിയുണ്ടെങ്കിലും പരുക്കുകൾ അദ്ദേഹത്തിന്റെ ഭാവി ദുഷ്കരമാക്കി. ലോകകപ്പ് ടീമിൽ കാണുമോയെന്നതിലും ഉറപ്പില്ല. ഡിസംബറിൽ വിരമിച്ചേക്കുമെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ: പ്രായമേശാത്ത പോരാളിയാണെങ്കിലും 41–ാം വയസ്സിലാണു പോർച്ചുഗലിന്റെ ഹീറോ. ലോകകപ്പ് അവസാന അങ്കമാക്കി രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ റൊണാൾഡോ തീരുമാനിച്ചു കഴിഞ്ഞെന്നു റിപ്പോർട്ടുകൾ.

ലൂക്കാ മോഡ്രിച്ച്: ക്രൊയേഷ്യൻ ക്യാപ്റ്റനായ നാൽപതുകാരൻ മോഡ്രിച്ച് ലോകകപ്പിനു ശേഷം കളമൊഴിയുമെന്നാണു സൂചന. റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനല്‍ വരെയെത്തി.

∙ ചൂട്, ചെലവ്, വീസ; വെല്ലുവിളിഫിഫ ലോകകപ്പിനു വെല്ലുവിളിയൊരുക്കുന്ന ഘടകങ്ങളേറെ. ആതിഥേയ രാജ്യമായ മെക്സിക്കോയിലെ ആഭ്യന്തര കലാപങ്ങൾ സുരക്ഷാ ഭീതി സൃഷ്ടിക്കുന്നുണ്ട്. ചൂടാണു മറ്റൊരു വെല്ലുവിളി. വേനൽക്കാലത്താണു മത്സരങ്ങളെന്നതിനാൽ കാനഡ ഒഴികെയുള്ള വേദികളിൽ കടുത്ത ചൂടിനു സാധ്യതയുണ്ട്. ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കിയതോടെ യുഎസ് വീസ ലഭിക്കുകയെന്നതും ദുഷ്കരമാണ്. ഫിഫയുടെ പ്രയോറിറ്റി പാസിലാണു പ്രതീക്ഷ. ഒട്ടേറെ രാജ്യങ്ങളിൽനിന്നു യുഎസിലേക്കു വീസ വിലക്ക് തുടരുന്നുണ്ട്.

∙ ഇറാൻ വരുമോ?യുഎസും ഇറാനും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം ചോദ്യചിഹ്നമായി. ലോകകപ്പിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഫിഫയോടു ഭീഷണി മുഴക്കിയതായി വാർത്തകളുണ്ട്. ബൽജിയം, ഈജിപ്ത്, ന്യൂസീലൻഡ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ജിയിലാണ് ഇറാന്റെ സ്ഥാനം.

∙ ഇവർ കന്നിക്കാർലോകകപ്പ് യോഗ്യത നേടുന്ന 48 രാജ്യങ്ങളിൽ ആദ്യമായി മത്സരിക്കാൻ അവസരം ലഭിക്കുന്നതു 4 രാജ്യങ്ങൾക്കാണ്. ജോർദാൻ, ഉസ്ബക്കിസ്ഥാൻ എന്നിവർക്കൊപ്പം ഇത്തിരിക്കുഞ്ഞൻ രാജ്യങ്ങളായ ക്യുറസാവോ, കെയ്പ് വെർഡി എന്നിവരും യോഗ്യത നേടി. ശേഷിക്കുന്ന അവസാന 6 സ്ഥാനങ്ങൾക്കായി 22 രാജ്യങ്ങൾ ഈ മാസം യോഗ്യതാ മത്സരം കളിക്കും. ഇറ്റലി, യുക്രെയ്ൻ, സ്വീഡൻ, പോളണ്ട്, തുർക്കി, ഡെന്മാർക്ക് തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

∙ മൂന്നാംവട്ടം മെക്സിക്കോഫിഫ ലോകകപ്പിനു മൂന്നുവട്ടം ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതി ഇനി മെക്സിക്കോയ്ക്കു സ്വന്തം. 1970, 1986 ലോകകപ്പുകൾക്ക് ആതിഥ്യം വഹിച്ച ശേഷമാണു വീണ്ടും മെക്സിക്കോയ്ക്ക് അവസരം ലഭിക്കുന്നത്. എന്നാൽ, ലോകകപ്പ് ഒരുക്കങ്ങളുടെ കാര്യത്തിൽ ശുഭവാർത്തകളല്ല അവിടെ നിന്നു വരുന്നത്. ലഹരിമരുന്നു കാർട്ടലുകളും പൊലീസും തമ്മിലുള്ള ആഭ്യന്തര യുദ്ധംമ‍ൂലം സുരക്ഷ ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്.

English Summary:

The FIFA World Cup 2026 kicks disconnected connected June 11th, hosted jointly by the US, Mexico, and Canada, marking the largest tourney successful history. This variation volition diagnostic 48 teams and 104 matches, with a caller Round of 32 knockout stage, and is anticipated to beryllium the last World Cup quality for shot legends similar Lionel Messi and Cristiano Ronaldo.

Read Entire Article