105/1ൽ നിന്ന് 165ന് ഓൾഔട്ട്! സൺ‘ഫോൾ’ ഹൈദരാബാദ്; വിജയക്കുതിപ്പ് അവസാനിപ്പിച്ച് കൊൽക്കത്ത, ഹാട്രിക് ജയം

4 weeks ago 7

ഓൺലൈൻ ഡെസ്‌ക്

Published: May 03, 2026 07:20 PM IST Updated: May 03, 2026 07:31 PM IST

1 minute Read

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും. (Photo by Noah SEELAM / AFP)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും. (Photo by Noah SEELAM / AFP)

ഹൈദരാബാദ് ∙ സീസണിൽ തുടർച്ചയായ ആറാം ജയം തേടിയെത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ ഹോംഗ്രൗണ്ടിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴും വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം. ഹൈദരാബാദ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്.

അർധസെഞ്ചറി നേടിയ അംഗ്‌ക്രിഷ് രഘുവംശി (47 പന്തിൽ 59), ക്യാപ്റ്റൻ അജിൻക്യ രഹാനെ (36 പന്തിൽ 43) എന്നിവർ ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ മൂന്നു വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി, രണ്ടു വിക്കറ്റ് വീഴ്ത്തിയ സുനിൽ നരെയ്ൻ എന്നിവരടങ്ങിയ ബോളിങ് നിരയാണ് വമ്പൻ അടിക്കാരുടെ ഹൈദരാബാദിനെ കുഞ്ഞൻ സ്കോറിലൊതുക്കിയത്. ആദ്യ അറു മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാതിരുന്ന കൊൽക്കത്തയ്ക്ക് സീസണിൽ തുടർച്ചയായ മൂന്നാം ജയമാണിത്. 9 മത്സരങ്ങളിൽനിന്ന് 7 പോയിന്റുമായി കൊൽക്കത്ത എട്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമായ ഹൈദരാബാദ്, 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.

മറുപടി ബാറ്റിങിൽ, പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ ഫിൻ അലൻ (13 പന്തിൽ 29) മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്കു നൽകിയത്. രണ്ടു സിക്സും മൂന്നു ഫോറുമാണ് അലന്റെ ബാറ്റിൽനിന്നു പിറന്നത്. നാലാം ഓവറിൽ പാറ്റ് കമ്മിൻ അലനെ ഹെൻറിച്ച് ക്ലാസന്റെ കൈകളിൽ എത്തിക്കുമ്പോൾ കൊൽക്കത്ത സ്കോർ 49ൽ എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച രഹാനെ– രഘുവംശി സഖ്യം ഒട്ടും ‘ധൃതി’ കാട്ടാതെ ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയി.

ഇരുവരും ചേർന്ന് 66 പന്തിൽ 84 റൺസാണ് കൂട്ടിച്ചേർത്തത്. രഘുവംശിയുടെ ബാറ്റിൽനിന്ന് രണ്ടു സിക്സും അഞ്ച് ഫോറും പിറന്നപ്പോൾ ഒരു സിക്സും നാലും ഫോറും മാത്രമാണ് രഹാനെ അടിച്ചത്. 15–ാം ഓവറിൽ രഹാനെയും 17–ാം ഓവറിൽ രഘുവംശിയുടെ വീഴുമ്പോൾ കൊൽക്കത്ത ഏറെക്കുറെ വിജയത്തിനടുത്ത് എത്തിയിരുന്നു. പിന്നീട് റിങ്കു സിങ് (11 പന്തിൽ 22*), കാമറൂൺ ഗ്രീൻ (3 പന്തിൽ 3*) എന്നിവർ ചേർന്ന് കൊൽക്കത്തയെ വിജയത്തിലെത്തിക്കുകയായിരുന്നു.

∙ തുടക്കം മിന്നി, പിന്നെ പാളിടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ഓപ്പണർ ട്രാവിസ് ഹെഡ് (28 പന്തിൽ 61) മികച്ച തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ തന്നെ അഭിഷേക് ശർമയെ (10 പന്തിൽ 15) നഷ്ടമായെങ്കിലും ഇഷാൻ കിഷനെ (29 പന്തിൽ 42) കൂട്ടുപിടിച്ച് ഹെഡ് ഹൈദരാബാദിന്റെ സ്കോർ ഉയർത്തി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 71 എന്ന നിലയിലായിരുന്നു അവർ. ഒൻപതാം ഓവറിൽ സ്കോർ 100 കടന്നു.

എന്നാൽ അതേ ഓവറിൽ ഹെഡിനെ വരുൺ ചക്രവർത്തി വീഴ്ത്തിയതോടെയാണ് ഹൈദരാബാദിനെ തകർച്ച ആരംഭിക്കുന്നത്. 1ന് 105 എന്ന നിലയിൽനിന്ന് 60 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർ ഓൾഔട്ടായി. ഇഷാൻ കിഷൻ നടത്തിയ ചെറിയ ചെറുത്തുനിൽപ്പാണ് സ്കോർ 150 കടത്തിയത്. ഹെൻറിച്ച് ക്ലാസൻ (11), പാറ്റ് കമ്മിൻസ് (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. വരുൺ ചക്രവർത്തി മൂന്നു വിക്കറ്റും സുനിൽ നരെയ്ൻ, കാർത്തിക് ത്യാഗി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. വൈഭവ് അറോറ, കാമറൂൺ ഗ്രീൻ, അനുകൂൽ റോയ് എന്നിവർക്ക് ഓരോ വിക്കറ്റ്.

English Summary:

IPL 2026: Sunrisers Hyderabad vs Kolkata Knight Riders, Live Score

Read Entire Article